

ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി മഹീന്ദ്ര എക്സ്ഇവി 9എസ്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 7 സീറ്റര്‍ എസ്യുവിയായി മാറി. ഇന്ധന വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒരുപോലെ പിന്നിലാക്കിയാണ് ഈ നേട്ടം. ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടുന്ന രാജ്യത്തെ ആദ്യത്തെ 7 സീറ്റര്‍ ഇലക്ട്രിക് വാഹനമെന്ന ബഹുമതിയും എക്സ്ഇവി 9എസ് സ്വന്തമാക്കി.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.15 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 45 പോയിന്റും നേടിയാണ് വാഹനം കരുത്ത് തെളിയിച്ചത്.
ഭാരത് എന്‍ക്യാപില്‍ ഇതുവരെ പരീക്ഷിച്ച എല്ലാ 7 സീറ്റര്‍ വാഹനങ്ങളിലും വെച്ച് ഏറ്റവും ഉയര്‍ന്ന സ്കോറായ 76.15 പോയിന്റാണ് എക്സ്ഇവി 9എസ് നേടിയത്. ഇതോടെ മഹീന്ദ്രയുടെ ഇന്‍ഗ്ലോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച മൂന്ന് ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളും 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കി.
2025 നവംബറില്‍ പുറത്തിറങ്ങിയ മഹീന്ദ്ര എക്സ്ഇവി 9എസില്‍ ഏഴ് എയര്‍ബാഗുകള്‍, അഞ്ച് റഡാറുകളും വിഷന്‍ ക്യാമറയുമുള്ള ലെവല്‍ 2+ അഡാസ്, ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നത് തിരിച്ചറിയുന്ന സംവിധാനം, ലൈവ് വ്യൂവും റെക്കോര്ഡിംഗുമുള്ള സെക്യൂര്‍360 പ്രോ തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine