മലയാളികളുടെ ലെവല്‍ ഉയരുന്നു, ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്ക് പ്രിയം

പണപ്പെരും സര്‍വ്വ മേഖലകളെയും ബാധിക്കുമ്പോഴും രാജ്യത്തെ ലക്ഷ്വറി കാര്‍ കമ്പനികളെ അതൊന്നും ബാധിക്കുന്നില്ല. വര്‍ഷംതോറും ലക്ഷ്വറി കാര്‍ സെഗ്മെന്റിലേക്ക് മാറുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതാണ് ബ്രാന്‍ഡുകള്‍ക്ക് നേട്ടമായത്. ലക്ഷ്വറി കാറുകളുടെ (Luxury cars) വില്‍പ്പനയില്‍ കേരളത്തിലെ ഡീലര്‍മാരും വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്.

2021ല്‍ ആഢംബര വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ 102 യൂണീറ്റുകളാണ് കേരളത്തില്‍ വിറ്റത്. 2020ല്‍ 58 വാഹനങ്ങള്‍ വിറ്റ സ്ഥാനത്താണിത്. കേരളത്തിലെ ചെറു പട്ടണങ്ങളില്‍ നിന്നുള്‍പ്പടെ അന്വേഷണങ്ങള്‍ വര്‍ധിക്കുകയാണ്. ടൊയോട്ടയുടെ പ്രീമിയം ബ്രാന്‍ഡായ ലെക്‌സസിനും കേരളത്തില്‍ സമാനമായ വളര്‍ച്ചയാണ് ഉണ്ടായത്. ആഴ്ചയില്‍ കൊച്ചിയിലെ ഷോറൂമില്‍ നിന്ന് അഞ്ചില്‍ അധികം യൂണീറ്റുകള്‍ കമ്പനി വില്‍ക്കുന്നുണ്ട്.

ഹൈബ്രിഡ് വാഹനങ്ങള്‍ മാത്രം വില്‍ക്കുന്ന ലെക്‌സസിലേക്ക് മറ്റ് പ്രീമിയം ബ്രാന്‍ഡുകളില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്‌തെത്തുന്ന ആളുകളാണ് കൂടുതല്‍. ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നേടുന്ന മെഴ്‌സിഡസ് ബെന്‍സിനാണ് കേരളത്തില്‍ ഏറ്റവും അധികം അന്വേഷണങ്ങള്‍ എത്തുന്നത്. 2022 കലണ്ടര്‍ വര്‍ഷം ആദ്യ രണ്ടുപാദത്തില്‍ മാത്രം ഏകദേശം 9,000 യൂണീറ്റ് വാഹനങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്.

രാജ്യത്തെ ഏതെങ്കിലും ഒരു മേഖല തിരിച്ചുള്ള വാഹനങ്ങളുടെ വില്‍പ്പന ബെന്‍സ് പുറത്തു വിടാറില്ല. അതേ സമയം കേരളത്തിലെ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത് 2021ല്‍ 560 വാഹനങ്ങള്‍ മെഴ്‌സിഡസ് ബെന്‍സ് കേരളത്തില്‍ വിറ്റെന്നാണ്. സംസ്ഥാനത്തെ വില്‍പ്പന കുത്തനെ ഉയരുകയാണെന്ന് ബെന്‍സിന്റെ കേരളത്തിലെ ഡീലര്‍മാരായ കോസ്റ്റല്‍ സ്റ്റാറും വ്യക്തമാക്കി. ഓഡി, ബിഎംഡബ്യൂ, ലാന്‍ഡ്‌റോവര്‍ ഉള്‍പ്പടെ എല്ലാ മോഡലുകളുടെയും ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്.

വിതരണ ശൃംഖലയിലെ തടസങ്ങള്‍ സംസ്ഥാനത്തെ ബുക്കിംഗ് കാലാവധിയും ഉയര്‍ത്തി. ഡീലര്‍മാര്‍ നേരിടുന്ന പ്രധാന പ്രശ്‌നവും മോഡലുകള്‍ എത്തുന്നതിലുള്ള കാലതാമസമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ പ്രീമിയം യൂസ്ഡ് കാറുകള്‍ തെരഞ്ഞെടുക്കുന്നുണ്ടെന്നാണ് ഈ മേഖലയിലെ പ്രമുഖരായ ഹര്‍മാന്‍ മോട്ടോഴ്‌സ് പറയുന്നത്. അത് കൂടാതെ പ്രീമീയം സെഗ്മെന്റിലെ ആദ്യ വാഹനം എന്ന നിലയില്‍ യൂസ്ഡ് കാറുകള്‍ പരിഗണിക്കുന്നവരും ഉണ്ട്. ഓരോ മാസവും 12-13 വാഹനങ്ങള്‍ ഹര്‍മാന്‍ വില്‍ക്കുന്നുണ്ട്.

രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും ഉല്‍പ്പാദനച്ചിലവ് ഉയര്‍ന്നത് കാട്ടി തുടര്‍ച്ചയായ ഇടവേളകളില്‍ വില ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വില വര്‍ധനവ് വിപണിയെ ബാധിക്കുന്നില്ല എന്നതാണ് വില്‍പ്പനയിലെ വര്‍ധനവ് ചൂണ്ടിക്കാണിക്കുന്നത്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it