മാരുതി ബ്രെസ്സയ്ക്ക് എതിരാളിയായി മഹീന്ദ്ര XUV300 എത്തി

കോമ്പാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ മാരുതിയുടെ ബ്രെസ്സയുടെ ആധിപത്യം ഇനിയും തുടരാനാകുമോ? കാത്തിരുന്ന് തന്നെ കാണേണ്ടിവരും. കാരണം ശക്തനായ ഒരു എതിരാളിയാണ് എത്തിയിരിക്കുന്നത്. മഹീന്ദ്ര XUV 300. നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ആകര്‍ഷകമായ വിലയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത. പെട്രോള്‍ വകഭേദത്തിന്റെ വില 7.90 ലക്ഷം രൂപയിലും ഡീസല്‍ വകഭേദത്തിന്റെ വില 8.49 ലക്ഷം രൂപയിലുമാണ് ആരംഭിക്കുന്നത്.

സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യം കൊടുത്താണ് മഹീന്ദ്ര ഈ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തില്‍ ആദ്യമായാണ് ഏഴ് എയര്‍ബാഗുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, നാല് പവര്‍ വിന്‍ഡോകള്‍ എന്നിവ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉയര്‍ന്ന മോഡലുകളില്‍ ഏഴിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് കാമറ, ക്രൂസ് കണ്‍ട്രോള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സണ്‍റൂഫ്, ഏഴ് എയര്‍ബാഗുകള്‍ എന്നിവയുണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഇവയിലുള്ളത്. രണ്ട് വിഭാഗത്തിലും സിക്‌സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഉള്ളത്. ഓട്ടോമാറ്റിക് വകഭേദം അടുത്തകാലത്ത് ഉണ്ടാകില്ല. പെട്രോള്‍ വകഭേദത്തിന് ഒരു ലിറ്ററിന് 17 കിലോമീറ്ററും ഡീസല്‍ വകഭേദത്തിന് ലിറ്ററിന് 20 കിലോമീറ്ററും ആണ് ഇന്ധനക്ഷമത.

സാംയോംഗ് റ്റിവോലി X100 പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന നാല് മീറ്ററില്‍ താഴെ നീളമുള്ള മോഡലാണിത്. ഈ വിഭാഗത്തില്‍ ഏറ്റവും വീതിയുള്ള കോമ്പാക്റ്റ് എസ്.യു.വി ആണിത്.

Related Articles
Next Story
Videos
Share it