

ഇന്ത്യൻ വാഹന വിപണി ഒരു വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്ന വര്‍ഷമായി 2025 മാറി. ആഗോള വാഹന നിർമ്മാതാക്കളെ പിന്നിലാക്കി സ്വദേശി കമ്പനികളായ മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും വിപണിയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നതിന് പോയ വര്‍ഷം സാക്ഷ്യം വഹിച്ചു. ഇതിനെ കേവലം വിൽപനയിലെ വർധനവ് മാത്രമായല്ല, മറിച്ച് ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചിയിലും മുൻഗണനകളിലും വന്ന വലിയ മാറ്റത്തിന്റെ സൂചന കൂടിയായി കാണാവുന്നതാണ്.
ബ്രാൻഡ് പാരമ്പര്യത്തേക്കാൾ ഉപരിയായി വാഹനങ്ങളുടെ സുരക്ഷ, വിശ്വാസ്യത, പരിപാലന ചെലവ് എന്നിവയ്ക്കാണ് ഉപഭോക്താക്കൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വാഹനങ്ങൾ നിർമ്മിക്കുന്നതിൽ സ്വദേശി കമ്പനികൾ വിജയിച്ചു എന്നതിൻ്റെ തെളിവാണ് ഈ മുന്നേറ്റം.
സ്കോർപിയോ-എൻ, എക്സ്.യു.വി 700, താർ, എക്സ്.യു.വി 3XO തുടങ്ങിയ കരുത്തുറ്റ എസ്.യു.വി മോഡലുകള്‍ മഹീന്ദ്രയെ വിപണിയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ വളരെയധികം സഹായിച്ചു. സാങ്കേതിക തികവും മെക്കാനിക്കൽ കരുത്തുമുള്ള വാഹനങ്ങൾ ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വിപണിയില്‍ ലഭ്യമാക്കാനായത് മഹീന്ദ്രയ്ക്ക് തുണയായി. വില കുറച്ച് വിൽക്കുന്നതിനേക്കാൾ ഗുണമേന്മയുള്ള എഞ്ചിനീയറിംഗിന് മുൻഗണന നൽകിയതും വില്‍പ്പനയില്‍ പ്രതിഫലിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളിൽ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ടാറ്റ മോട്ടോഴ്സിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. നെക്സോൺ, പഞ്ച്, ഹാരിയർ, സഫാരി തുടങ്ങിയ മോഡലുകൾ കുടുംബങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടി. മികച്ച ബിൽഡ് ക്വാളിറ്റിയും വിപുലമായ സർവീസ് ശൃംഖലയും ടാറ്റയുടെ വിശ്വാസ്യത വർധിപ്പിച്ചു.
ഇലക്ട്രിക് വാഹന (EV) വിപണിയിലും ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ആധിപത്യം തുടർന്നു. നെക്സോൺ ഇവി, ടിയാഗോ ഇവി എന്നിവയിലൂടെ സാധാരണക്കാർക്ക് ഇലക്ട്രിക് കാറുകൾ പ്രാപ്യമാക്കി. അതേസമയം, BE6, XEV9E തുടങ്ങിയ മോഡലുകളിലൂടെ ഇ.വി വിപണിയിൽ മഹീന്ദ്ര ശക്തമായ സാന്നിധ്യമറിയിച്ചു.
ആഗോള പ്രവണതകളെ പിന്തുടരുന്നതിന് പകരം പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുന്ന നിലയിലേക്ക് ഇന്ത്യൻ വാഹന നിർമ്മാതാക്കൾ വളരുന്ന കാഴ്ചയാണ് 2025 ൽ കാണാനായത്. ഇന്ത്യൻ വാഹന വ്യവസായത്തിന്റെ ആത്മവിശ്വാസം വിളിച്ചോതുന്ന ഒന്നായി ഇത് മാറിയതും ശ്രദ്ധേയമാണ്.
Mahindra and Tata Motors surged to second and third place in the Indian auto market in 2025, reflecting a shift in consumer preferences and local manufacturing excellence.
Read DhanamOnline in English
Subscribe to Dhanam Magazine