Begin typing your search above and press return to search.
ഒരുമിക്കുന്നത് വാഹന ലോകത്തെ കിടിലന്മാർ, വരും ബാറ്ററിയില്‍ ഓടുന്ന അടിപൊളി എസ്.യു.വികള്‍
വാഹന നിര്‍മാതാക്കളിലെ അതികായരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ പതിപ്പായ സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗണ്‍ ഇന്ത്യയും സംയുക്ത സംരംഭത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ സാങ്കേതിക വിദ്യ, ചെലവ്, വെഹിക്കിള്‍ പ്ലാറ്റ്‌ഫോം എന്നിവ 50:50 എന്ന അനുപാതത്തില്‍ പരസ്പരം കൈമാറാന്‍ ഇരുകമ്പനികളും ഒരുങ്ങുന്നതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോസില്‍ ഇന്ധങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍-വിദേശ വിപണികളിലേത്തിക്കാന്‍ ബാറ്ററിയില്‍ ഓടുന്ന എസ്.യു.വികള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷാവസാനത്തോടെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല.
പൂനെയ്ക്കടുത്ത് ചക്കനിലുള്ള ഇരുകമ്പനികളുടെയും പ്ലാന്റുകളായിരിക്കും സംയുക്ത സംരംഭത്തിനായി ഉപയോഗിക്കുന്നത്. ഒരു ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയുമായി സഹകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സ്‌കോഡ ഓട്ടോ ഗ്ലോബല്‍ സി.ഇ.ഒ ക്ലോസ് സെല്‍മര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സ്‌കോഡ ഇന്ത്യ വിട്ടേക്കുമോ എന്ന അഭ്യൂഹവും വാഹനലോകത്ത് സജീവമായിരുന്നു. എന്നാല്‍ സ്‌കോഡയും മഹീന്ദ്രയും കൈകോര്‍ക്കുന്നുവെന്ന വാര്‍ത്ത വാഹനപ്രേമികള്‍ക്കും ആവേശമായിട്ടുണ്ട്.
മഹീന്ദ്രയുടെ പ്ലാന്‍ ഇങ്ങനെ
അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇവി ബിസിനസില്‍ 12,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് മഹീന്ദ്രയുടെ പ്രഖ്യാപനം. കൂടാതെ ഇന്റേണല്‍ ഇന്റേണല്‍ കമ്പസ്റ്റ്ഷ്യന്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന യുട്ടിലിറ്റി വാഹനങ്ങള്‍ക്കായി 14,000 കോടി രൂപ നിക്ഷേപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. മാത്രവുമല്ല ഇന്ത്യന്‍ വിപണിയില്‍ കിടിലന്‍ എസ്.യു.വികള്‍ ഇറക്കുന്ന മഹീന്ദ്ര ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ എകസ്.യു.വി 400 മാത്രമാണ് കമ്പനിയുടെ ഇവി ശ്രേണിയിലുള്ളത്. ആറ് വര്‍ഷത്തിനുള്ളില്‍ ഏഴ് പുതിയ ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.
രണ്ടും കല്‍പ്പിച്ച് ഫോക്‌സ് വോഗണ്‍
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിര്‍മാണ കമ്പനിയാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഫോക്‌സ് വാഗണിന് സാധിച്ചിട്ടില്ല. വാഹനങ്ങള്‍ക്കും സര്‍വീസിനും ഉയര്‍ന്ന തുക ഈടാക്കേണ്ടി വരുന്നതും കൊറിയന്‍, ജാപ്പനീസ് എതിരാളികളോടുമായുള്ള ശക്തമായ മത്സരവുമാണ് കമ്പനിക്ക് തിരിച്ചടിയാകുന്നത്. സ്‌കോഡ, ഫോക്‌സ് വാഗണ്‍, പോര്‍ഷേ, ഔഡി എന്നീ ബ്രാന്‍ഡുകള്‍ ചേര്‍ന്ന ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ വിറ്റത് 88,421 യൂണിറ്റുകളാണ്. തൊട്ടുമുന്‍ വര്‍ഷത്തെ വില്‍പ്പനയേക്കാള്‍ 9 ശതമാനം കുറവ്. കമ്പനിയുടെ വിപണി വിഹിതത്തിലും ഈ കാലയളവില്‍ കുറവുണ്ടായി. അതുകൊണ്ട് തന്നെ മഹീന്ദ്ര പോലൊരു ഇന്ത്യന്‍ ബ്രാന്‍ഡുമായി സഹകരിക്കുന്നത് ഫോക്‌സ് വാഗണിനും ഗുണമാകും.
ഇരുകമ്പനികള്‍ക്കും നേട്ടമാകും
ഇന്ത്യന്‍ വാഹന വിപണിയിലെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പരസ്പരം സഹകരിക്കുന്നത് ഇരുകമ്പനികള്‍ക്കും നേട്ടമാണെന്നാണ് വാഹന രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായി ഇലക്ട്രിക് വാഹന രംഗത്ത് വലിയ മാറ്റം കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതുമായി സഹകരിക്കാന്‍ വലിയ നിക്ഷേപം ആവശ്യമായി വരുന്നത് വാഹന നിര്‍മാതാക്കള്‍ക്ക് മുന്നിലെ വെല്ലുവിളിയാണ്. പരസ്പര സഹരണത്തിലൂടെ ഇത് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
Next Story
Videos