

അടുത്തിടെ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് രംഗപ്രവേശം ചെയ്ത വാഹന നിര്‍മാതാക്കളാണ് കിയ. വാഹനങ്ങളുടെ മനോഹരമായ രൂപകല്‍പ്പനയും സവിശേഷതകളും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വലിയൊരു ഉപഭോക്താക്കളെയാണ് നേടിക്കൊടുത്തത്. അതിവേഗത്തില്‍ മൂന്ന് ലക്ഷം യൂണിറ്റുകളും കിയയ്ക്ക് ഇന്ത്യയില്‍ വിറ്റഴിക്കാനായി. തങ്ങളുടെ മോഡലുകളിലൊന്നായ സെല്‍റ്റോസാണ് കിയയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ ഏറെ സഹായകമായത്. രണ്ട് വര്‍ഷം കൊണ്ട് രണ്ട് ലക്ഷത്തോളം സെല്‍റ്റോസ് യൂണിറ്റുകളാണ് കിയ ഇന്ത്യയില്‍ വിറ്റഴിച്ചത്.
കിയയുടെ ആകെ വില്‍പ്പനയുടെ 66 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് സെല്‍റ്റോസ് മോഡലാണ്. ഈ വിഭാഗത്തില്‍ 58 ശതമാനവും ടോപ്പ് വേരിയന്റുകളാണെങ്കില്‍ 35 ശതമാനത്തോളം പേരാണ് ഓട്ടോമാറ്റിക് സെല്‍റ്റോസ് സ്വന്തമാക്കിയത്. പുതുതായി പുറത്തിറക്കിയ സെല്‍റ്റോസിന്റെ iMT വേരിയന്റും നാല് മാസത്തിനിടെ വലിയ തോതില്‍ വിറ്റഴിഞ്ഞിട്ടുണ്ട്. അതേസമയം ആകെ വില്‍പ്പനയില്‍ 1.5 ലക്ഷവും കണക്റ്റഡ് കാറുകളാണ്. ഇവയില്‍ 78 ശതമാനം സെല്‍റ്റോസ് മോഡലാണെങ്കില്‍ 19 ശതമാനം മാത്രമാണ് സോണറ്റിന്റെ വിഹിതം. സെല്‍റ്റോസ് HTX 1.5 പെട്രോള്‍ വേരിയന്റാണ് കണക്റ്റഡ് കിയ ഡ്രൈവിഗിന് ഉപഭോക്താക്കള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്.
വിജയത്തിന്റെ നാഴികക്കല്ലുകള്‍ എല്ലായ്‌പ്പോഴും പ്രചോദനത്തിനുള്ള വലിയ ഉത്തേജനമാണെന്നും ഓട്ടോ-ഇന്‍ഡസ്ട്രിയില്‍ ഒരു വിപ്ലവം കൊണ്ടുവരാന്‍ സാധിച്ചതായും കിയ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയില്‍സ് & ബിസിനസ് സ്ട്രാറ്റജി ഓഫീസറുമായ ശ്രീ-ടെ-ജിന്‍ പാര്‍ക്ക് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine