കിയ സിറോസ് കേരളത്തില്‍, വണ്ടിഭ്രാന്തന്മാരുടെ ചങ്കിടിപ്പേറ്റി വില! മൈലേജ് കണക്കുകളും പുറത്ത്

സെഗ്‌മെന്റില്‍ ആദ്യമായി പിന്‍നിരയില്‍ റിക്ലൈനിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍ നല്‍കിയെന്നതാണ് പ്രത്യേകത
The Kerala Launch of Kia's Latest Compact SUV, the Syros
കിയയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വിയായ സിറോസിന്റെ കേരളത്തിലെ ലോഞ്ച്‌
Published on

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വിയായ സിറോസ് കേരളത്തിലുമെത്തി. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു. സാങ്കേതിക വിദ്യ, ഡിസൈന്‍, സ്‌പേസ് തുടങ്ങിയവ മികച്ച രീതിയില്‍ സംയോജിപ്പിച്ച് പ്രീമിയം സബ് 4 മീറ്റര്‍ കാറ്റഗറിയിലാണ് വാഹനം എത്തിയിരിക്കുന്നത്. സെഗ്‌മെന്റില്‍ ആദ്യമായി പിന്‍നിരയില്‍ റിക്ലൈനിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍ നല്‍കിയെന്നതാണ് പ്രത്യേകത. കിയയുടെ നിലവിലെ മോഡലുകളായ സെല്‍റ്റോസിന്റെയും സോണറ്റിന്റെയും ഇടയിലാണ് സിറോസിന്റെ സ്ഥാനം. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വില ഫെബ്രുവരി മൂന്നിന് പ്രഖ്യാപിക്കും. 11 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ് പ്രതീക്ഷ.

വേറെ ലെവല്‍ ഡിസൈന്‍

വണ്ടിഭ്രാന്തന്മാരെ ആകര്‍ഷിക്കുന്ന തരത്തില്‍ ടോള്‍ ബോയ് ഡിസൈനിലാണ് സിറോസിന്റെ വരവ്. അന്താരാഷ്ട്ര വിപണിയെക്കൂടി ലക്ഷ്യമിട്ട് കിയയുടെ രണ്ടാം തലമുറ ഡിസൈന്‍ ഫിലോസഫിയിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ വണ്ടിഭ്രാന്തന്മാരുടെ ചങ്കിടിപ്പേറ്റുന്ന ഡിസൈന്‍ ലാംഗ്വേജിലാണ് വാഹനത്തിന്റെ നിര്‍മാണം. മുന്നില്‍ ഐസ് ക്യൂബുകളെപ്പോലെ തോന്നിക്കുന്ന ഹെഡ്ലാംപുകളും ഡി.ആര്‍.എല്ലുകളും, എല്‍ ആകൃതിയിലുള്ള ടെയില്‍ ലാംപുകള്‍, 17 ഇഞ്ച് ഡ്യൂവല്‍ ടോണ്‍ ടയറുകള്‍, ഇന്റഗ്രേറ്റഡ് സ്പോയിലര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സൈഡ് മിറര്‍, മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ സിറോസിന് പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്.

ഇന്റീരിയര്‍ സെറ്റാണ്

ഡ്യൂവല്‍ ടോണിലുള്ള ഇന്റീരിയറിന്റെ ഭംഗി കൂട്ടാന്‍ ഇരട്ട സ്‌ക്രീനുകളും ടു സ്പോക്ക് സ്റ്റിയറിംഗ് വീലും നല്‍കിയിട്ടുണ്ട്. ഒപ്പം പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവിംഗ് സീറ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കി. ഇരുപതോളം സുരക്ഷാ സംവിധാനങ്ങളും സിറോസിലുണ്ട്. കിയയുടെ മോഡലുകളില്‍ സുരക്ഷ കുറവാണെന്ന ആക്ഷേപം ഒഴിവാക്കാന്‍ എല്ലാ വിധ ശ്രമങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. ഇടിപ്പരീക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടാനാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ലെവല്‍ 2 അഡാസ്, ഇ.ബി.ഡിയോടെയുള്ള എ.ബി.എസ്, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ നിരവധി ഫീച്ചറുകളാണ് സിറോസിലുള്ളത്.

എഞ്ചിന്‍ കരുത്ത്

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 118 ബി.എച്ച്.പി കരുത്തും 172 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കിടിലന്‍ എഞ്ചിനാണിത്. ഇതിന് പുറമെ 114 എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും വണ്ടി കിട്ടും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് സി.ഡി.റ്റി തുടങ്ങിയ ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണുള്ളത്. ലിറ്ററിന് 17.65 കിലോമീറ്റര്‍ മുതല്‍ 20.75 കിലോമീറ്റര്‍ വരെ വാഹനത്തിന് മൈലേജും ലഭിക്കും.

മത്സരം കടുക്കും

സിറോസ് കൂടി എത്തിയതോടെ കോംപാക്ട് എസ്.യു.വി സെഗ്‌മെന്റില്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. സിറ്റി യാത്രകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തത് കൊണ്ട് വാഹനത്തിനുള്ളില്‍ സ്ഥലം കുറവാണെന്ന സംശയം വേണ്ട. 465 ലിറ്ററിന്റെ കിടിലന്‍ ബൂട്ട് സ്‌പേസും ആയാസകരമായി ഇരിക്കാനാകുന്ന സീറ്റുകളുമാണ് വാഹനത്തിലുള്ളത്. ഹ്യൂണ്ടായ് വെന്യൂ, മാരുതി ബ്രെസ, മഹീന്ദ്ര എക്‌സ്.യു.വി 300, ടാറ്റ നെക്‌സോണ്‍, സ്‌കോഡ കൈലാഖ് തുടങ്ങിയ മോഡലുകളോടാകും സിറോസിന്റെ മത്സരം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com