നെക്സോണിന് 'ഷോക്ക്' നല്‍കാന്‍ മഹീന്ദ്ര; ഇലക്ട്രിക് വിപണിയിലേക്ക്‌ എക്‌സ്‌യുവി 3എക്‌സ്ഒ ഇവി എത്തി!

വെറും 8.3 സെക്കന്‍ഡില്‍ 100 കി.മീ വേഗത കൈവരിക്കുന്ന വാഹനം ടാറ്റ നെക്‌സോണ്‍ ഇവിക്കായിരിക്കും പ്രധാന വെല്ലുവിളിയാവുക.
നെക്സോണിന് 'ഷോക്ക്' നല്‍കാന്‍ മഹീന്ദ്ര; ഇലക്ട്രിക് വിപണിയിലേക്ക്‌ എക്‌സ്‌യുവി 3എക്‌സ്ഒ ഇവി എത്തി!
Published on

ഇന്ത്യന്‍ എസ്.യു.വി വിപണിയിലെ കരുത്തരായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ എക്‌സ്‌യുവി 3 എക്‌സ്‌ ഒ പുറത്തിറക്കി. ആധുനിക ഡിസൈനും അത്യാധുനിക സാങ്കേതികവിദ്യയും സമ്മേളിക്കുന്ന ഈ വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില 13.89 ലക്ഷം രൂപയാണ്. 2024 ഏപ്രിലില്‍ വിപണിയിലെത്തിയ 3എക്സ്ഒ പെട്രോള്‍/ഡീസല്‍ പതിപ്പുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയാണ് ഇലക്ട്രിക് മോഡലിലേക്കും വേഗത്തില്‍ ചുവടുവെക്കാന്‍ മഹീന്ദ്രയ്ക്ക് പ്രേരണയായത്. ഇതിനകം 1.80 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച 3എക്സ്ഒ പ്ലാറ്റ്ഫോമിലാണ് പുതിയ ഇവിയും ഒരുക്കിയിരിക്കുന്നത്.

കരുത്താര്‍ന്ന പ്രകടനവും മികച്ച റേഞ്ചും

പ്രകടനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കരുത്താണ് ഈ വാഹനത്തിനുള്ളത്. 39.4 കിലോവാട്ട് ബാറ്ററി പാക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനത്തിന് യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ ഒറ്റ ചാര്‍ജില്‍ 285 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 8.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്യുവിക്ക് സാധിക്കും. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും എന്നതും പ്രത്യേകതയാണ്. ഡ്രൈവറുടെ താല്പര്യത്തിനനുസരിച്ച് ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഇതില്‍ ലഭ്യമാണ്.

അത്യാധുനിക സൗകര്യങ്ങളുമായി ഇന്റീരിയര്‍

ഇന്റീരിയറില്‍ വിപണിയിലെ മറ്റ് മുന്‍നിര മോഡലുകളോട് മത്സരിക്കാന്‍ തക്കവണ്ണമുള്ള സൗകര്യങ്ങളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. പനോരമിക് സണ്‍റൂഫ്, ഡോള്‍ബി അറ്റ്‌മോസോടു കൂടിയ 7 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സംവിധാനം, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി ഉള്‍പ്പെടെ 80-ലധികം ഫീച്ചറുകളുള്ള 'അഡ്രിനോക്സ്' സാങ്കേതികവിദ്യ എന്നിവ വാഹനത്തെ പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഡ്യുവല്‍ സോണ്‍ എസി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ യാത്രക്കാര്‍ക്ക് മികച്ച യാത്രാസുഖം വാഗ്ദാനം ചെയ്യുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല

സുരക്ഷയുടെ കാര്യത്തിലും രാജ്യാന്തര നിലവാരമാണ് മഹീന്ദ്ര ഉറപ്പാക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളും ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗും ഉള്‍പ്പെടുന്ന ലെവല്‍ 2 അഡാസ് (ADAS) സംവിധാനം വാഹനത്തിലുണ്ട്. 360 ഡിഗ്രി ക്യാമറയും നാല് വീലുകളിലെ ഡിസ്‌ക് ബ്രേക്കുകളും ഉള്‍പ്പെടെ 35-ഓളം സുരക്ഷാ ഫീച്ചറുകള്‍ വാഹനത്തിന് കരുത്തേകുന്നു. അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ് പോലുള്ള സംവിധാനങ്ങളും ഇതിലുണ്ട്.

വിലയും വേരിയന്റുകളും

പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. എഎക്സ്5 മോഡലിന് 13.89 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ എഎക്സ്7എല്‍ മോഡലിന് 14.96 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. കൂടാതെ 50,000 രൂപ അധികം നല്‍കുന്നവര്‍ക്ക് വീട്ടില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന 7.2 kW വാള്‍ ചാര്‍ജറും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. ടാറ്റ നെക്‌സോണ്‍ ഇവിക്ക് വലിയൊരു ഭീഷണിയാകും ഈ പുത്തന്‍ മഹീന്ദ്ര മോഡലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com