

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ സെല്‍റ്റോസിന്റെ രണ്ടാം പതിപ്പുമായി കിയ മോട്ടോഴ്സ്. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ സെല്‍റ്റോസിന്റെ വരവ്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള മിഡ്‌സൈസ് എസ്.യു.വി സെഗ്‌മെന്റില്‍ മത്സരം മുറുകുമെന്ന് ഉറപ്പാണ്. അടുത്തിടെ ടാറ്റ പുറത്തിറക്കിയ ലെജന്‍ഡറി മോഡല്‍ സിയറയുമായാകും പുതിയ സെല്‍റ്റോസിന്റെ മത്സരം. ഈ സാഹചര്യത്തില്‍ രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്താണെന്ന് പരിശോധിക്കാം.
രണ്ട് മോഡലുകളിലും പൂര്‍ണമായും എല്‍.ഇ.ഡി ലൈറ്റിംഗ് സംവിധാനമാണ് നല്‍കിയിട്ടുള്ളത്. ഇത് ഇരു വാഹനങ്ങളുടെയും പ്രീമിയം അപ്പീല്‍ ഉറപ്പാക്കുന്നതാണ്. എന്നാല്‍ ടാറ്റ സിയറക്ക് ചില ഫീച്ചറുകള്‍ അധികമായുണ്ട്. പിന്‍ഭാഗത്തെ ഫോഗ് ലാംപുകളും നാല് ഡോറുകളിലുമുള്ള പഡില്‍ ലാംപുമാണ് ടാറ്റ സിയറക്ക് മുന്‍തൂക്കം നല്‍കുന്നത്. ടയറുകളുടെ വലിപ്പത്തിലും ഈ വ്യത്യാസം കാണാം. സിയറയില്‍ 19 ഇഞ്ചിന്റെ അലോയ് വീലുകള്‍ നല്‍കിയപ്പോള്‍ സെല്‍റ്റോസിലുള്ളത് 18 ഇഞ്ച് മാത്രം. എസ്.യു.വി സെഗ്‌മെന്റിലെ വാഹനത്തിന് ടയറിന്റെ വലിപ്പം എത്രത്തോളം പ്രാധാനമാണെന്ന് പറയേണ്ടതില്ലല്ലോ. അതേസമയം, ഡ്രൈവറുടെ സെറ്റിംഗുകള്‍ ഓര്‍ത്തുവെക്കുന്ന സൈഡ് മിററുകളും സീറ്റുകളും സെല്‍റ്റോസിന്റെ പ്രത്യേകതയാണ്. ഇരുമോഡലുകളിലും ഫ്‌ളഷ് ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, റൂഫ് റെയില്‍, റിയര്‍ സ്‌പോയിലര്‍ എന്നീ സംവിധാനങ്ങളുണ്ട്.
ഇനി ഇന്റീരിയറിന്റെ കാര്യത്തിലേക്ക് വന്നാല്‍ രണ്ട് മോഡലുകളിലും ട്രിപ്പിള്‍ ലേഔട്ടിലുള്ള സ്‌ക്രീനുകളാണുള്ളത്. സിയറയില്‍ മുന്നിലെ യാത്രക്കാരന് കൂടി ഉപകാരപ്പെടുന്ന രീതിയിലുള്ള സ്‌ക്രീനുകളാണ്. എന്നാല്‍ സെല്‍റ്റോസിലെ പ്രധാന ഡിസ്‌പ്ലേക്കും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമിടയില്‍ അഞ്ച് ഇഞ്ച് വലിപ്പത്തില്‍ എച്ച്.വി.എ.സി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ഉപയോഗപ്രദമായ സാങ്കേതിക വിദ്യ കിയ സെല്‍റ്റോസിനാണെന്ന് പറയാന്‍ കഴിയും. വലിയ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഹെഡ് അപ്പ് ഡിസ്‌പ്ലേയും വാഹനത്തിലുണ്ട്. സീറ്റ് ക്രമീകരിക്കുന്ന കാര്യത്തിലും സെല്‍റ്റോസ് മുന്നിലാണ്.
എന്നാല്‍ യാത്രാസൗകര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ഫീച്ചറുകളാണ് സിയറയിലുള്ളത്. എയര്‍ പ്യൂരിഫയര്‍, കൂള്‍ഡ് ഗ്ലൗവ് ബോക്‌സ്, 12 സ്പീക്കര്‍ ജെ.ബി.എല്‍ സൗണ്ട് സിസ്റ്റം എന്നിവ ഉദാഹരണമാണ്. സെല്‍റ്റോസില്‍ 8 സ്പീക്കറുള്ള ബോസ് സ്പീക്കറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെന്റിലേറ്റഡ് മുന്‍നിര സീറ്റ്, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്‌സ് എന്നിവ ഇരുമോഡലുകളിലും ലഭ്യമാണ്. സുരക്ഷാ സംവിധാനങ്ങള്‍ ഇരുമോഡലുകളിലും ഏതാണ്ട് ഒരുപോലെയാണ്. ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 അഡാസ്, 360 ഡിഗ്രീ ക്യാമറ, ഇ.സി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എല്ലാ വീലുകളും ഡിസ്‌ക്ക് ബ്രേക്ക് എന്നിവ രണ്ട് വാഹനങ്ങളിലുമുണ്ട്.
സിയറയുടെ ഏതാണ്ടെല്ലാ മോഡലുകളുടെയും വില പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ സെല്‍റ്റോസിന്റെ വില ജനുവരി തുടക്കത്തിലേ പുറത്തുവരൂ. അതുകൊണ്ട് തന്നെ കൂട്ടത്തിലെ മികച്ച വാഹനമേതെന്ന കാര്യം തീര്‍ത്തുപറയാന്‍ കഴിയില്ല. വാഹനത്തിനുള്ളിലെ സൗകര്യങ്ങളും യാത്രാസുഖവും പരിഗണിക്കുന്നവര്‍ സിയറയിലേക്ക് പോകാനാണ് സാധ്യത. എന്നാല്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ സെല്‍റ്റോസ് തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. എന്തായാലും സെല്‍റ്റോസിന്റെ വരവോടെ മിഡ്‌സൈസ് എസ്.യു.വി സെഗ്‌മെന്റില്‍ മത്സരം ഇനിയും കടുക്കുമെന്ന് തന്നെ കരുതാം.
Read DhanamOnline in English
Subscribe to Dhanam Magazine