Begin typing your search above and press return to search.
ഇതാരാ വാഗണ്‍ ആറിന്റെ ചേട്ടനോ... സിറോസിനെ കളത്തിലിറക്കി കിയ, പ്രമുഖന്മാര്‍ക്ക് പണിയാകുമോ?
ഒറ്റനോട്ടത്തില്‍ മാരുതി വാഗണ്‍ആറിന്റെ വല്യേട്ടനാണെന്ന ഭാവം, ഒന്നുകൂടി നോക്കിയാല്‍ സ്‌കോഡ യെതിയുടെ സാദൃശ്യമുണ്ടോയെന്ന് സംശയം തോന്നുന്ന ലുക്ക്, പക്ഷേ മസിലൊക്കെ പെരുക്കി രണ്ടും കല്‍പ്പിച്ചാണ് നില്‍പ്പ്. പറഞ്ഞ് വരുന്നത് കൊറിയന്‍ വാഹന നിര്‍മാതാവായ കിയ പുറത്തിറക്കിയ സിറോസ് എന്ന മോഡലിനെക്കുറിച്ചാണ്. സബ് 4 മീറ്റര്‍ - കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മത്സരം കടുപ്പിക്കാനുറച്ചാണ് ആശാന്റെ വരവ്. പിന്‍നിരയില്‍ റിക്ലൈനിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍ നല്‍കിയതാണ് പ്രധാന ആകര്‍ഷണം. സെഗ്‌മെന്റില്‍ ഇത്തരം ഫീച്ചറുകളുള്ള ആദ്യ മോഡലാണ് സിറോസെന്ന് കമ്പനി പറയുന്നു. വാഹനത്തിന്റെ വില അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രഖ്യാപിക്കും.
എഞ്ചിന്‍ കരുത്തില്‍ കുതിക്കും
സോണറ്റില്‍ ഉപയോഗിച്ചിരിക്കുന്ന കെ1 പ്ലാറ്റ്‌ഫോമിലാണ് സിറോസിന്റെയും വരവ്.
ഹ്യൂണ്ടായ് സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ, കാസ്പര്‍, എക്‌സറ്റര്‍ തുടങ്ങിയ വാഹനങ്ങള്‍ക്കും ഇതേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. 118 ബി.എച്ച്.പി കരുത്തും 172 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ആത്മാവ്. 114 ബി.എച്ച്.പി കരുത്തും 172 എന്‍.എം ടോര്‍ക്കുമുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും സിറോസ് ലഭ്യമാണ്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ ബോക്‌സാണ് വാഹനത്തിനുള്ളത്. ഇതിന് പുറമെ 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡി.സി.റ്റി ഗിയര്‍ ബോക്‌സ് ഓപ്ഷനുകളും കമ്പനി മുന്നോട്ടുവക്കുന്നുണ്ട്.
എസ്.യു.വിയിലെ പുതുയുഗം
ഡിസൈനിലേക്ക് വന്നാല്‍ ഐസ് ക്യൂബുകളെപ്പോലെ തോന്നിക്കുന്ന എല്‍.ഇ.ഡി ഹെഡ്‌ലാംപുകളും ഡി.ആര്‍.എല്ലും വാഹനത്തിന് മികച്ച ലുക്ക് നല്‍കുന്നവയാണ്.
എല്‍(L) ആകൃതിയിലുള്ള ടെയില്‍ ലാംപുകള്‍ , മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍, 17 ഇഞ്ച് ഡ്യൂവല്‍ ടോണ്‍ ടയറുകള്‍, ഇന്റഗ്രേറ്റഡ് സ്‌പോയിലര്‍, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയുമുണ്ട്. ഡ്യൂവല്‍ ടോണിലുള്ള ഇന്റീരിയറിന്റെ ഭംഗി കൂട്ടാന്‍ ഇരട്ട സ്‌ക്രീനുകളും ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലും നല്‍കിയിട്ടുണ്ട്. കിയയുടെ രണ്ടാം തലമുറ ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യ എസ്.യു.വിയാണിത്.
സേഫ്റ്റി മുഖ്യം
കൂടാതെ ലെവല്‍ 2 അഡാസ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റന്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രീ ക്യാമറ, 6 എയര്‍ ബാഗുകള്‍ എന്നിവയും വാഹനത്തിലുണ്ട്. സുരക്ഷക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന മോഡലില്‍ 20 ഹൈ സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കിയയുടെ മോഡലുകളില്‍ സുരക്ഷ കുറവാണെന്ന ആരോപണം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട്.
സെഗ്‌മെന്റില്‍ മത്സരം കടുക്കും
സോണറ്റിനും സെല്‍റ്റോസിനും ഇടയിലാണ് കിയ സിറോസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എസ്.യു.വികളിലെ പുതിയ വര്‍ഗമെന്നാണ് സിറോസിന് കിയ നല്‍കുന്ന വിശേഷണം. ആറ് വേരിയന്റുകളില്‍ എട്ട് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ജനുവരി മൂന്ന് മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. ഹ്യൂണ്ടായ് വെന്യൂ, മാരുതി ബ്രെസ, മഹീന്ദ്ര എക്‌സ്.യു.വി 300, ടാറ്റ നെക്‌സോണ്‍, സ്‌കോഡ കൈലാഖ് എന്നിവരോടാകും സിറോസിന്റെ മത്സരം.
Next Story
Videos