

രാജ്യത്തെ കാര്‍ നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും ആവേശം പകരുന്ന സീസണ്‍ ആണ് ഓണക്കാലം. കേരള വിപണിയില്‍ ഏറ്റവും കൂടുതല്‍ കാര്‍ വില്പന നടക്കുന്ന മാസങ്ങളിലൊന്ന് കൂടിയാണിത്. ഇത്തവണയും ടോപ് ഗിയറിലാണ് കാര്‍ വിപണി. ജിഎസ്ടി 2.0യില്‍ നികുതികള്‍ കുറഞ്ഞതിനൊപ്പം കമ്പനികളുടെ ഉത്സവകാല ഓഫറുകളും ചേര്‍ന്നതോടെ വലിയ വിലക്കുറവാണ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. പഴയ വാഹനങ്ങള്‍ മാറ്റിയെടുക്കാന്‍ എക്‌സ്‌ചേഞ്ച് ബോണസുകളും കൂടുതലായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റില്‍ 45,000ത്തോളം കാറുകള്‍ കേരള വിപണിയില്‍ വിറ്റഴിക്കപ്പെടുമെന്നാണ് പൊതു വിലയിരുത്തല്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാര്‍ വില്പനയില്‍ 40-50 ശതമാനം വര്‍ധനയാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതുവരെ മികച്ച ബുക്കിംഗാണ് ഉള്ളതെന്ന് കമ്പനികള്‍ ഒരേസ്വരത്തില്‍ പറയുന്നു. വിലക്കുറവിനൊപ്പം വാഹന നിര്‍മാതാക്കളും ഡീലര്‍മാരും ഓണത്തോടനുബന്ധിച്ച് കാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ഇന്‍ഷുറന്‍സ് ആനുകൂല്യം, കോര്‍പ്പറേറ്റ് ഓഫര്‍ തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓണസീസണിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി ജിഎസ്ടിയിലെ പരിഷ്‌കാരം പ്രഖ്യാപിക്കുന്നത്. വിപണിക്ക് ദീര്‍ഘകാലടിസ്ഥാനത്തില്‍ ജിഎസ്ടി ഘടന മാറ്റം നേട്ടം സമ്മാനിച്ചെങ്കിലും കഴിഞ്ഞ ഓണത്തിന് വില്പന ഇടിയാന്‍ ഇതു കാരണമായിരുന്നു. ജിഎസ്ടി പരിഷ്‌കരണത്തിന്റെ നേട്ടം സ്വന്തമാക്കാന്‍ പലരും ബുക്കിംഗ് നീട്ടിവച്ചതാണ് കഴിഞ്ഞ ഓണക്കാലത്ത് വില്പന താഴാന്‍ ഇടയാക്കിയത്.
ഇത്തവണ കേരളത്തിലെ കാര്‍ വില്പനയില്‍ ചരിത്രം കുറിക്കുമെന്നാണ് മുന്‍നിര കമ്പനികളെല്ലാം വ്യക്തമാക്കുന്നത്. ബുക്കിംഗുകളില്‍ വലിയ ആവേശമാണ് പ്രകടമാകുന്നത്. ഈ മാസം ഇതുവരെ 1,000 ബുക്കിംഗുകള്‍ പിന്നിട്ടതായി പോപ്പുലര്‍ ഹ്യൂണ്ടായ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ബി. ബിജു ധനംഓണ്‍ലൈനോട് പറഞ്ഞു. 1,500ന് മുകളില്‍ കാറുകള്‍ വില്ക്കാനാണ് ലക്ഷ്യമിടുന്നത്.
