Begin typing your search above and press return to search.
ഒറ്റചാര്‍ജില്‍ 836 കിലോമീറ്റര്‍, ദൂരപരിധിയില്‍ ടെസ്‌ലയെ മലര്‍ത്തിയടിച്ച ലൂസിഡ് മോട്ടോഴ്‌സിന്റെ മോഡലിതാ
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദുരപരിധി വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് ആഡംബര കാറുമായി ലൂസിഡ് മോട്ടോഴ്‌സ്. പൂര്‍ണ ചാര്‍ജില്‍ 836 കിലോമീറ്റര്‍ ദൂരപരിധിയാണ് ലൂസിഡ് മോട്ടോഴ്‌സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സെഡാനായ ലൂസിഡ് എയര്‍ ഡ്രീം എഡിഷന് അവകാശപ്പെടുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ദൂരപരിധി അവകാശപ്പെടുന്ന ടെസ്ലയുടെ മോഡല്‍ എസ് ലോങ്ങിനേക്കാള്‍ 175 കിലോമീറ്റര്‍ അധിക ദൂരപരിധിയാണ് ഈ മോഡലിനെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി സാക്ഷ്യപ്പെടുത്തി. 651 കിലോമീറ്ററാണ് മോഡല്‍ എസ് ലോങ്ങിന്റെ ദൂരപരിധി.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂസിഡ് മോട്ടോഴ്‌സ് ഈ വര്‍ഷാവസാനത്തോടെ ലൂസിഡ് എയര്‍ ഡ്രീം എഡിഷന്‍ നിരത്തിലിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ''ഞങ്ങളുടെ ലൂസിഡ് എയര്‍ ഡ്രീം എഡിഷന് 520 മൈല്‍ ദൂരപരിധി അംഗീകാരം ലഭിച്ചതില്‍ സന്തുഷ്ടരാണ്. മറ്റേതൊരു ഇവിയെക്കാളും പുതിയ റെക്കോര്‍ഡാണിതെന്ന് വിശ്വസിക്കുന്നു'' കമ്പനിയുടെ സിഇഒയും സിടിഒയുമായ പീറ്റര്‍ റൗലിന്‍സണ്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ടെസ്ലയില്‍ മോഡല്‍ എസ് സെഡാന്റെ ചീഫ് എഞ്ചിനീയറായിരുന്നു ഇദ്ദേഹം.
അതേസമയം, ദീര്‍ഘ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന കൂടുതല്‍ ഇവികള്‍ ലൂസിഡ് മോട്ടോഴ്‌സ് പുറത്തിറക്കിയാല്‍ ടെസ്ല ഈ രംഗത്ത് കടുത്ത മത്സരം നേരിടേണ്ടിവന്നേക്കും. എന്നിരുന്നാലും ഉയര്‍ന്നവിലയാണ് ലൂസിഡ് മോട്ടേഴ്‌സിന്റെ ഇവികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നതെന്നതാണ് ടെസ്ലയ്ക്ക ആശ്വാസമേകുന്നത്. ഇലക്ട്രിക് കാര്‍ വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കാനിരിക്കുന്ന ലൂസിഡ് എയര്‍ ഡ്രീം എഡിഷന് 169,000 ഡോളറാണ് (ഏകദേശം 1,24,47,000 രൂപ) വില നിശ്ചയിച്ചിട്ടുള്ളത്. ടെസ്ലയുടെ ഏറ്റവും പുതിയ മോഡല്‍ എസിന് 90,000 ഡോളറാണ് (ഏകദേശം 66,29,000 രൂപ) വില. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ താങ്ങാവുന്ന എയര്‍ മോഡലുകളുമായി ഡ്രീം എഡിഷന്‍ പിന്തുടരാന്‍ ലൂസിഡ് പദ്ധതിയിടുന്നുണ്ട്.
Next Story