MAHINDRA XEV 9e, ബാറ്ററി ലൈഫില്‍ ഞെട്ടിച്ച സ്റ്റാര്‍ പെര്‍ഫോര്‍മര്‍!

ഇലക്ട്രിക് വാഹനങ്ങളുടെ മുന്നില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഓരോ വാഹന നിര്‍മാതാക്കളും വന്നുകൊണ്ടിരിക്കുകയാണ്. ബാറ്ററി ലൈഫിനുള്ള ഉത്തരവുമായാണ് മഹീന്ദ്ര എത്തുന്നത്. ഇലക്ട്രിക് വാഹന ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടിയുമായി മഹീന്ദ്ര നിരത്തിലിറക്കുന്ന XEV 9e കൂപേ എസ്‌യുവി ആണ് ഈ സ്റ്റാര്‍ പേര്‍ഫോര്‍മര്‍.

എക്സ്റ്റീരിയര്‍

എന്‍ഡ് ടു എന്‍ഡ് ഡിആര്‍എല്‍, വീതിയുള്ള ഗ്രില്‍, പിയാനോ ബ്ലാക്ക് ബമ്പര്‍, ഏ പില്ലറില്‍ നിന്നും ഗ്രില്ലില്‍ എത്തുന്ന ബോള്‍ഡ് ബോണെറ്റ് ലൈന്‍, മധ്യഭാഗത്ത് സ്വയം തെളിയുന്ന ഇന്‍ഫിനിറ്റി ലോഗോ എന്നിവ ചേര്‍ന്ന് കാറിന്റെ മുന്‍വശത്തെ ആഗ്രസീവ് ആക്കുന്നു. ജൂവല്‍ ഡിസൈന്‍ ആണ് ഹെഡ് ലാമ്പുകള്‍ക്ക് നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ഫ്ളാറ്റ് ബോണറ്റില്‍ നിന്നും ഉയര്‍ന്ന് പിന്നിലേക്ക് സ്ലോപ് ആയി കൂപേ സ്റ്റൈലിന്റെ ഡൈനാമിക് സ്റ്റാന്‍സ് കാണാം. 2775 എംഎം വീല്‍ ബേസും 207 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും മുന്നിലും പിന്നിലും ഉള്ള ഓവര്‍ ഹാങും ചേര്‍ന്ന് വശങ്ങളും കൂടുതല്‍ ആഗ്രസീവ് ആക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ആയി എയ്റോ ഇന്‍സെര്‍ട്സ് ഉള്ള 19 ഇഞ്ച് അലോയ് വീലുകളാണ് കൊടുത്തിരിക്കുന്നതെങ്കിലും ഓപ്ഷണലായി 20 ഇഞ്ച് വീലും ലഭ്യമാണ്. രണ്ട് ടോണുകളില്‍ ഉള്ള ഒആര്‍വിഎമ്മി
ല്‍
(Outside Rear View Mirror) തന്നെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. 360 ഡിഗ്രി ക്യാമറയും അതില്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്. മുന്നിലെ പോലെയാണ് പിന്നിലും എന്‍ഡ് ടു എന്‍ഡ് എല്‍ഇഡി ടെയില്‍ ലാമ്പ്. ഷൈന്‍ ചെയ്യുന്ന പിയാനോ ബ്ലാക്ക് ബമ്പര്‍, ബോള്‍ഡ് ലെറ്ററില്‍ XEV 9eയും ഇന്‍ഫിനിറ്റി ലോഗോയും ചേര്‍ന്ന് പിന്‍ വശവും കൗതുകമാക്കുന്നു. കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള എല്ലാ കാര്യങ്ങളും XEV 9eയുടെ ഡിസൈന്‍ കോണ്‍സെപ്റ്റില്‍ മഹീന്ദ്ര ചേര്‍ത്തിരിക്കുന്നു.


ഇന്റീരിയര്‍
അകത്തേക്ക് കയറുമ്പോള്‍ തന്നെ ശ്രദ്ധയില്‍ പെടുന്നത് കോസ്റ്റ് ടു കോസ്റ്റ് കൊടുത്തിരിക്കുന്ന മൂന്ന് സ്‌ക്രീനുകളാണ്. ആറാം തലമുറ അഡ്രിനോ ജനറല്‍ പ്രോസസിംഗ് യൂണിറ്റിന് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസ് ഉള്ള ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റത്തിന് 16 സ്പീക്കറുകള്‍ ആണുള്ളത്. രണ്ട് സ്പോക്ക് ഉള്ള പുതിയ സ്റ്റിയറിംഗ് വീലിന്റെ ബോട്ടം ഫ്ളാറ്റ് ആണോ അല്ലയോ എന്ന് സംശയം തോന്നും.




