എം.എസ് ധോണിയുടെ പുതിയ നിക്ഷേപം ഇവിടെയാണ്; കളി ഇനി ഇന്‍ഷുറന്‍സിന്റെ ക്രീസില്‍

ബംഗളുരു ആസ്ഥാനമായ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി ധോണി നിയമിതനായി
MS Dhoni
MS Dhoni
Published on

ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ നിക്ഷേപം പുതിയ മേഖലയിലേക്ക്. ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പായ അക്കോ (Acko)യിലെ പുതിയ നിക്ഷേപത്തോടെ വാഹന ഇന്‍ഷുറന്‍സ് വിപണിയിലും ധോണി ശ്രദ്ധാ കേന്ദ്രമാകുകയാണ്. നിക്ഷേപ തുക വ്യക്തമാക്കിയിട്ടില്ല. അക്കോയുടെ ബ്രാന്‍ഡ് അംബാസഡറായി ധോണി നിയമിതനായി. ധോണിയുടെ കുടുംബ സ്ഥാപനമായ മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്‍ഷുറസ് ലളിതമാകണമെന്ന് ധോണി

വാഹനങ്ങളോടുള്ള തന്റെ ഇഷ്ടം കൊണ്ടാണ് വാഹന ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തുന്നതെന്ന് എം.എസ്. ധോണി പറഞ്ഞു. പലപ്പോഴും അനാവശ്യമായി സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നതാണ് വാഹന ഇന്‍ഷുറന്‍സ് ഇടപാടുകള്‍. ആശയകുഴപ്പങ്ങളില്ലാതെ സുതാര്യമായി പോളിസി കൈകാര്യം ചെയ്യാന്‍ കഴിയണം. അക്കോയുടെ ബിസിനസ് രീതികള്‍ ലളിതമാണ്. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതും വിശ്വാസ്യത നിലനിര്‍ത്തുന്നതുമായ ഒരു ബിസിനസ് മോഡലാണ് അവര്‍ക്കുള്ളത്. ധോണി പറഞ്ഞു.

7.8 കോടി ഉപയോക്താക്കള്‍

2016 ല്‍ ബംഗളുരു ആസ്ഥാനമായി ആരംഭിച്ച അക്കോ ഗ്രൂപ്പ്, ഓട്ടോമൊബൈല്‍ ഇന്‍ഷുറന്‍സിന് പുറമെ ഹെല്‍ത്ത്,ട്രാവല്‍ തുടങ്ങിയ മേഖലകളിലും ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. 7.8 കോടി ഉപയോക്താക്കളിലൂടെ ഇതിനകം 100 കോടി പോളിസികള്‍ നല്‍കി. 2024 മാര്‍ച്ചിലെ വാര്‍ഷിക കണക്ക് പ്രകാരം 2,106 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധിച്ചു. ഇതിനകം കമ്പനിക്ക് 45.8 കോടി ഡോളറിന്റെ ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്.

എം.എസ് ധോണിയുമായുള്ള പങ്കാളിത്തം കമ്പനിക്ക് വിപണിയില്‍ പുതിയ മുന്നേറ്റത്തിന് സഹായിക്കുമെന്ന് അക്കോ സ്ഥാപകന്‍ വരുണ്‍ ദുവ പറഞ്ഞു. വിശ്വാസം, അച്ചടക്കം, ശാന്തത എന്നിവയുടെ പര്യായമാണ് ധോണി. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയെ വളര്‍ത്തുന്നതിന് ധോണിയുടെ കടന്നു വരവ് ഗുണം ചെയ്യും. വരുണ്‍ ദുവ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com