Begin typing your search above and press return to search.
കൈലാഖ്; പുതിയ സ്‌കോഡ കാറിന് പേരിട്ടത് കാസര്‍ഗോഡ് സ്വദേശി, സമ്മാനമായി ആദ്യ വാഹനം
സ്‌കോഡയുടെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന എസ്.യു.വിക്ക് കൈലാഖ് എന്ന പേര് നിര്‍ദ്ദേശിച്ചത് കാസര്‍ഗോഡ് സ്വദേശി. ഉദുമയിലെ ഖുറാന്‍ അധ്യാപകനായ മുഹമ്മദ് സിയാദിനാണ് പുതിയ വാഹനത്തിന്റെ പേരിടാനുള്ള ഭാഗ്യം ലഭിച്ചത്. അടുത്ത വര്‍ഷം കാര്‍ ലോഞ്ച് ചെയ്യുമ്പോള്‍ ആദ്യ വാഹനം സിയാദിന് സമ്മാനമായി നല്‍കുമെന്നും സ്‌കോഡ ഇന്ത്യ അറിയിച്ചു.
കൈലാഖ് എന്നാല്‍ സ്ഫടികം
മഹീന്ദ്ര എക്‌സ്.യു.വി 3എക്‌സ് ഒയും ടാറ്റ നെക്‌സോണും അരങ്ങുവാഴുന്ന കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്കാണ് സ്‌കോഡ പുതിയ മോഡലിനെ ഓടിച്ചുകയറ്റുന്നത്. കൈലാഖ് എന്ന പേരിന് സംസ്‌കൃതത്തില്‍ സ്ഫടികം അഥവാ ക്രിസ്റ്റല്‍ എന്നാണ് അര്‍ത്ഥം വരുന്നത്. വാഹനത്തിന്റെ പേര് തെരഞ്ഞെടുക്കാന്‍ നെയിം യുവര്‍ സ്‌കോഡ എന്ന പേരില്‍ കമ്പനി ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു. പേരിന്റെ തുടക്കം ഇംഗ്ലീഷ് അക്ഷരമാലയിലെ കെ(K)യും അവസാനം ക്യൂ(Q)യും ആകണമെന്നായിരുന്നു വ്യവസ്ഥ. രണ്ട് ലക്ഷം എന്‍ട്രികളിലായി 24,000 പേരുകളാണ് കമ്പനിക്ക് ലഭിച്ചത്. മൂന്ന് പേരുകളാണ് സിയാദ് നിര്‍ദ്ദേശിച്ചത്.
ഫൈനല്‍ റൗണ്ടില്‍ കോട്ടയം സ്വദേശിയും
ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 15 പേരുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച 10 പേരുകളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഈ പേരുകള്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് ചെക്ക് റിപ്പബ്ലിക്കന്‍ തലസ്ഥാനമായ പ്രാഗിലുള്ള സ്‌കോഡ പ്ലാന്റ് സന്ദര്‍ശിക്കാനുള്ള അവസരം കമ്പനിയൊരുക്കും. കോട്ടയം സ്വദേശി രാജേഷ് സുധാകരന്‍ എന്നയാളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൈലാഖിന് പുറമെ കൈളാക്ക്, ക്വിക്ക്, കാകരിക്ക്, കൈറേക്ക്, കോസ്മിക്ക്, കയാക്ക്, കൈക്ക്, കാര്‍മിക് തുടങ്ങിയ പേരുകളും കമ്പനി പരിഗണിച്ചിരുന്നു.
എന്താണ് കൈലാഖ്?
കോംപാക്ട് എസ്.യു.വി ശ്രേണിയിലെ കമ്പനിയുടെ ആദ്യ മോഡലാണിത്. കുഷാഖ്, സ്ലാവിയ എന്നീ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന എം.ക്യൂ.ബി-എ0-ഐ.എന്‍ എന്ന പ്ലാറ്റ്‌ഫോമിലാണ് വാഹനമെത്തുക. ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി ചെക്ക് നിര്‍മാതാക്കള്‍ വികസിപ്പിച്ച പ്ലാറ്റ്‌ഫോമാണിത്. എസ്.യു.വി സ്വഭാവത്തിലേക്കെത്തിക്കാന്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് പോലുള്ള ഫീച്ചറുകളും ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കുഷാഖിലെ വണ്‍ ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്. 115 പി.എസ് കരുത്തും 178 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് കഴിയും.
8.5 ലക്ഷം രൂപ മുതല്‍
ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പല ചിത്രങ്ങളും വാഹനലോകത്ത് പ്രചരിക്കുന്നുണ്ട്. 8.5 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടാറ്റ നെക്‌സോണ്‍, കിയ സോനറ്റ്, ഹ്യൂണ്ടായ് വെന്യൂ, മഹീന്ദ്ര എക്‌സ്.യു.വി 3എക്‌സ്ഒ, മാരുതി ബ്രെസ, റെനോള്‍ട്ട് കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയവരാകും എതിരാളികള്‍.
Next Story
Videos