

ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമില്‍ (ഭാരത് എന്‍ക്യാപ്) മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ ഇ-എസ്.യു.വികളായ ബിഇ 6, എക്‌സ്.ഇ.വി 9ഇ വാഹനങ്ങള്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് കരസ്ഥമാക്കി. സുരക്ഷയുടെ അടിസ്ഥാനത്തില്‍ കാറുകള്‍ക്ക് റേറ്റിംഗ് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ സംവിധാനമാണ് ഭാരത് എന്‍ക്യാപ്.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഏറ്റവും മികച്ച സ്‌കോറോടെയാണ് ഇരു വേരിയന്റുകളും 5 സ്റ്റാര്‍ റേറ്റിംഗ് നേട്ടം സ്വന്തമാക്കിയത്. അഡല്‍റ്റ് ഒക്യുപെന്റ് പ്രൊട്ടക്ഷനില്‍ (എഒപി) 32ല്‍ 32 സ്‌കോറും എക്‌സ്.ഇ.വി 9ഇ കരസ്ഥമാക്കി. ബിഇ 6 32ല്‍ 31.97 സ്‌കോര്‍ നേടി. ചൈല്‍ഡ് ഒക്യുപെന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ ഇരു മോഡലുകളും 49ല്‍ 45ഉം നേടി.
ഇതോടെ ഭാരത് എന്‍ക്യാപ് റേറ്റിംഗ് നേടിയ എസ്.യു.വികളില്‍ ഇന്ത്യന്‍ റോഡുകളിലെ ഏറ്റവും സുരക്ഷിതമായ എസ്.യു.വികളായി മഹീന്ദ്ര ബിഇ 6, എക്‌സ്.ഇ.വി 9ഇ വാഹനങ്ങള്‍ മാറി. മഹീന്ദ്രയുടെ ഥാര്‍ റോക്‌സ്, എക്‌സ്.യു.വി 3എക്‌സ്ഒ, എക്‌സ്.യു.വി 400 എന്നീ മോഡലുകളും അടുത്തിടെ ഭാരത് എന്‍ക്യാപ് സ്‌കെയിലില്‍ മികച്ച റേറ്റിംഗ് നേടിയിരുന്നു. എക്‌സ്.യു.വി 700, സ്‌കോര്‍പിയോ എന്‍ എന്നിവ ഗ്ലോബല്‍ എന്‍ക്യാപ് സ്‌കെയിലിന് സമാനമായ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്.
അഡാസ്, എമര്‍ജന്‍സി ബ്രേക്കിംഗ്, ഏഴ് എയര്‍ ബാഗുകള്‍ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് മഹീന്ദ്ര ബിഇ 6, എക്‌സ്.ഇ.വി 9ഇ വാഹനങ്ങളിലുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine