പോയവര്‍ഷം വാഹന രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പുമായി കേരളം
പുത്തന്‍ വാഹനങ്ങള്‍ വളരെ വേഗത്തിലാണ് കേരളത്തിലെ നിരത്തുകള്‍ കീഴടക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോയവര്‍ഷം വാഹന രജിസ്‌ട്രേഷനില്‍ മികച്ച മുന്നോറ്റമുണ്ടായി. ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിലും വലിയ മുന്നേറ്റമുള്ളതായി സര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
രജിസ്റ്റര്‍ ചെയ്തത്
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏഴ് ലക്ഷത്തിലേറെ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 7,83,719 വാഹനങ്ങള്‍. 2021 ല്‍ ഇത് 7,65,596 ആയിരുന്നു. 2 ശതമാനം വര്‍ധനവാണ് 2022 ല്‍ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷനില്‍ ഉണ്ടായത്. 2023 ആരംഭിച്ച് ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 79,098 വാഹനങ്ങളാണ്. ഇത്തരത്തില്‍ കേരളത്തില്‍ മൊത്തം 1,65,19,624 വാഹനങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹന രജിസ്‌ട്രേഷനില്‍ സംസ്ഥാനത്ത് മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരമാണ്. പിന്നാലെ കോഴിക്കോട്, എറണാകുളം, തൃശൂര്‍, കൊല്ലം എന്നീ ജില്ലകളുണ്ട്.
സ്വന്തമാക്കാനുള്ള ഭ്രമം
കേരളത്തില്‍ ഇന്ന് 80 ശതമാനം പേര്‍ക്കും സ്വന്തമായി വാഹനമുണ്ട്. ഇതില്‍ തന്നെ 60 ശതമാനം പേര്‍ക്കും ഒന്നിലേറെ വാഹനങ്ങളുണ്ട്. പുത്തന്‍ വാഹനങ്ങല്‍ നിരത്തിലിറങ്ങുമ്പോള്‍ തന്നെ അവ എത്രയും വേഗത്തില്‍ സ്വന്തമാക്കാനുള്ള ഭ്രമം പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്നുണ്ടെന്ന് ആലുവ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷെഫീക്ക് ബി പറഞ്ഞു.
പഴയ വാഹനങ്ങള്‍ വില്‍ക്കാന്‍ പോലും നില്‍ക്കാതെയാണ് പലരും പുത്തന്‍ വാഹനങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നത്. ഒരു വാഹനം വിപണിയില്‍ ഇറങ്ങിയാല്‍ അത് എന്ത് ആവശ്യത്തിനാണ് ഉപകരിക്കുന്നത് അല്ലെങ്കില്‍ എന്ത് ഉദ്ദേശം കണക്കിലെടുത്താണ് കമ്പനി ഈ മോഡല്‍ ഇറങ്ങിയതെന്ന് പോലും ചിന്തിക്കാതെയാണ് പലരും ഇന്ന് വാഹനങ്ങള്‍ വാങ്ങുന്നത്. അത്രമേല്‍ ഭ്രമമാണ് ഇന്ന് ആളുകള്‍ക്ക് വാഹനങ്ങളോടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുമാനവും ഉയര്‍ന്നു തന്നെ
വരുമാനത്തിന്റെ കാര്യത്തില്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2022 ല്‍ 4700 കോടി രൂപായാണ് ഇതില്‍ നിന്നും കേരളത്തിന് ലഭിച്ചത്. 2021 ല്‍ ഇത് 3600 കോടി രൂപായായിരുന്നു. പോയവര്‍ഷം വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ലയും. പിന്നാലെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളുണ്ട്.
രാജ്യത്തുടനീളം പ്രിയമേറുന്നു
ആഡംബര കാറുകളോടുള്ള പ്രിയം യുവാക്കള്‍ക്കിടയില്‍ ഏറിവരികയാണെന്ന് അടുത്തിടെ വന്ന സ്പിന്നി മാക്സ് റിപ്പോര്‍ട്ട് പറയന്നു. ആഡംബര കാറുകളോടുള്ള ഭ്രമം, ഇടയ്ക്കിടെ എത്തുന്ന പുതിയ മോഡലുകള്‍, വായ്പ സൗകര്യങ്ങള്‍ എന്നിവയെല്ലാം യുവ ഉപഭോക്താക്കളെ ഇത്തരം വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്ത് 2022 ല്‍ വാഹന രജിസ്‌ട്രേഷന്‍ മൊത്തം 14 ശതമാനം ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നു.