വരുന്നു, താറിലെ 'കരുത്തന്‍'

2020 ഒക്ടോബറില്‍ മഹീന്ദ്ര പുറത്തിറക്കിയ താറിന്റെ സെക്കന്‍ഡ് ജനറേഷന്‍ വകഭേദത്തിന് വിപണിയില്‍ വന്‍ ഡിമാന്റുണ്ടാവുക മാത്രമല്ല, ഏറെ ജനപ്രിയമാവുകയും ചെയ്തിരുന്നു. ഈ വാഹനത്തിനായി രാജ്യമെമ്പാടുമുള്ള പല നഗരങ്ങളിലും ബുക്ക് ചെയ്താലും മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതിനിടയിലും മഹീന്ദ്ര താറില്‍ പല പരിഷ്‌കാരങ്ങളും നടത്തുന്നതായി സൂചനകളുണ്ടായെങ്കിലും അക്കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

എന്നാല്‍ വാഹനപ്രേമികള്‍ക്കും ഓഫ് റോഡ് യാത്രികര്‍ക്കും സന്തോഷമേകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. താറിനെ ഏറെ കരുത്തുറ്റതാക്കാന്‍ 180 ബി എച്ച് പി എന്‍ജിനുമായി പുതിയ വകഭേദം കമ്പനി പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സ്‌പൈ ഓട്ടോന്യൂസ് നല്‍കുന്ന വിവരമനുസരിച്ച് മഹീന്ദ്ര നിലവില്‍ കൂടുതല്‍ ശക്തമായ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പരീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം പകുതിയോടെ ഈ വാഹനം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
പുതിയ എന്‍ജിനെ കുറിച്ചുള്ള മികച്ച വിശദാംശങ്ങളും സാങ്കേതിക സവിശേഷതകളും ഇതുവരെ അറിവായിട്ടില്ല. എന്നിരുന്നാലും, പുതിയ താറിനെ ശക്തിപ്പെടുത്തുന്ന അതേ 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ മഹീന്ദ്ര ഉപയോഗിക്കും. പുതിയ വാഹനത്തിന് 180 പി എസ് വരെ പവര്‍ ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ എന്‍ജിന്‍ ട്യൂണ്‍ ചെയ്യും. ടോര്‍ക്ക് ഫിഗറിലും മാറ്റമുണ്ടാകും. നിലവില്‍ 150 പിഎസ് പവറാണ് താറിനുള്ളത്.
കൂടുതല്‍ കരുത്തുറ്റ എന്‍ജിന്‍ ഉപയോഗിച്ച് മഹീന്ദ്ര താറിന് ദേശീയപാതകളില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ കഴിയും. കൂടാതെ, ഓഫ്-റോഡ് ട്രാക്കുകളില്‍ മികച്ച പ്രകടനവും കാഴ്ച്ചവെക്കാനാകും. നിലവില്‍ 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് താര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പരമാവധി 150 പി എസും 320 എന്‍ എം പീക്ക് ടോര്‍ക്കുമാണ് ഉല്‍പാദിപ്പിക്കുന്നത്. ഡീസല്‍ 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിന്‍ പരമാവധി പവര്‍ 130 പി എസും 320 എന്‍ എം പീക്ക് ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ധനവുമായി ബന്ധപ്പെട്ടുള്ള വിവരം മഹീന്ദ്ര ഇതുവരെ പുറത്തുവിട്ടിട്ടില്ല. താറിന്റെ പെട്രോള്‍ എന്‍ജിന്‍ വേരിയന്റിന് വളരെയധികം ഡിമാന്‍ഡുണ്ടെന്നതിനാല്‍ തന്നെ അത് ഭാവിയില്‍ അതേപടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Related Articles

Next Story

Videos

Share it