Begin typing your search above and press return to search.
ഏഴ് സീറ്റര്‍ മോഡലുമായി കിയ സോണെറ്റ്; ഇന്ത്യന്‍ വിപണിയിലെത്തുമോ, അറിയാം
ഇന്ത്യയിലും രാജ്യാന്തര വിപണിയില്‍ ചില സ്ഥലങ്ങളിലും കിയ സോണെറ്റ് എന്ന കോംപാക്റ്റ് എസ്യുവി 2020 ല്‍ താരമായിരുന്നു. വില്‍പ്പനയിലും റെക്കോര്‍ഡ് വിജയമാണ് ഈ കോംപാക്റ്റ് എസ് യു വി നേടിയത്. ഇതാ കിയ സോണെറ്റിനും ഏഴ് സീറ്റര്‍ മോഡല്‍ എത്തുന്നതായി വാര്‍ത്തകള്‍. റിപ്പോര്‍ട്ടനുസരിച്ച് അവതരണം ഏപ്രില്‍ എട്ടിന് നടക്കാനാണ് സാധ്യത. ഇന്തോനേഷ്യന്‍ വിപണിയിലാകും ഈ മോഡലിനെ ആദ്യം പുറത്തിറക്കുകയെന്നാണ് സൂചന.
എന്തായാലും 7 സീറ്റര്‍ സോണെറ്റ് ഫീച്ചറുകളില്‍ 5 സീറ്റര്‍ മോഡലിന് സമാനമായിരിക്കുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പ്രധാന വ്യത്യാസം രണ്ടാമത്തെ വരിക്ക് പിന്നില്‍ ഒരു മൂന്നാം വരി സീറ്റ് ചേര്‍ക്കുമെന്നതായിരിക്കും. അതായത് മൂന്നാം വരിക്ക് ബൂട്ട് സ്‌പേസ് കിയ ഉപയോഗിക്കുമെന്ന് ചുരുക്കം. മൂന്നാമത്തെ വരി കുട്ടികള്‍ക്ക് ഇരിക്കാനായിരിക്കും കൂടുതല്‍ അനുയോജ്യമെന്നാണ് കരുതുന്നത്.
മൂന്നാം വരിയ്ക്ക് എസ്യുവി 50:50 സ്പ്ലിറ്റ് ഫംഗ്ഷന്‍ നല്‍കും. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇന്തോനേഷ്യന്‍ കിയ സോണെറ്റ് 7 സീറ്ററിന് കരുത്ത് പകരുക. ഇത് പരമാവധി 113 bhp പവറില്‍ 144 Nm torque ഉത്പാദിപ്പിക്കാന്‍ പര്യാപ്തമായിരിക്കും.
ഗിയര്‍ബോക്സ് ഓപ്ഷനില്‍ 6 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടും. ഈ മോഡല്‍ ടൊയോറ്റ അവാന്‍സ, ഡൈഹത്സു സെനിയ എന്നീ മോഡലുകളുമായിട്ടായിരിക്കും വിപണിയില്‍ മത്സരിക്കുക. ഇന്തോനേഷ്യയിലെ മൂന്ന്-വരി കോംപാക്ട് എംപിവി അല്ലെങ്കില്‍ എസ്യുവി വിപണിയെ ലക്ഷ്യം വെച്ചാണ് ഈ വാഹനം പുറത്തിറങ്ങുന്നതെന്നാണ് കരുതുന്നത്.
ഇന്തോനേഷ്യയില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു വാര്‍ത്തയും ഇതുവരെ പുറത്തുവരുന്നില്ല. വെബ്‌സൈറ്റിലും വിവരങ്ങളില്ല. അതിനാല്‍ തന്നെ തല്‍ക്കാലം ഇന്ത്യന്‍ നിരത്തുകളില്‍ 7 സീറ്റര്‍ സോണെറ്റിനെ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story