Carens Clavis
Carens Claviswww.kia.com/

ഏഴ് സീറ്റര്‍ ഫാമിലി കാറിന് ഇത്ര വിലക്കുറവോ? അമ്പരപ്പിച്ച് കിയ കാരന്‍സ് ക്ലാവിസ്

മാരുതിയുടെ എര്‍ട്ടിഗയേക്കാള്‍ 17 ഓളം അധിക ഫീച്ചറുകളുമായാണ് ഈ എം.പി.വി എത്തുന്നത്
Published on

വാഹന പ്രേമികള്‍ ആവശത്തോടെ കാത്തിരുന്ന ഫാമിലി കിയ കാര്‍ കാരന്‍സ് ക്ലാവിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മേയ് ഒമ്പതു മുതല്‍ ബുക്കിംഗ് ആരംഭിച്ച ക്ലാവിസ് ഏഴ് വകഭേദങ്ങളില്‍ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും എട്ട് നിറങ്ങളിലുമാണ് പുറത്തിറക്കിയിരിക്കുന്നത്. പക്ഷെ, ഞെട്ടിച്ചത് ഇവയൊന്നുമില്ല. ഒരു ഫാമിലിയെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന ഈ കാറിന്റെ വിലയാണ്. 11.49 ലക്ഷം രൂപ മുതലാണ് കിയ കാരന്‍സ് ക്ലാവിസ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഏറ്റവും ഉയര്‍ന്ന വേരിയന്റിന്റെ വില 21.49 ലക്ഷം രൂപ.

മാരുതിയുടെ ജനപ്രിയ ഫാമിലി കാറായ എര്‍ട്ടിഗയ്ക്കുള്‍പ്പെടെ പകരക്കാരാനായാണ് ക്ലാവിസ് അവതരിക്കുന്നത്. എര്‍ട്ടിഗയ്ക്ക് 8.97 ലക്ഷം മുതല്‍ 13.26 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. പനോരമിക് സണ്‍റൂഫ് അടക്കം എര്‍ട്ടിഗയേക്കാള്‍ 17 ഓളം അധിക ഫീച്ചറുകളും ക്ലാവിസ് വാഗ്ദാനം ചെയ്യുന്നു.

പ്രീമിയം പതിപ്പ്

മള്‍ട്ടി പര്‍പ്പസ് വാഹനമായ കാരന്‍സിന്റെ പ്രീമിയം പതിപ്പെന്നു വിശേഷിപ്പിക്കാവുന്ന ക്ലാവിസ് ഒട്ടേറെ വ്യത്യസ്തതകളുമായാണ് എത്തുന്നത്. കിയ കാരന്‍സിനെ ഏറ്റെടുത്ത ഉപയോക്താക്കള്‍ ഈ പ്രീമിയം വകഭേദത്തെ കൂടുതല്‍ ആവേശത്തോടെ ഏറ്റെടുക്കാന്‍ അവസരമൊരുക്കാനാണ്‌ ഏറ്റവും മത്സരാത്മക വിലയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നത്.

എച്ച്.ടി.ഇ, എച്ച്.ടി.ഇ(ഒ), എച്ച്.ടി.കെ, എച്ച്.ടി.കെ+, എച്ച്.ടി.കെ +(ഒ), എച്ച്.ടി.എക്‌സ്, എച്ച്.ടി.എക്‌സ്+ എന്നീ വേരിയന്റുകളിലാണ് കിയ കാരന്‍സ് ക്ലാവിസ് എത്തുക. നിലവിലുള്ള മോഡല്‍ ഇനി സിംഗിള്‍ വേരിയന്റ് മാത്രമായിരിക്കും ഉണ്ടാകുക.

ഐവറി സില്‍വര്‍ ഗ്ലോസ്, പ്യൂട്ടര്‍ ഒലിവ്, ഇംപീരിയല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഗ്രാവിറ്റി ഗ്രേ, സ്പാര്‍ക്ലിംഗ് സില്‍വര്‍, ക്ലിയര്‍ വൈറ്റ്, അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ എട്ട് നിറങ്ങളില്‍ ക്ലാവിസ് നിരത്തിലൊഴുകും.

എക്സ്റ്റീരിയിറിലും പ്രീമിയം ടച്ച്

കിയ കാരന്‍സിന്റെ അടിസ്ഥാന രൂപം മാറ്റിയില്ലെങ്കിലും എക്സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് ഡി.ആര്‍.എല്ലുകള്‍, പുതിയ ബ്ലാങ്ക്ഡ് ഓഫ് ഫ്രണ്ട് ബമ്പര്‍, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍, ഇരുവശത്തുമുള്ള എല്‍.ഇ.ഡി ലൈറ്റ് ബാറുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയെല്ലാം ലുക്ക് വ്യത്യസ്തമാക്കുന്നു.

ഇന്റീരിയറും മനം മയക്കും

പുറം കാഴ്ചകളേക്കാള്‍ ഉള്‍ത്തളങ്ങളാണ് കൂടുതല്‍ ആകര്‍ഷകം. ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീനും നീലയും ബീയ്ജും കലര്‍ന്ന അപ്‌ഹോള്‍സ്റ്ററി എന്നിവ ഇതിനെ കാരന്‍സില്‍ നിന്ന് വേറിട്ടു നില്‍ത്തുന്നു.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്ന 26.62 ഇഞ്ച് പനോരമിക് സ്‌ക്രീനിംഗ് എന്നിവയാണ് കൂടുതല്‍ ആകര്‍ഷകം. ലെവല്‍ 2 അഡാസ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, പവേഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.

6 എയര്‍ ബാഗുകള്‍, ഇ.എസ്.സി, റിയര്‍ സീറ്റ് ഒക്യുപ്‌മെന്റ് അലേര്‍ട്ട്, 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകള്‍ എന്നിവയും കിയ കാരന്‍സ് ക്ലാവിസിലുണ്ട്.

മൈലേജില്‍ വാഗണ്‍ ആറിനൊപ്പം

6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ കിയ കാരന്‍സ് ക്ലാവിസിന്റെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 15.95 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 7 സ്പീഡ് ഡി.സി.ടി ട്രാന്‍സ്മിഷന്‍ 16.66 കിലോമീറ്റര്‍ മൈലേജാണ് നല്‍കുക. 160 ബി.എച്ച്.പി കരുത്തും 253 എന്‍.എം ടോര്‍ക്കും ഈ എന്‍ജിന്‍. ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 15.34 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 115 ബി.എച്ച്.പി കരുത്തും 144 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ ഡീസന്‍ എന്‍ജിന്‍ 116 എച്ച്.പി.സി പവറും 250 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 17.50 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാന്‍സ്മിറ്ററില്‍ 17.50 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം. നിലവില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന മാരുതിയുടെ വാഗണ്‍ ആറിനൊപ്പമെത്തും ക്ലാവിസ് എന്നാണ് റിവ്യുകള്‍ പറയുന്നത്.

മത്സരം ഇവരോട്

ഹ്യുണ്ടായിയുടെ ക്രെറ്റ, ഹോണ്ടയുടെ എലിവേറ്റ്, എം.ജി ആസ്റ്റര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാറ, ടൊയോട്ട ഹൈറൈഡര്‍ തുടങ്ങിയവയാണ് മിഡ് സ്‌പെസിഫിക്കേഷനില്‍ വരുന്ന എതിരാളികള്‍. ടോപ് എന്‍ഡ് കാറുകളുടെ എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ ഹ്യുണ്ടായ് അല്‍കാസര്‍, എം.ജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ്.യു.വി 700 തുടങ്ങിയവയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com