വാഹന വില്‍പനയ്ക്ക് ദേശീയതലത്തില്‍ മികച്ച കുതിപ്പ്; കേരളത്തില്‍ വലിയ കിതപ്പ്

കഴിഞ്ഞമാസം റീറ്റെയ്ല്‍ വാഹന വില്‍പന ദേശീയതലത്തില്‍ 13 ശതമാനത്തിലധികം കുതിച്ചപ്പോള്‍ കേരള വിപണി രേഖപ്പെടുത്തിയത് 4 ശതമാനത്തിലധികം ഇടിവ്. 2023 ഫെബ്രുവരിയില്‍ എല്ലാവിഭാഗം ശ്രേണികളിലുമായി കേരളത്തില്‍ 49,446 പുത്തന്‍ വാഹനങ്ങള്‍ വിറ്റഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞമാസം പക്ഷേ, ഇത് 4.29 ശതമാനം താഴ്ന്ന് 56,893 എണ്ണമായെന്ന് വാഹന വിതരണക്കാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സിന്റെ (FADA) കണക്ക് വ്യക്തമാക്കി.
ഫെബ്രുവരിയില്‍ കേരളത്തില്‍ ത്രീവീലറുകളും വാണിജ്യവാഹനങ്ങളും മാത്രമേ വില്‍പന വളര്‍ച്ച നേടിയുള്ളൂ. ത്രീവീലര്‍ വില്‍പന 2,448 എണ്ണത്തില്‍ നിന്ന് 2.45 ശതമാനം വര്‍ധിച്ച് 2,508 എണ്ണത്തിലെത്തി. വാണിജ്യവാഹന വില്‍പന 2,217ല്‍ നിന്ന് 2,401 എണ്ണമായി മെച്ചപ്പെട്ടു; വളര്‍ച്ച 8.30 ശതമാനം.
കാര്‍ വില്‍പന 9 ശതമാനത്തിലേറെ ഇടിഞ്ഞു
കഴിഞ്ഞമാസം കേരളത്തില്‍ പുതുതായി നിരത്തിലിറങ്ങിയത് 13,333 പാസഞ്ചര്‍ വാഹനങ്ങളാണ്; അതായത് കാര്‍, എസ്.യു.വി., വാന്‍ എന്നിവ. 2023 ഫെബ്രുവരിയില്‍ 14,658 ആയിരുന്നു വില്‍പന. ഇക്കുറി ഇടിവ് 9.04 ശതമാനം.
ടൂവീലര്‍ വില്‍പന 39,992ല്‍ നിന്ന് 3.49 ശതമാനം താഴ്ന്ന് 38,595 എണ്ണമായി. ട്രാക്ടറുകളുടെ വില്‍പന 131 എണ്ണത്തില്‍ നിന്ന് 56 എണ്ണമായും ഇടിഞ്ഞു; തളര്‍ച്ച 57.25 ശതമാനം.
ദേശീയതലത്തില്‍ ഉണര്‍വ്
ദേശീയതലത്തില്‍ കഴിഞ്ഞമാസം എല്ലാ ശ്രേണികളിലുമായി 20.29 ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തി. 2023 ഫെബ്രുവരിയിലെ 17.94 ലക്ഷം യൂണിറ്റുകളേക്കാള്‍ 13.07 ശതമാനമാണ് വര്‍ധന.
എല്ലാ ശ്രേണികളും കഴിഞ്ഞമാസം വില്‍പന വളര്‍ച്ച കുറിച്ചെന്ന പ്രത്യേകതയുമുണ്ട്. ടൂവീലര്‍ വില്‍പന 13.25 ശതമാനവും പാസഞ്ചര്‍ വാഹന വില്‍പന 12.36 ശതമാനവും ഉയര്‍ന്നു. 23.88 ശതമാനമാണ് ത്രീവീലറുകളുടേ നേട്ടം. വാണിജ്യവാഹനങ്ങള്‍ 4.78 ശതമാനവും ട്രാക്ടറുകള്‍ 11 ശതമാനവും വില്‍പന നേട്ടം രേഖപ്പെടുത്തി.
കിതച്ചവരും പിടിച്ചുനിന്നവരും
പ്രമുഖ കമ്പനികളെല്ലാം കേരളത്തില്‍ കഴിഞ്ഞമാസം സമ്മിശ്ര വില്‍പനയാണ് കാഴ്ചവച്ചത്. മാരുതി സുസുക്കിയുടെ റീറ്റെയ്ല്‍ വില്‍പന 7,346 യൂണിറ്റുകളില്‍ നിന്ന് 6,174 എണ്ണത്തിലേക്ക് താഴ്ന്നുവെന്ന് പരിവാഹന്‍ ഹോര്‍ട്ടലിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഹ്യുണ്ടായ്, കിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് എന്നിവയും ഇടിവാണ് രേഖപ്പെടുത്തിയത്. ടൊയോട്ട, ഹോണ്ട കാര്‍സ് എന്നിവ നേരിയ വളര്‍ച്ച രേഖപ്പെടുത്തി.
ടൂവീലറുകളില്‍ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട, യമഹ എന്നിവ വില്‍പന വളര്‍ച്ച സ്വന്തമാക്കിയപ്പോള്‍ ടി.വി.എസ്., സുസുക്കി, റോയല്‍ എന്‍ഫീല്‍ഡ് എന്നിവ തിരിച്ചടി നേരിട്ടു. വൈദ്യുത ഇരുചക്ര വാഹന (EV) ശ്രേണിയില്‍ ഏഥര്‍ എനര്‍ജിയും ഹീറോ ഇലക്ട്രിക്കും ഓലയും നേരിട്ടത് തളര്‍ച്ചയാണ്. ഏഥറിന്റെ വില്‍പന 1,650 എണ്ണത്തില്‍ നിന്ന് 1,250ലേക്കും ഹീറോയുടെ 199ല്‍ നിന്ന് നാലിലേക്കും ഓലയുടേത് 2,276ല്‍ നിന്ന് 1,641ലേക്കും താഴ്ന്നുവെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it