കാറിനോളം വില കാറിന്റെ നമ്പരിന്; മഹാരാഷ്ട്രയില്‍ വണ്ടി നമ്പരുകളുടെ മോഹവില കേട്ടാല്‍ ഞെട്ടും

വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ 'വി.ഐ.പി' ആകണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ കൈപൊള്ളും. കൂടുതല്‍ ലക്ഷങ്ങള്‍ ഇറക്കേണ്ടി വരും. സംസ്ഥാനത്ത് വാഹനങ്ങളുടെ വി.ഐ.പി രജിസ്‌ട്രേഷന്‍ നമ്പരുകള്‍ക്ക് ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. മുംബൈ, പൂനെ, താനെ, റായ്ഗഡ്, ഔറംഗാബാദ്, കോലാപ്പൂര്‍, നാസിക് തുടങ്ങിയ വലിയ നഗരങ്ങളിലാണ് ഇത്തരം ഫാന്‍സി നമ്പരുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്. 10 വര്‍ഷത്തിന് ശേഷമാണ് മഹാരാഷ്ട്രയില്‍ ഫീസുകള്‍ വര്‍ധിപ്പിക്കുന്നത്.

ഫാന്‍സി നമ്പരായ '0001' ന് ഫീസ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. നിലവിലുള്ള ശ്രേണികളില്‍ ഈ നമ്പരിന് ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമായാണ് വര്‍ധിപ്പിച്ചത്. ടൂവീലര്‍, ത്രീവീലര്‍ എന്നിവക്ക് നേരത്തെ 50,000 രൂപയായിരുന്ന ഫീസ് ഒരു ലക്ഷമായും ഉയര്‍ത്തി.

കാറിനോളം വില വി.ഐ.പി നമ്പരിന്

മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ച സീരീസുകളില്‍ പെടാത്ത നമ്പരാണ് വേണ്ടതെങ്കില്‍ ചിലപ്പോള്‍ പുതിയൊരു വാഹനത്തിന്റെ വില തന്നെ നല്‍കേണ്ടി വരും. '0001' എന്ന നമ്പര്‍ നിലവിലുള്ള സീരീസില്‍ ലഭ്യമല്ലെങ്കില്‍ ഫോര്‍ വീലറുകള്‍ക്കും കൂടുതല്‍ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്കും ഫീസായി 15 ലക്ഷം രൂപ അടക്കണം. ചില സാചര്യങ്ങളില്‍ ഇത് 18 ലക്ഷം രൂപ വരെയാണ്. ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇത് മൂന്നുലക്ഷം രൂപയാണ്. ഇത്തരം വി.ഐ.പി നമ്പരുകള്‍ ജീവിത പങ്കാളിക്കോ അടുത്ത ബന്ധുക്കള്‍ക്കോ സമ്മാനമായി നല്‍കുന്നതിനും പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്.

വില്‍ക്കാനുണ്ട് നമ്പരുകളേറെ

വന്‍കിട ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരാണ് വി.ഐ.പി നമ്പരുകള്‍ക്കായി മുന്‍നിരയിലുള്ളത്. ഏറ്റവുമധികം ഡിമാന്റുള്ള '0001' എന്ന നമ്പരിനു പുറമെ ആവശ്യക്കാരേറെയുള്ള നൂറുകണക്കിന് നമ്പരുകളുടെ ഫീസും വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ രജിസ്‌ട്രേഷന്‍ സീരീസിലും 240 വി.ഐ.പി നമ്പരുകളാണ് ഉയര്‍ന്ന ഫീസ് ഈടാക്കി നല്‍കുന്നത്. 0009, 0099, 0999, 9999, 0786 എന്നീ നമ്പരുകളും ഇതില്‍ ഉള്‍പ്പെടും. ഇത്തരം നമ്പരുകള്‍ക്ക് ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് 1.5 ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷമായി വര്‍ധിപ്പിച്ചു. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും ഇത് 20,000 രൂപയില്‍ നിന്ന് 50,000 ആയും കൂട്ടിയിട്ടുണ്ട്.

വാഹന ഉടമകള്‍ ആവശ്യപ്പെടുന്ന നമ്പരുകളുടെ ഫീസിലും വര്‍ധന വരും. ഈ വിഭാഗത്തില്‍ 16 പ്രത്യേക നമ്പരുകള്‍ക്ക് ഫോര്‍ വീലറുകള്‍ക്ക് നിവിലുള്ള 70.000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി വര്‍ധിപ്പിച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് 15,000 രൂപയുണ്ടായിരുന്നത് 25,000 ആയി ഉയരും. മറ്റു 49 നമ്പരുകള്‍ക്ക് 50.000 രൂപയായിരുന്നത് 70,000 ആയും കൂട്ടിയിട്ടുണ്ട്.

ആറ് മാസം വരെ കാത്തിരിക്കാം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലെ മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സീരീസിന് പുറത്തുള്ളതും വേറിട്ടതുമായ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ക്ക് സാധാരണയായി അപേക്ഷിക്കാറുണ്ട്. വര്‍ധിച്ചു വരുന്ന ഡിമാന്റ് കണക്കിലെടുത്ത് നമ്പരിനായുള്ള കാത്തിരിപ്പ് കാലാവധി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പുതിയ വാഹനം വാങ്ങി, വി.ഐ.പി നമ്പരിന് കാത്തിരിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ആറു മാസം വരെ സമയം നീട്ടി നല്‍കും. നേരത്തെ ഇത് ഒരു മാസമായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് വി.ഐ.പി നമ്പര്‍ ഉണ്ടാകില്ല. എങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഫീസ് ഇളവോടെ അനുവദിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

Related Articles
Next Story
Videos
Share it