

രാജ്യത്ത് ലക്ഷ്വറി വാഹനങ്ങളുടെ (Luxury Vehicles Sales) വില്‍പ്പന കുത്തനെ ഉയര്‍ന്നു. 2022 വര്‍ഷത്തെ ആദ്യപകുതിയിലെ ലക്ഷ്വറി വാഹനങ്ങളുടെ വില്‍പ്പന 55 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ജൂണ്‍-ജുലൈ കാലയളവില്‍ 17,000 യൂണിറ്റ് ലക്ഷ്വറി വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 11,000 യൂണിറ്റുകളുടെ വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയത്. പണപ്പെരുപ്പത്തിനിടയിലും നീണ്ട കാത്തിരിപ്പ് കാലയളവുകള്‍ക്കിടയിലുമാണ് ഉപഭോക്താക്കള്‍ ലക്ഷ്വറി വാഹനങ്ങളോട് താല്‍പ്പര്യം കാണിക്കുന്നത്.
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ (Mercedes Benz) വില്‍പ്പനയില്‍ വന്‍കുതിപ്പാണുണ്ടായത്. ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വില്‍പ്പനയില്‍ 56 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 2018 ലെ ആദ്യപകുതിയിലെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് ശേഷം ഒരു വര്‍ഷത്തെ ആദ്യപകുതിയില്‍ നേടുന്ന ഉയര്‍ന്ന വില്‍പ്പനയും ഇതാണ്. 7,573 യൂണിറ്റുകളാണ് ഇക്കാലയളവില്‍ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. അതേസമയം, പുതിയ ഉല്‍പ്പന്ന ലോഞ്ചുകളുടെയും നിലവിലുള്ള വാഹനങ്ങളുടെ തുടര്‍ച്ചയായ ഡിമാന്‍ഡിന്റെയും പശ്ചാത്തലത്തില്‍ രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന രണ്ടാം പാദ വില്‍പ്പനയാണ് മെഴ്സിഡസ് ബെന്‍സ് നേടിയത്.
മെഴ്സിഡസ് ബെന്‍സിന്റെ പ്രധാന എതിരാളിയായ ബിഎംഡബ്ല്യുവിന്റെ (BMW Cars) വില്‍പ്പനയും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ഇക്കാലയളവില്‍ 379 മിനി യൂണിറ്റുകള്‍ ഉള്‍പ്പെടെ 5,570 യൂണിറ്റുകളാണ് ബിഎംഡബ്ല്യു വിറ്റഴിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine