വില്‍പ്പനയില്‍ മുന്നേറ്റം, ഒരു ലക്ഷം നാഴിക്കല്ല് പിന്നിട്ട് കിയ സോണറ്റ്

ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ വാഹന വിപണിയില്‍ ശ്രദ്ധേയരായ കിയയുടെ എസ് യു വി മോഡലായ സോണറ്റിന്റെ വില്‍പ്പന ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ടു. 12 മാസത്തിനിടെയാണ് കിയ സോണറ്റ് ഈ നേട്ടം സ്വന്തമാക്കിയത്. കിയയുടെ മൊത്തം വില്‍പ്പനയുടെ 32 ശതമാനമാണ് ഈ മോഡലിന്റെ വിഹിതം. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ നാലാം സ്ഥാനമാണ് കിയയ്ക്കുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തെ വില്‍പ്പനയില്‍ ഈ വിഭാഗത്തില്‍ ഏകദേശം 17 ശതമാനം പങ്കാളിത്തമാണ് സോണറ്റിന്റേത്.

ഇന്ത്യയില്‍ കോവിഡ് മഹാമാരി ഉയര്‍ന്ന നിലയിലെത്തിയപ്പോഴാണ് 2020 സെപ്റ്റംബറില്‍ സോണറ്റ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്നിരുന്നാലും ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചത് കിയയുടെ നേട്ടമായാണ് വിലയിരുത്തുന്നത്. ഓട്ടോകാര്‍ പ്രൊഫഷണലിന്റെ ഡാറ്റ അനലിറ്റിക്‌സ് അനുസരിച്ച്, കിയ ഇന്ത്യ 56,121 പെട്രോള്‍ വേരിയന്റുകളും 35,585 ഡീസല്‍ വേരിയന്റുകളും അടക്കം സോണറ്റിന്റെ 91,706 യൂണിറ്റുകളാണ് 2020 സെപ്റ്റംബര്‍ മുതല്‍ 2020 ജൂലൈ വരെയുള്ള കാലളവില്‍ വിറ്റത്. ഇന്ധനത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ 61 ശതമാനം പേരും പെട്രോള്‍ വേരയിന്റാണ് തെരഞ്ഞെടുത്തത്.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന വാഹന വിപണിയിലെ ഒരേയൊരു കോംപാക്റ്റ് എസ്യുവിയാണ് സോണറ്റ്. മൊത്തം വില്‍പ്പനയില്‍ ഏകദേശം 10 ശതമാനം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലിന്റേതാണ്. ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ മൊത്തം വില്‍പ്പനയുടെ 64 ശതമാനമാണ്. കൂടാതെ, ഏതാണ്ട് 30 ശതമാനം ഉപഭോക്താക്കള്‍ക്കും സോണറ്റിന്റെ കണക്റ്റഡ് വേരിയന്റിനോടാണ് താല്‍പ്പര്യം.
സോണറ്റിന് പുറമെ കിയയുടെ മോഡലുകള്‍ക്ക് ജനപ്രീതിയേറിയിട്ടുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ കിയ മൊത്തം 155,686 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 83 ശതമാനം വളര്‍ച്ചയാണ് നേടിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it