പ്രതീക്ഷിച്ചതിലും അപ്പുറം ബുക്കിംഗ്, ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ കിയ

ഇന്നലെയാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ആദ്യമായി ഒരു ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇവി6 എന്ന പേരില്‍ കിയ അവതരിപ്പിച്ച മോഡലിന്റെ ബുക്കിംഗ് മെയ് 26 മുതല്‍ അരംഭിച്ചിരുന്നു. 100 മോഡലുകള്‍ മാത്രം വില്‍പ്പനയ്‌ക്കെത്തുന്ന ഇവി6ന് 350ല്‍ അധികം ബുക്കിംഗുകള്‍ ആണ് ലഭിച്ചത്.

കിയ പ്രതിക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്. ഇതുപരിഗണിച്ച് കൂടുതല്‍ 2025ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യന്‍ റോഡുകള്‍ ലക്ഷ്യമിട്ട് ഒരു ഇവി വികസിപ്പിക്കുകയാണ് തങ്ങളെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ തേ-ജിന്‍ പാര്‍ക്ക് അറിയിച്ചു. ആഗോള വിപണി ലക്ഷ്യമിട്ട് 2027നുള്ളില്‍ 14 ഇലക്ട്രിക് മോഡലുകള്‍ കിയ പുറത്തിറക്കും. എന്നാല്‍ അതില്‍ എത്രയെണ്ണം ഇന്ത്യയിലെത്തും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ ഇവി വിപണി വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. ഇവികള്‍ എങ്ങനെ അവതരിപ്പിക്കണമെന്നും ഇന്ത്യയ്ക്ക് പറ്റിയ ബിസിനസ് മോഡല്‍ ഏതാണെന്നും വിലയിരുത്തുകയാണെന്നും ജിന്‍ പാര്‍ക്ക് വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ ഇവി വിപണി വളരെ ചെറുതാണ്.

കഴിഞ്ഞ വര്‍ഷം 20,000 യൂണീറ്റുകള്‍ മാത്രമാണ് ഇവിടെ കമ്പനികള്‍ വിറ്റത്. ഈ വര്‍ഷം 40,000 യൂണീറ്റ് വാഹനങ്ങളെങ്കിലും വില്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ജിന്‍ പാര്‍ക്ക് പറഞ്ഞു. എല്ലാവരും 2025നെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയില്‍ വലിയ തോതില്‍ ഇവികള്‍ നിര്‍മിക്കാന്‍ അനുയോജ്യമായ സമയവും അത് തന്നെയാണ്. പിന്നീടുള്ള 5-10 വര്‍ഷം ഈ മേഖല ശക്തമായ വളര്‍ച്ച പ്രകടിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles
Next Story
Videos
Share it