Begin typing your search above and press return to search.
വാഹനം ഏത് ആര്‍.ടി.ഒയിലും രജിസ്റ്റര്‍ ചെയ്യാം; മോട്ടോര്‍ വാഹന നിയമങ്ങളില്‍ മാറ്റം വരുന്നു
സംസ്ഥാനത്തെ ഏത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും (ആര്‍.ടി.ഒ) വാഹനം രജിസ്റ്റര്‍ ചെയ്യാനാകും വിധം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് റിപ്പോര്‍ട്ട്. ഉടമ താമസിക്കുന്ന പരിധിയിലുള്ള ആര്‍.ടി.ഒയില്‍ മാത്രമേ നിലവില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ ഭേദഗതി നിര്‍ദേശം നടപ്പായാല്‍ വാഹന ഉടമക്ക് അനുയോജ്യമായ രജിസ്‌ട്രേഷന്‍ നമ്പര്‍ സീരീസ് തിരഞ്ഞെടുക്കാനും സാധിക്കും. തൊഴില്‍, ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ഇടയ്ക്കിടയ്ക്ക് സ്ഥലം മാറുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ നീക്കം. രജിസ്‌ട്രേഷന്‍ നടപടികളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
നിലവിലുണ്ടായിരുന്ന നിയമം ഇങ്ങനെ
1988ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ആവശ്യമായ രേഖകള്‍ സഹിതം ഉടമയുടെ വീട് സ്ഥിതി ചെയ്യുന്നതോ, ബിസിനസ് നടത്തുന്നതോ, വാഹനം സാധാരണ സൂക്ഷിക്കുന്നതോ ആയ പ്രദേശത്തെ ആര്‍.ടി.ഒയിലാണ് രജിസ്‌ട്രേഷന് അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ട ആര്‍.ടി.ഒയില്‍ നിന്നും രജിസ്‌ട്രേഷന്‍ അനുവദിക്കും. ഇതായിരുന്നു നിലവിലെ രീതി. എന്നാല്‍ ഇനി മുതല്‍ സംസ്ഥാനത്തെ ഏത് ആര്‍.ടി.ഒയിലും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. കൂടാതെ നിലവിലുള്ള ഭാരത് സീരീസ് (ബി.എച്ച്) മാതൃകയില്‍ കേരളത്തില്‍ ഏകീകൃത രജിസ്‌ട്രേഷന്‍ സീരീസ് തുടങ്ങാനും ഇതുവഴി സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഓരോ ആര്‍.ടി.ഒയ്ക്ക് കീഴിലുമുള്ള വ്യത്യസ്തമായ രജിസ്‌ട്രേഷന്‍ സീരീസുകള്‍ക്ക് പകരം സംസ്ഥാനത്തൊട്ടാകെ ഒറ്റ രജിസ്‌ട്രേഷന്‍ സീരീസ് നിലവില്‍ വരും.
Next Story
Videos