Begin typing your search above and press return to search.
ലംബോര്‍ഗിനിക്ക് ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പന
പ്രമുഖ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി 2022ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 92 കാറുകള്‍. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന നേട്ടമാണിത്. 2021ലെ 69 കാറുകളെ അപേക്ഷിച്ച് 33 ശതമാനമാണ് വര്‍ദ്ധന. 2020ല്‍ 37, 2019ല്‍ 52 എന്നിങ്ങനെയായിരുന്നു ലംബോര്‍ഗിനി ഇന്ത്യയില്‍ രേഖപ്പെടുത്തിയ വില്‍പ്പനക്കണക്ക്.
2023ലും മികച്ച വളര്‍ച്ച കമ്പനി ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉറൂസ് എസ് ഇന്ത്യന്‍ വിപണിയിലിറക്കി. ഇന്ത്യയില്‍ ലംബോര്‍ഗിനി മോഡലുകളില്‍ ഏറ്റവും സ്വീകാര്യതയുള്ള ഉറൂസിന്റെ രണ്ടാം പതിപ്പാണിത്. 4.18 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. 666 ബി.എച്ച്.പി കരുത്തുള്ള, 4-ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.3 സെക്കന്‍ഡ് മതി.
ഇനി ഹൈബ്രിഡും ഇലക്ട്രിക്കും
ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധ തിരിക്കാനൊരുങ്ങുകയാണ് ലംബോര്‍ഗിനി. റെവെല്‍റ്റോ (Revuelto) ഹൈബ്രിഡ് പതിപ്പ് നേരത്തെ കമ്പനി അവതരിപ്പിച്ചിരുന്നു. ഉറൂസ് എസ്.യു.വിയുടെ ഹൈബ്രിഡ് പതിപ്പ് 2024ല്‍ വിപണിയിലെത്തിക്കും. ഹുറാകാനിന്റെ ഹൈബ്രിഡ് പിന്‍ഗാമിയും അടുത്തവര്‍ഷമെത്തും. കമ്പനിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് പതിപ്പ് 2028ല്‍ പ്രതീക്ഷിക്കാമെന്ന് ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.
4 കോടിയും സൂപ്പര്‍ കാറുകളും
ലംബോര്‍ഗിനി ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍ക്കെല്ലാം വില 4 കോടി രൂപയ്ക്ക് മുകളിലാണ്. 2007ല്‍ ഇന്ത്യയിലെത്തിയ കമ്പനി ഇതിനകം 400ലധികം ഉപഭോക്താക്കളെ സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ലംബോര്‍ഗിനി വ്യക്തമാക്കിയിട്ടുണ്ട്. ലംബോര്‍ഗിനി ഉറൂസിനാണ് നിലവില്‍ ഇന്ത്യയില്‍ പ്രിയം കൂടുതല്‍. 2022ല്‍ വിറ്റഴിച്ച 92 മോഡലുകളില്‍ 60 ശതമാനവും ഉറൂസ് എസ്.യു.വിയായിരുന്നു.
സൂപ്പര്‍കാറില്‍ ഇന്ത്യ സൂപ്പര്‍
രണ്ട് കോടി രൂപയ്ക്കുമേല്‍ വിലയുള്ള മോഡലുകളാണ് സൂപ്പര്‍കാര്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. 2022ല്‍ ഈശ്രേണിയില്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത് 509 കാറുകളാണ്. സര്‍വകാല റെക്കോഡാണിത്. 2018ലെ 323 കാറുകളുടെ വില്‍പ്പനയാണ് പഴങ്കഥയായത്. 300 കാറുകളായിരുന്നു 2021ലെ വില്‍പ്പന.
Next Story
Videos