കാര്‍ പ്രേമികളുടെ ഇഷ്ട മോഡല്‍, നാഴികക്കല്ല് പിന്നിട്ട് കിയ സോണറ്റ്

ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വാഹന പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ വാഹന നിര്‍മാതാക്കളാണ് ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിയ (Kia India). ഏതാനും മോഡലുകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടുള്ളൂവെങ്കിലും ഇവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ഒന്നര ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കിയയുടെ ജനപ്രിയ മോഡലായ സോണറ്റ്. മോഡല്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിനുള്ളിലാണ് 1.5 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നോട്ടം കിയ സ്വന്തമാക്കയിത്. ഇന്ത്യയിലെ ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ 32 ശതമാനത്തിലധികവും സോണറ്റിന്റെ സംഭാവനയാണെന്ന് കിയ പറയുന്നു.

2020 സെപ്റ്റംബറില്‍ 6.71 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് കിയ സോണറ്റ് (Kia Sonet) ഇന്ത്യയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് 12 മാസത്തിനുള്ളില്‍ ഈ യൂണിറ്റിന്റെ ഒരു ലക്ഷം യൂണിറ്റുകളാണ് നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 73,864 യൂണിറ്റുകളാണ് കിയ വിറ്റത്. ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ, ഹ്യൂണ്ടായ് വെന്യു എന്നിവയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ കോംപാക്റ്റ് എസ്യുവിയാണ് സോണറ്റ്. സോണറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം പേരും ഐഎംടി ക്ലച്ച്ലെസ്സ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നത്. കിയ വാങ്ങുന്നവരില്‍ 22 ശതമാനം ഓട്ടോമാറ്റിക് വേരിയന്റുകള്‍ തിരഞ്ഞെടുത്തപ്പോള്‍, ഡീസല്‍ മോഡലാണ് വില്‍പ്പനയുടെ 41 ശതമാനം.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, സെല്‍റ്റോസിനൊപ്പം സോണറ്റും കിയ അപ്ഡേറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ 7.15 ലക്ഷം രൂപയാണ് സോണറ്റിന്റെ പ്രാരംഭ വില (എക്‌സ്-ഷോറൂം). എഞ്ചിനും വേരിയന്റും അനുസരിച്ച് വാങ്ങുന്നവര്‍ക്ക് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഐഎംടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡിസിടി എന്നീ ഓപ്ഷനുകളും തെരഞ്ഞെടുക്കാവുന്നതാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it