

ഹ്യുണ്ടായിയെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിർമ്മാതാക്കളായി മഹീന്ദ്ര & മഹീന്ദ്ര. ഫെബ്രുവരിയിലെ വാഹന വില്‍പ്പനയിലാണ് മഹീന്ദ്ര വലിയ മുന്നേറ്റം കാഴ്ചവെച്ചത്. 83,702 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ കമ്പനിയുടെ മൊത്തം വാഹന വിൽപ്പന. 15 ശതമാനം വാർഷിക വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്.
എസ്.യു.വി വിഭാഗത്തില്‍ വലിയ മുന്നേറ്റമാണ് കമ്പനി കാഴ്ചവെക്കുന്നത്. എസ്‌യുവി വിഭാഗത്തില്‍ ആഭ്യന്തര വിപണിയില്‍ 50,420 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2024 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനം വർധനവാണ് ഇത്. മഹീന്ദ്രയുടെ എസ്‌യുവി വിൽപ്പന ആറ് മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് 50,000 യൂണിറ്റ് മറികടക്കുന്നത്. എതിരാളികളെ അപേക്ഷിച്ച് ഈ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കമ്പനിയുടെ മൊത്തത്തിലുളള വില്‍പ്പനയെ വലിയ തോതില്‍ ഉയര്‍ത്തുന്നുണ്ട്.
സ്കോർപ്പിയോ-എൻ, XUV700, XUV 3XO, ബൊലേറോ നിയോ, ഥാർ തുടങ്ങിയവയാണ് മഹീന്ദ്രയുടെ ഏറ്റവും വില്‍പ്പനയുടെ കാറുകള്‍. ജനുവരിയില്‍ സ്കോർപ്പിയോ-എൻ മോഡല്‍ 15,442 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ XUV700 ന്റെ 8,399 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. കമ്പനിയുടെ ഏറ്റവും പുതിയ സെന്‍സേഷണല്‍ വാഹനമായ ഥാറിന്റെ 7,557 യൂണിറ്റുകളുടെ വില്‍പ്പനയാണ് ജനുവരി മാസം നടന്നത്.
അതേസമയം ഹ്യുണ്ടായിയുടെ ഫെബ്രുവരിയിലെ ആഭ്യന്തര വിൽപ്പന 47,727 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 50,201 യൂണിറ്റുകളെ അപേക്ഷിച്ച് 4.93 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്.
ഫെബ്രുവരിയിലെ മൊത്തം വിൽപ്പനയിൽ നേരിയ വർധനവോടെ മാരുതി സുസുക്കി ഇന്ത്യന്‍ പാസഞ്ചർ വാഹന വിപണിയിൽ ആധിപത്യം നിലനിർത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ 1,97,471 യൂണിറ്റുകളിൽ നിന്ന് നേരിയ വർധനവോടെ 1,99,400 യൂണിറ്റുകളുടെ വിൽപ്പനയാണ് മാരുതി രേഖപ്പെടുത്തിയത്.
ടാറ്റ മോട്ടോഴ്‌സിന്റെ വിൽപ്പനയിൽ ഇടിവ് നേരിട്ടു. ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ മാസത്തെ 51,321 യൂണിറ്റുകളിൽ നിന്ന് 9 ശതമാനം കുറഞ്ഞ് 46,811 യൂണിറ്റുകളായി.
Read DhanamOnline in English
Subscribe to Dhanam Magazine