വില 9.99 ലക്ഷം രൂപ, തിമിംഗലത്തിന്‍റെ ഗാംഭീര്യത്തോടെ മഹീന്ദ്ര മറാസോ
മറാസോ എന്ന സ്പാനിഷ് വാക്കിന്‍റെ അര്‍ത്ഥം തിമിംഗലം. പേര് അന്വര്‍ത്ഥമാക്കുന്നതുപോലെ തിമിംഗലത്തിന്‍റെ തലയെടുപ്പുമായി മഹീന്ദ്രയുടെ മറാസോ ആകര്‍ഷകമായ വിലയില്‍ നിരത്തിലേക്ക്. ഈ മോഡലിന്‍റെ രൂപകല്‍പ്പനയില്‍ തിമിംഗലം എന്ന തീമാണ് മഹീന്ദ്ര സ്വീകരിച്ചിരിക്കുന്നത്. 7-8 സീറ്റ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. മറാസോയുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപയിലാണ്.
മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ, റിനോ ലോഡ്ജി തുടങ്ങിയവയായിരിക്കും മാറാസോയുടെ പ്രധാന എതിരാളികള്‍. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും മറാസോയ്ക്ക് കരുത്തുപകരുന്നത്.
മറാസോയില്‍ രൂപകല്‍പ്പനയ്ക്കും ആത്യാധുനിക സാങ്കേതികവിദ്യയ്ക്കും ഏറെ പ്രാധാന്യം മഹീന്ദ്ര നല്‍കിയിട്ടുണ്ട്. ഗ്രില്‍, ടെയ്ല്‍ലൈറ്റ് തുടങ്ങിയവയിലൊക്കെ തിമിംഗലത്തിന്‍റെ വിവിധ ഭാവങ്ങളോട് സാദൃശ്യം തോന്നാം. പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്ലാമ്പ്, എല്‍ഇഡി ഫോഗ് ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങി സവിശേഷതകളേറെ. മള്‍്ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡ്യൂവല്‍-പോഡ് ഇന്‍സ്ട്രമെന്‍റ് ക്ലസ്റ്റര്‍, എയര്‍ക്രാഫ്റ്റ് ശൈലിയിലുള്ള ഹാന്‍ഡ്ബ്രേക്ക് എന്നിങ്ങനെ ഇന്‍റീരിയറും ആഡംബരഭാവം നിറഞ്ഞതാണ്. ഇബിഡിയോട് കൂടിയ എബിഎസ്, ബ്രേക്ക് അസിസ്റ്റ്, രണ്ട് എയര്‍ബാഗുകള്‍ തുടങ്ങിയവയുമായി സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു.
ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്‍റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, മഹീന്ദ്ര ടെലിമാറ്റിക്സ്, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.