ജൂലൈയിലും നിരാശ; കേരളത്തില്‍ വിറ്റുപോയത് 55,000 വാഹനങ്ങള്‍ മാത്രം

വില്‍പന മാന്ദ്യത്തില്‍ നിന്ന് കേരളത്തിന്റെ റീട്ടെയ്ല്‍ വാഹന വിപണിക്ക് ജൂലൈയിലും കരകയറാനായില്ല. എല്ലാ വിഭാഗം ശ്രേണികളിലുമായി 54,753 വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയതെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ജൂണില്‍ 57,599 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.

ടൂവീലര്‍ വില്‍പന 38,054ല്‍ നിന്ന് 34,791ലേക്കും കാര്‍ വില്‍പന 14,344ല്‍ നിന്ന് 13,839ലേക്കും കുറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിന് ശേഷം തളര്‍ച്ചയുടെ പാതയിലാണ് വിപണി. മാര്‍ച്ചില്‍ 50,610 ടൂവീലറുകളും 24,346 കാറുകളും വിറ്റഴിഞ്ഞിരുന്നു.
വൈദ്യുത വാഹനങ്ങള്‍ക്കും ക്ഷീണം
ഉത്പാദനച്ചെലവേറിയത് ചൂണ്ടിക്കാട്ടി മോഡലുകള്‍ക്ക് വിവിധ കമ്പനികള്‍ വില ഉയര്‍ത്തിയത് വില്‍പനയെ ബാധിച്ചിട്ടുണ്ട്. പുറമേ, വൈദ്യുത വാഹന വില്‍പനയിലുണ്ടായ ഇടിവും വിപണിയെ മൊത്തത്തില്‍ ബാധിക്കുന്നുണ്ട്. മേയില്‍ എല്ലാ ശ്രേണികളിലുമായി കേരളത്തില്‍ 8,643 വൈദ്യുത വാഹനങ്ങള്‍ വിറ്റഴിഞ്ഞിരുന്നു. ജൂണില്‍ ഇത് 5,178ലേക്കും കഴിഞ്ഞമാസം 5,120ലേക്കും കുറഞ്ഞു.
ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം-2/FAME-2) പ്രകാരമുള്ള സബ്‌സിഡി കേന്ദ്രം ജൂണ്‍ മുതല്‍ വെട്ടിക്കുറച്ചിരുന്നു. 40 ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്കാണ് കുറച്ചത്. ഇത് ചില വൈദ്യുത വാഹനങ്ങള്‍ക്ക് വില കൂടാന്‍ വഴിയൊരുക്കിയിരുന്നു.
മേയില്‍ കേരളത്തില്‍ ഏഥര്‍ എനര്‍ജി 2,170 വൈദ്യുത സ്‌കൂട്ടറുകള്‍ വിറ്റഴിച്ചത് ജൂണില്‍ 625ലേക്ക് കുറഞ്ഞിരുന്നു. ജൂലൈയിലെ വില്‍പന 790 എണ്ണമാണെന്ന് പരിവാഹന്‍ കണക്ക് വ്യക്തമാക്കുന്നു. ഓലയുടെ വില്‍പന മേയിലെ 2,619ല്‍ നിന്ന് ജൂണില്‍ 1,899ലേക്കും ജൂലൈയില്‍ 1,800ലേക്കും താഴ്ന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it