വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് മഹീന്ദ്ര: നേരത്തെ ബുക്ക് ചെയ്തതിനും ബാധകമാണോ ? അറിയാം


2021 ല്‍ വാഹന വില ഉയര്‍ത്തുമെന്ന് കമ്പനി വ്യക്തമാക്കിയതിന് പിന്നാലെ വില വര്‍ധന പ്രഖ്യാപനവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. മുംബൈ ആസ്ഥാനമായുള്ള വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര വ്യക്തിഗത, വാണിജ്യ വാഹനങ്ങളുടെ നിരക്കില്‍ 1.9 ശതമാനം വര്‍ധനവാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
മോഡലിനും വാരിയന്റിനുമനുസരിച്ച് 4,500 മുതല്‍ 40,000 രൂപ വരെ വാഹനങ്ങളുടെ വില ഉയരുമെന്ന് കമ്പനി വ്യക്തമാക്കി. കമ്പനി പുതുതായി പുറത്തിറക്കിയ താറിനും വിലവര്‍ധന ബാധകമാകും. പുതിയ താറിന്റെ കാര്യത്തില്‍, 2020 ഡിസംബര്‍ 1 നും 2021 ജനുവരി 7 നും ഇടയില്‍ നടത്തിയ എല്ലാ ബുക്കിംഗുകള്‍ക്കും നിലവിലെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് മഹീന്ദ്ര പറഞ്ഞു.
താറിന് ജനുവരി എട്ടു മുതലുള്ള എല്ലാ ബുക്കിംഗുകള്‍ക്കും ഡെലിവറി സമയത്തുള്ള വില ബാധകമാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.'ഇന്‍പുട്ട് ചെലവിലുള്ള വര്‍ധനവും കമ്മോഡിറ്റി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവും കാരണം വാഹന നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്' എം ആന്റ് എം ഓട്ടോമോട്ടീവ് ഡിവിഷന്‍ സി ഇ ഒ വിജയര്‍ നാക്ര പറഞ്ഞു.
ചെലവ് കുറയ്ക്കുന്നതിനും വിലവര്‍ധനവ് കുറയ്ക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ഇന്‍പുട്ട് ചെലവ് വര്‍ധനവ് കാരണം വാഹനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി ഒന്ന് മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.


Related Articles
Next Story
Videos
Share it