രജിസ്റ്റര്‍ നമ്പറിലും താരമായി കേരളത്തിലെ ആദ്യ ജീപ്പ് റാംഗ്‌ളര്‍ റൂബികോണ്‍
വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ജീപ്പ് റാംഗ്‌ളര്‍ റൂബികോണ്‍ ആദ്യമായി കേരളത്തിലെത്തിയിട്ട് ആഴ്ചകളായതേയുള്ളൂ. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഈ വാഹനം. റെക്കോര്‍ഡ് തുക നല്‍കി രജിസ്റ്റര്‍ നമ്പര്‍ നേടിയതാണ് തൃശൂരിലെ സംരംഭകനായ ഡോ പ്രവീണ്‍ റാണയുടെ ഈ വാഹനത്തെ വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. കെ എല്‍ 08 ബിഡബ്ല്യു 1 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാനായി 6.25 ലക്ഷം രൂപയാണ് അദ്ദേഹം മുടക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്രയും തുക മുടക്കി ജീപ്പ് കാറ്റഗറിയില്‍ പെട്ട ഒരു വാഹനം നമ്പര്‍ സ്വന്തമാക്കുന്നത്. അതാകട്ടെ സ്വദേശത്തും വിദേശത്തുമുള്ള വമ്പന്‍ ബിസിനസുകാരുമായി മത്സരിച്ച് നേടിയതും.
കേരളത്തില്‍ ഇതു വരെ ഇറങ്ങിയ മൂന്ന് റാംഗ്‌ളര്‍ റൂബികോണില്‍ ആദ്യത്തേതാണ് തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോംഗ് ബിസിനസ് കണ്‍സള്‍ട്ടന്റ്‌സ് എംഡി ഡോ. പ്രവീണ്‍ റാണയുടേത്. രണ്ടാം ബാച്ചില്‍ വെറും ഇരുപത് റാംഗ്ലര്‍ റുബിക്കണ്‍ മാത്രമാണ് ഇന്ത്യയിലെ റോഡുകളില്‍ (ഓഫ് റോഡുകളിലും) എത്തിയത്. അതിലൊന്നാണ് സിനിമാ നിര്‍മാതാവും സംവിധായകനും നടനും കൂടിയായ ഡോ പ്രവീണ്‍ റാണ സ്വന്തമാക്കിയത്.
68.94 ലക്ഷം രൂപ വിലയുള്ള ജീപ്പ് റാംഗ്‌ളര്‍ റുബികോണ്‍ ഇന്ത്യയില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായാണ് അറിയപ്പെടുന്നത്. 268 ബിഎച്ച്പി കരുത്തില്‍ 400 എന്‍ എം ടോര്‍കിന് ശേഷിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റുബിക്കോണിന്റെ 8-സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിന്‍ബലം. റുബിക്കോണിന് 217 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിലൂടെ ലഭിക്കുന്ന വലിയ അപ്രോച്ച്, ബ്രേക്ക് ഓവര്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ ആംഗ്ള്‍സ്, പുതിയ ബ്ലാക്ക് ഫെന്‍ഡര്‍ ഫ്‌ളായേഴ്‌സ്, ഹുഡ് ലൈറ്റുകള്‍ എന്നിവയാണ് 2020 മോഡലിന്റെ മറ്റു സവിശേഷതകള്‍. ഇലക്ട്രോണിക് സ്വേ-ബാറിന്റെ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ റാംഗ്ലര്‍ റുബിക്കോണിന്റെ ഓഫ് റോഡിംഗ് മികവുകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം റാംഗ്ലര്‍ മോഡലുകള്‍ക്ക് പൊതുവിലുള്ള നീക്കാവുന്ന ഹാര്‍ഡ്-റൂഫും എളുപ്പത്തില്‍ അഴിച്ചെടുക്കാനും തിരിച്ചുറപ്പിയ്ക്കാനും കഴിയുന്ന ഡോറുകളുമുണ്ട്. 17 ഇഞ്ച് അലോയ് വീലുകളും ഈ മോഡലിന്റെ സേഫ്റ്റിയെ അസാധാരണമാക്കുന്നു.