ലണ്ടന്‍ നിരത്തുകളിലെ ക്ലാസിക് ടാക്‌സികള്‍ ഇന്ത്യയിലേക്ക്

ഇംഗ്ലീഷ് സിനിമകള്‍ കാണുമ്പോള്‍ സ്ഥിരമായി നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ് നിരത്തുകളിലൂടെ ഒഴുകുന്ന മനോഹരമായ ടാക്‌സി കാറുകള്‍. എന്നാണ് ഇന്ത്യയില്‍ ഇത്തരം വാഹനങ്ങള്‍ എത്തുന്നത് എന്ന് പലരും ചിന്തിച്ചുകാണും.അതിന് ഉത്തരമാവുമായി ഇംഗ്ലണ്ടിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ലണ്ടന്‍ ഇലക്ട്രിക്‌ വെഹിക്കിള്‍ കമ്പനി ലിമിറ്റഡ് (എല്‍ഇവിസി) ഇന്ത്യയിലേക്ക് എത്തുകയാണ്.

എക്‌സ്‌ക്ലൂസീവ മോട്ടോര്‍സുമായി സഹകരിച്ചുകൊണ്ടാണ് എല്‍ഇവിസി ഇന്ത്യയില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നത്. എല്‍ഇവിസിയുടെ ടിഎക്‌സ് എന്ന മോഡലാവും ഇന്ത്യയില്‍ അവതരിപ്പിക്കുക. ന്യൂഡല്‍ഹിയിലായിരിക്കും ആദ്യ ഷോറൂം. ഹൈബ്രിഡ് വാഹനമായ ടിഎക്‌സില്‍ ഒറ്റ ചാര്‍ജില്‍ 101 കി.മീറ്റര്‍ സഞ്ചരിക്കാനാവും. ബാറ്ററി ചാര്‍ജ് തീരുമ്പോള്‍ പെട്രോള്‍ എഞ്ചിനിലായിരിക്കും കാര്‍ ഓടുക. വോള്‍വോയുടെ പെട്രോള്‍ എഞ്ചിനാണ് ടിഎക്‌സിന്. 33 കിലോവാട്ടിന്റേതാണ് ബാറ്ററി.
ആറു പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തില്‍ വീല്‍ചെയര്‍ ഉള്‍ക്കൊള്ളിക്കാനുള്ള സംവിധാനം, ഡ്രൈവറെ വേര്‍തിരിക്കുന്ന സംവിധാനം തുടങ്ങിയവയും ഉണ്ടാകും. 1908ല്‍ ആണ് ആദ്യമായി എല്‍ഇവിസിയുടെ കാറുകള്‍ ലണ്ടന്‍ നിരത്തുകളില്‍ എത്തിയത്. നിലവില്‍ ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലാണ് എല്‍ഇവിസി.
ഇന്ത്യ ഇലക്ട്രിക്‌ വാഹനങ്ങളുടെ വളര്‍ന്നു വരുന്ന വിപണിയാണ്. സാങ്കേതിക വിദ്യയും പ്രായോഗികതയും ഭംഗിയും കൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കളെ കീഴടക്കാന്‍ എല്‍ഇവിസിക്ക് ആകുമെന്നും എക്സ്‌ക്ലൂസീവ് മോട്ടോഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ സത്യ ബാഗ്ല പറഞ്ഞു. എല്‍ഇവിസി ടിഎക്‌സ് മോഡലിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it