സ്റ്റിയറിംഗ് സ്പോക്കിന്റെ മധ്യഭാഗത്ത് ഇന്‍ഫിനിറ്റി ലോഗോയും ഇടതു വശം ഇന്‍ഫോട്ടെയ്ന്‍മെന്റ് കണ്‍ട്രോളും വലതുവശം
ADAS
കണ്‍ട്രോളും ആണുള്ളത്. കൂടാതെ അതിന് ഹെഡ്സ് അപ്പ് ഡിസ്പ്ലേയും ഉണ്ട്. സോഫ്റ്റ് ടച്ചും ഹാര്‍ഡ് ടച്ചും സംയോജിപ്പിച്ചുള്ള മെറ്റീരിയല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. സെന്റര്‍ കണ്‍സോള്‍, ആഡംബര കാറുകളോട് താരതമ്യം ചെയ്യാവുന്ന രീതിയിലാണ് കാറിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സീറ്റ് അഡ്ജസ്റ്റ്മെന്റ് ബട്ടണുകള്‍ ഡോര്‍ പാനലില്‍ ആണ് കൊടുത്തിരിക്കുന്നത്. മുന്നിലും പിന്നിലും വൈറ്റ്-ഗ്രേ കളര്‍ കോമ്പിനേഷനില്‍ ഉള്ള ലെതര്‍ സീറ്റുകള്‍ സുഖപ്രദം ആണ്. പിന്‍ സീറ്റുകളുടെ ഹെഡ് റസ്റ്റ് റിയര്‍ വ്യൂ തടസപ്പെടുത്തുന്നു എന്നത് ഒരു കുറവ് തന്നെയാണ്.

പെര്‍ഫോമന്‍സ്

59 കിലോവാട്ട് അവര്‍, 79 കിലോവാട്ട് അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററിപാക്ക് വേരിയന്റുകളിലാണ് XEV 9e ലഭിക്കുന്നത്. 380 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും 282 ബിഎച്ച്പിയും ഉല്‍പ്പാദിപ്പിക്കുന്ന 79 കിലോവാട്ട് അവര്‍ വേരിയന്റ് ആണ് ഞാന്‍ ഡ്രൈവ് ചെയ്തത്. പിന്‍ ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടര്‍ ശക്തി പകരുന്നത് പിന്‍ വീലുകളിലേക്കാണ്. പൂജ്യത്തില്‍ നിന്നും 100kmph എത്താന്‍ വെറും 6.8 സെക്കന്റ് മതിയാകും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് ഉള്ളത്.
ഈ പേരുകളില്‍ നിന്നു തന്നെ അവയുടെ ഉപയോഗം മനസിലാക്കാവുന്നതാണ്. റേഞ്ച്, എവരിഡേ മോഡില്‍ നിന്ന് ഓവര്‍ടേക് ചെയ്യാന്‍ റേസ് മോഡിലേക്ക് മാറ്റേണ്ട ആവശ്യം ഉണ്ടാവില്ല. വളരെ എളുപ്പത്തില്‍ 80-100 കിലോമീറ്റര്‍ സ്പീഡ് ഹൈവേയില്‍ ക്രൂസ് ചെയ്യാന്‍ സാധിക്കും. 175 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കേവലം 20 മിനിറ്റ് മതിയാകും. സര്‍ട്ടിഫൈഡ് റേഞ്ച് 656 കിലോമീറ്റര്‍ ആണ്. മഹീന്ദ്രയുടെ ഇന്‍ഹൗസ് റിയല്‍ വേള്‍ഡ് ടെസ്റ്റിംഗില്‍ 533 കിട്ടിയെന്ന് അവകാശപ്പെടുന്നു.


സുരക്ഷ
ഇന്ത്യന്‍ ഡ്രൈവിംഗ് രീതി മുന്‍നിര്‍ത്തിയുള്ള എമര്‍ജന്‍സി ബ്രേക്കിംഗ് ഉള്‍പ്പെടെ ഒട്ടനേകം സവിശേഷതകളും ഹെഡ്സ് അപ്പ് ഡിസ്പ്ലേയും ഉള്ള ADAS Level II, 6 എയര്‍ ബാഗുകള്‍, ഹൈ സ്റ്റിഫ്നസ് ബോഡി ഷെല്‍, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്ക്, ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 200ല്‍ അധികം സ്‌പോട്ടുകളില്‍ പാര്‍ക്ക് ചെയ്യാന്‍ പ്രോഗ്രാം ഉള്ള ഓട്ടോ പാര്‍ക്ക് സിസ്റ്റം, DOMOS (Driver and Occupant Monitoring Sstyem) എന്നിവയാണ് XEV 9e യില്‍ സുരക്ഷയ്ക്കായി ഉള്ളത്.
XEV 9e ബേസ് വേരിയന്റിന് എക്സ് ഷോറൂം വില 21 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന്റെ വില പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 30 ലക്ഷത്തിന് താഴെ പ്രതീക്ഷിക്കാം.
(ധനം മാഗസീന്‍ 2024 ഡിസംബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)
Suresh Narayanan
Suresh Narayanan - Senior Automobile Journalist  
Related Articles
Next Story
Videos
Share it