ഉത്സവവിപണിയുടെ ആദ്യ സൂചന നല്‍കി ഓണം; വാഹന വില്‍പന 30% വരെ ഉയര്‍ന്നു, വെയ്റ്റിംഗ് പീരിയഡ് കൂടുന്നു

ഓണക്കാലത്ത് കമ്പനികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഷോറൂമുകളില്‍ നിന്നുള്ള വാഹനങ്ങള്‍ കേരളത്തിലെത്തിച്ചിരുന്നു. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വില്പന കാരണമാണിത്
ഉത്സവവിപണിയുടെ ആദ്യ സൂചന നല്‍കി ഓണം; വാഹന വില്‍പന 30% വരെ ഉയര്‍ന്നു, വെയ്റ്റിംഗ് പീരിയഡ് കൂടുന്നു
Published on

രാജ്യത്ത് ഉത്സവകാല സീസണിന് തുടക്കമായതോടെ വാഹന വിപണി ടോപ് ഗിയറില്‍. ജിഎസ്ടി പരിഷ്‌കരണത്തിനുശേഷം വാഹനവില കുറഞ്ഞതും കഴിഞ്ഞ സീസണില്‍ കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട വിളവ് ലഭിച്ചതും വാഹന വില്പനയ്ക്ക് ഊര്‍ജ്ജമായി. ഗ്രാമീണ, നഗര വ്യത്യാസമില്ലാതെ വാഹന വിപണി ഉഷാറാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വില്പന കുതിച്ചുയര്‍ന്നതോടെ പല കമ്പനികളുടെയും വെയ്റ്റിംഗ് പീരിഡ് വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍ ഇത്തവണ ഓണം വില്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20-30 ശതമാനം ആണ് വര്‍ധന. സമീപകാലത്തെ ഉയര്‍ന്ന വില്പനയ്ക്കാണ് ഓണവിപണി സാക്ഷ്യംവഹിച്ചതെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു. മാരുതി സുസൂക്കി മുതല്‍ ടാറ്റ മോട്ടോഴ്‌സ് വരെ ഓഫറുകളുമായി ഓണക്കാലത്ത് സജീവമായിരുന്നു.

ഓണവില്പന പൊടിപൊടിച്ചു

ദേശീയതലത്തില്‍ ഉത്സവകാലത്തിന് തുടക്കം കുറിക്കുന്നത് ഓണത്തോടെയാണ്. വിപണിയുടെ പോക്ക് എങ്ങോട്ടാണെന്നതിന്റെ സൂചന ഓണ വില്പനയിലൂടെ ലഭിക്കുമെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ വ്യക്തമാക്കി. ഓണ വില്പന പ്രതീക്ഷിച്ചതിലും ഉയര്‍ന്നതോടെ കാര്‍ നിര്‍മാതാക്കള്‍ ആവേശത്തിലാണ്. അതേസമയം, കമ്പനികള്‍ ഓണക്കാല വില്പന കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നിലവില്‍ ഡീലര്‍മാരുടെ കൈവശം ഒരു മാസത്തേക്കുള്ള സ്റ്റോക്ക് ഉണ്ടെങ്കിലും, ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പ്രത്യേക മോഡലുകള്‍, ഇവികളുടെ ബാറ്ററി പായ്ക്കുകള്‍, വേരിയന്റുകള്‍ എന്നിവയുടെ ലഭ്യതക്കുറവുണ്ട്. പാസഞ്ചര്‍ വെഹിക്കിള്‍ മേഖലയില്‍ ഏകദേശം നാല് ആഴ്ചത്തെയും, ഇരുചക്ര വാഹന മേഖലയില്‍ നാല് മുതല്‍ അഞ്ച് ആഴ്ചത്തെയും സ്റ്റോക്ക് ആണ് ഡീലര്‍മാരുടെ കൈവശമുള്ളത്. ഓണക്കാലത്ത് കമ്പനികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഷോറൂമുകളില്‍ നിന്നുള്ള വാഹനങ്ങള്‍ കേരളത്തിലെത്തിച്ചിരുന്നു. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വില്പന കാരണമാണിത്.

വെയ്റ്റിംഗ് പീരിഡ് കൂടും

കേരളത്തിലെ പ്രധാന സീസണ്‍ ഓണമാണ്. അതുകൊണ്ട് തന്നെ വരും മാസങ്ങളില്‍ കേരളത്തില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്താല്‍ ലഭിക്കാനുള്ള വെയ്റ്റിംഗ് പീരിഡ് കൂടുമെന്നാണ് വിതരണക്കാരും പറയുന്നത്. 30 മുതല്‍ 45 ദിവസം വരെയാണ് ഇപ്പോള്‍ ഹ്യുണ്ടായ് മോഡലുകളുടെ വെയ്റ്റിംഗ് പീരിഡ്. ഇത് ഇനിയും ഉയരാനാണ് സാധ്യതയെന്ന് പോപ്പുലര്‍ ഹ്യൂണ്ടായ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ബി. ബിജു ധനംഓണ്‍ലൈനോട് പറഞ്ഞു.

കാര്‍ നിര്‍മാതക്കളുടെ ശ്രദ്ധ ഇനി ഉത്തരേന്ത്യന്‍ കാര്‍ നിര്‍മാതാക്കളുടെ ശ്രദ്ധ ഇനി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലേക്കാകും. അതിനാല്‍ വെയ്റ്റിംഗ് പീരിഡ് കൂടുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളുടെ നിര്‍മാണ യൂണിറ്റുകളില്‍ വേണ്ടത്ര വാഹനങ്ങള്‍ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഒരു വര്‍ഷം മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി.

ജിഎസ്ടി പരിഷ്‌കരണവും സ്‌ക്രാപ്പ് പോളിസിയും വാഹന വിപണിക്ക് വലിയ ഉത്തേജനം നല്കിയെന്ന് ബി. ബിജു വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം കാര്‍ വിപണി റെക്കോഡ് പ്രകടനം കാഴ്ച്ചവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ കാറുകള്‍ പൊളിക്കാന്‍ കൊടുത്ത് പുതിയത് വാങ്ങുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നുണ്ട്. ഇത് വരും വര്‍ഷങ്ങളില്‍ വില്പനയില്‍ സ്ഥിരത കൈവരിക്കാന്‍ ഇടയാക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ഇവി, സിഎന്‍ജി കുതിപ്പ്

ഇലക്ട്രിക്, സി.എന്‍.ജി പാസഞ്ചര്‍ വാഹനങ്ങളുടെ ബുക്കിംഗും അന്വേഷണങ്ങളും 30 ശതമാനത്തിലധികം വര്‍ധിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗതയിലാണ് ഇവയുടെ വളര്‍ച്ച. ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ 30-40 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

പുതിയ മോഡലുകളുടെ കടന്നുവരവും ഇ-20 ഇന്ധനത്തോടുള്ള വിപണിയുടെ ഭയവും ഈ കുതിപ്പിന് കാരണമാകുന്നുവെന്ന് യെസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാറ്റ മോട്ടോഴ്സിന്റെ പ്രധാന മോഡലുകള്‍ക്ക് 15 വര്‍ഷത്തെ ബാറ്ററി വാറന്റി ഇവികളെ സാധാരണക്കാരിലേക്കും എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.

Onam vehicle sales in Kerala rose 20–30% year-on-year, signalling a strong start to India’s festive auto season and longer waiting periods for select models

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com