കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്; ഇല്ലെങ്കിൽ പിഴയടക്കം കർക്കശ നടപടി

കാറുകളിലും ഇരുചക്രവാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടെയാണ് എം.വി.ഡി പുതിയ നടപടികളിലേക്ക് കടക്കുന്നത്.
ഘട്ടം 1: ബോധവൽക്കരണ കാമ്പയിൻ
ആദ്യഘട്ടമായി ഈ മാസം എം.വി.ഡിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നതാണ്. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷാ നടപടികള്‍ ഉറപ്പാക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ്
കാമ്പയിന്റെ
ലക്ഷ്യം.
ഘട്ടം 2: വാഹനം നിർത്തി മുന്നറിയിപ്പ് നല്‍കല്‍
നവംബറിൽ (അടുത്ത മാസം) എം.വി.ഡി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതാണ്. പുതിയ നിയന്ത്രണങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്ക് വാഹനം നിർത്തി മുന്നറിയിപ്പ് നൽകുന്നതിലാണ് ഈ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിയമ ലംഘനങ്ങള്‍ മൂലം വരാനിരിക്കുന്ന നടപടികൾ ഡ്രൈവർമാരെ അറിയിക്കുകയാണ് ഈ ഘട്ടത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഘട്ടം 3: പിഴയോടു കൂടിയ നിയമ നടപടികള്‍
ഡിസംബർ മുതൽ നിയമലംഘനത്തിന് പിഴ ചുമത്തും. ഒരു കുട്ടിക്ക് അപകടം നേരിട്ടാൽ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്.
കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

കുട്ടികളുടെ പ്രധാന സുരക്ഷാ ചട്ടങ്ങൾ ഇവയാണ്

1. 4 വയസ്സിന് താഴെയുള്ള കുട്ടികൾ: കാറിന്റെ പിൻസീറ്റിൽ നിർബന്ധമായും ചൈൽഡ് റെസ്‌ട്രെയ്ൻറ് സിസ്റ്റം (സി.ആർ.എസ്) ഇൻസ്റ്റാൾ ചെയ്തിരിക്കണം. കുട്ടികള്‍ക്ക് പ്രത്യേക തരം സി.ആര്‍.എസ് സംവിധാനമാണ് ഒരുക്കേണ്ടത്. പ്രായത്തിന് അനുയോജ്യമായ തരത്തില്‍ ഈ സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്.
2. 4 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ: 4 വയസ്സിന് മുകളിലും എന്നാൽ 14 വയസ്സിന് താഴെയുമുളള കുട്ടികളെ സുരക്ഷാ ബെൽറ്റ് ബന്ധിപ്പിച്ച് ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ ഇരുത്തണം. പിൻസീറ്റിലും ഇത് നടപ്പാക്കേണ്ടതുണ്ട്. 4 അടിയില്‍ (135 സെന്റീമീറ്റര്‍) താഴെ ഉയരമുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ ഇരുത്തേണ്ടത്.
3. ഉചിതമായ സുരക്ഷാ സംവിധാനം തിരഞ്ഞെടുക്കൽ: കുട്ടികളുടെ സി.ആർ.എസ് സംവിധാനവും ചൈൽഡ് ബൂസ്റ്റർ കുഷ്യനും തിരഞ്ഞെടുക്കേണ്ടത് കുട്ടിയുടെ വലുപ്പത്തെയും ഉയരത്തെയും ആശ്രയിച്ചാണ്. കുട്ടികളുടെ സുരക്ഷ ഡ്രൈറുടെ ഉത്തരവാദിത്തം.

ഇരുചക്രവാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ

1. ഹെൽമറ്റ് നിർബന്ധം: ഇരുചക്രവാഹനങ്ങളില്‍ 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാണ്.
2. സേഫ്റ്റി ബെൽറ്റ് ഹാർനെസ്: കുട്ടിയെ വണ്ടി ഓടിക്കുന്ന രക്ഷിതാവിനോട് സുരക്ഷിതമായി ചേര്‍ക്കുന്ന ഒരു സേഫ്റ്റി ബെൽറ്റ് ഹാർനെസ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിർബന്ധമല്ല. എന്നാല്‍ കുട്ടികള്‍ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോള്‍ ഉറങ്ങാൻ സാധ്യതയുളളതിനാലാണ് ഈ സംവിധാനം ശുപാര്‍ശ ചെയ്യുന്നത്.

കുട്ടികൾക്ക് റോഡ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിബന്ധനകൾ വാഹനം ഓടിക്കുന്നവർ പാലിക്കണമെന്നും എം.വി.ഡി അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Videos
Share it