ഇപ്പോഴത്തെ നിലയില്‍ ഈ ലക്ഷ്യം അനായാസം മറികടക്കാന്‍ സാധിക്കും. കസ്റ്റമേഴ്‌സിനായി എക്‌സ്‌ചേഞ്ച്, അപ്‌ഗ്രേഡ് ബോണസുകള്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലര്‍ ഹ്യൂണ്ടായിയുടെ ഒരു മാസത്തെ റെക്കോഡ് 2018ലെ 1,300 യൂണിറ്റുകളാണ്. ഇത്തവണ ആ റെക്കോഡ് മറികടക്കുമെന്നും ബി. ബിജു കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തിലെ വാഹനമേഖല ശരിയായ ദിശയിലാണ് വളരുന്നതെന്ന് ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പറഞ്ഞു. ചിങ്ങം ഒന്നിന് കമ്പനി കേരളത്തില്‍ ഒരേസമയം 500 കിയ വാഹനങ്ങളാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. സിറോസ് ഇവിക്കും വലിയ ഡിമാന്‍ഡാണ് ലഭിക്കുന്നതെന്ന് നയീം ഷാഹുല്‍ വ്യക്തമാക്കി. കൂടുതല്‍ അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങള്‍ ആരംഭിച്ചതും ഇവിയുടെ വില്പന കുതിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഓണവിപണി രാജ്യത്തെ ഉത്സവസീസണിന് മുന്നോടിയായി ഉപഭോക്താക്കളുടെ പള്‍സ് അളക്കാന്‍ സഹായിക്കുന്ന സമയമാണെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു. ഓണത്തിന് സിയറ ജൂബിലി എഡിഷന്‍, നെക്സോണ്‍ ക്യാമോ എഡിഷന്‍, പഞ്ച് എച്ച്.ബി.എക്സ് പാക്ക് എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക പതിപ്പുകള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്.
എസ്യുവികള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയില്‍ 2.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും ഓണം ബുക്കിംഗുകള്‍ക്ക് മുന്‍ഗണന ഡെലിവറിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍, കുറഞ്ഞ ഇഎംഐ തുടങ്ങിയവയിലൂടെ കേരള വിപണിയില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാണ് ടാറ്റയുടെ പ്ലാന്‍.
മാരുതി സുസുക്കി കാറുകള്‍ക്ക് ഈ ഓണക്കാലത്ത് 1.75 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി നല്കുന്നത്. വിവിധ മോഡലുകള്‍ക്ക് പ്രത്യേക കാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, സ്വര്‍ണ നാണയ ഓഫറുകള്‍, കുറഞ്ഞ ഡൗണ്‍പേയ്‌മെന്റ് എന്നിവയും ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാണ്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആകര്‍ഷക പലിശനിരക്കുകളും ദീര്‍ഘകാല തിരിച്ചടവ് സൗകര്യങ്ങളും അവതരിപ്പിക്കുന്നത് കാര്‍ വാങ്ങുന്നവര്‍ക്ക് സഹായകമാകുന്നു. കുറഞ്ഞ ഡൗണ്‍ പേയ്മെന്റും കൂടുതല്‍ തിരിച്ചടവ് കാലാവധിയും പ്രതിമാസ ഇഎംഐ കുറയ്ക്കുന്നതിനാല്‍ മധ്യവര്‍ഗത്തെ കൂടുതലായി കാര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു.
കേരളത്തില്‍ ഓണക്കാലത്ത് ചെലവഴിക്കല്‍ പൊതുവെ ഉയരുന്നതും വാഹന വിപണിക്ക് ഗുണകരമാണ്. പ്രവാസി പണം ഉള്‍പ്പെടെയുള്ള വരുമാന സ്രോതസുകളില്‍ നിന്നുള്ള പണപ്രവാഹവും ബോണസ്, ഉത്സവകാല ആനുകൂല്യങ്ങള്‍ തുടങ്ങിയവയും വലിയ വാങ്ങലുകള്‍ക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
കാര്‍ വില്‍പന വര്‍ധിക്കുന്നത് വാഹന നിര്‍മാതാക്കളെയും ഡീലര്‍മാരെയും മാത്രമല്ല, വാഹന വായ്പ, ഇന്‍ഷുറന്‍സ്, ആക്സസറീസ്, സര്‍വീസ് തുടങ്ങി ഓട്ടോമൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട മറ്റ് ബിസിനസുകള്‍ക്കും ഗുണകരമാകും.
Read DhanamOnline in English
Subscribe to Dhanam Magazine