മാറ്റം വരുന്നു, ടോപ്‌സ്പീഡിൽ

മാറ്റം വരുന്നു, ടോപ്‌സ്പീഡിൽ
Published on

സര്‍വീസ് സെന്ററുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടും

ഭാവിയില്‍ നിരത്തിലിറങ്ങുന്നത് ബഹുഭൂരിപക്ഷവും ഇലക്ട്രിക് കാറുകളായിരിക്കും. 2030ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരത്തില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായെന്നിരിക്കും. ഇപ്പോള്‍ നിരത്തിലോടുന്ന കാറുകള്‍ക്ക് 1800 മുതല്‍ 2000 വരെ അനങ്ങുന്ന ഘടകഭാഗങ്ങളാണ് ഉള്ളത്. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഇത് 18 എണ്ണമേയുള്ളു. ഇലക്ട്രിക് കാറുകള്‍ ദീര്‍ഘനാള്‍ നീളുന്ന വാറന്റിയോടെയായിരിക്കും വില്‍ക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ മാറ്റാനും പുതിയത് വെക്കാനും 10 മിനിറ്റ് മാത്രമേ വേണ്ടൂ. കേടായ ഇലക്ട്രിക് മോട്ടോറുകള്‍ ഡീലര്‍ഷിപ്പുകളില്‍ ആയിരിക്കില്ല റിപ്പയര്‍ ചെയ്യുന്നത്. റോബോട്ടുകളുടെ സഹായത്തോടെ അവ റിപ്പയര്‍ ചെയ്ത് ഡീലര്‍ഷിപ്പിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ കമ്പനിക്കുണ്ടാകും.

പെട്രോള്‍ ആര്‍ക്കും വേണ്ടാതാകും

പെട്രോള്‍ പമ്പുകള്‍ അപ്രത്യക്ഷമാകും. പകരം മുക്കിലും മൂലയിലും ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമാകും. ഇപ്പോള്‍ തന്നെ വികസിത രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലമായിക്കഴിഞ്ഞു. കല്‍ക്കരി വ്യവസായങ്ങള്‍ ഇല്ലാതാകും. എണ്ണ കമ്പനികള്‍ക്ക് പ്രസക്തി നഷ്ടപ്പെടും. എണ്ണഖനനം വ്യാപകമായി കുറയും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാകും. പരമ്പരാഗത ഇന്ധനത്തില്‍ ഓടുന്ന കാറുകള്‍ അപ്രത്യക്ഷമാകുന്നതോടെ നഗരങ്ങളിലെ വായുമലീകരണം ക്രമാതീതമായി കുറയും. വാഹനങ്ങളുടെ ഇരമ്പല്‍ കൊണ്ട് ശബ്ദമുഖരിതമായിരുന്ന നിരത്തുകള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ നിശബ്ദമാകും.

ഓട്ടോണമസ് കാറുകള്‍

2018ല്‍ തന്നെ ഈ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഈ രണ്ട് വര്‍ഷം കൊണ്ട് തനിയെ ഓടുന്ന കാറുകള്‍ ലോകത്ത് വലിയ വിപ്ലവമായിരിക്കും സൃഷ്ടിക്കുക. ഭാവിയില്‍ നിങ്ങള്‍ക്ക് സ്വന്തമായി കാര്‍ ആവശ്യമുണ്ടാകില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒരുപക്ഷെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കേണ്ട ആവശ്യം പോലും ഉണ്ടാകില്ല. ഫോണില്‍ നിങ്ങള്‍ കാര്‍ എത്തേണ്ട സ്ഥലവും

പോകേണ്ട സ്ഥലവും കൊടുക്കുന്നു. കാര്‍ തനിയെ വന്ന് നിങ്ങളെ പിക്ക് ചെയ്ത് സുരക്ഷിതമായി എത്തേണ്ട സ്ഥലത്ത് എത്തിക്കും. ഡ്രൈവ് ചെയ്യേണ്ടതില്ലാത്തതിനാല്‍ കാറിലിരുന്ന് നിങ്ങള്‍ക്ക് ജോലി ചെയ്യാം. കുട്ടികള്‍ക്ക് ഇതില്‍ മുതിര്‍ന്നവരുടെ സഹായമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം.

തികച്ചും ഫ്യൂച്ചറിസ്റ്റിക്

ഭാവിയിലെ കാറുകളെ വാഹനങ്ങള്‍ എന്ന് വിളിക്കാനാകില്ല. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോടെ പ്രവര്‍ത്തിക്കുന്ന കീഠ (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) ഡിവൈസുകളായിരിക്കും അവ. അത്യാധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അവ വ്യക്തിഗതമായ ഡ്രൈവിംഗ് അനുഭവമായിരിക്കും തരുന്നത്. അത്തരത്തിലുള്ള അല്‍ഗോരിതങ്ങളായിരിക്കും കാറില്‍ ഉപയോഗിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ സാങ്കേതികവിദ്യയില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇവയില്‍ രാത്രിയില്‍ ചാര്‍ജ് ചെയ്യുന്ന സമയത്ത് ഓട്ടോമാറ്റിക്കായി സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടക്കും.

അപകടങ്ങള്‍ കുറയും

ഇന്ന് റോഡ് അപകടങ്ങളില്‍ ഓരോ വര്‍ഷവും പൊലിയുന്നത് ലക്ഷക്കണക്കിന് ജീവനുകളാണ്. സാങ്കേതികവിദ്യ വളരുമ്പോഴും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോഴും അതിന് അനുസരിച്ച് അപകടങ്ങളും കുറയും. ഓട്ടോണമസ് കാറുകളില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് വളരെ വിരളമായിട്ടായിരിക്കും. മനുഷ്യന്‍ ഓടിക്കുന്ന വാഹനങ്ങളിലും ഇപ്പോഴുള്ളതിലും കൂടുതല്‍ സുരക്ഷാ

ഫീച്ചറുകള്‍ ഉണ്ടാകും. ഡ്രൈവര്‍ അസിസ്റ്റ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനങ്ങള്‍ നിരത്തിലോടുന്ന വാഹനങ്ങളില്‍ നിര്‍ബന്ധമാകും. അതുവഴി അപകടങ്ങളുടെ തോത് വളരെ കുറയും.

ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രസക്തി ഇല്ലാതാകും

അപകടങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലനില്‍പ്പ് പ്രശ്‌നമാകും. അതോടെ കാര്‍ ഇന്‍ഷുറന്‍സ് എന്ന ബിസിനസ് മോഡലിന് തന്നെ പ്രസക്തി നഷ്ടപ്പെടും. എന്നാലിത് മോട്ടോര്‍ ഇന്‍ഷുറന്‍സുകളുടെ കാര്യത്തിലാണ് സംഭവിക്കുന്ന്. മറ്റ് ഇന്‍ഷുറന്‍സുകള്‍ക്ക് പ്രാധാന്യം കൂടുകയേയുള്ളു.

3ഡി പ്രിന്റിംഗ്

എയര്‍ക്രാഫ്റ്റ് നിര്‍മ്മാണത്തില്‍പ്പോലും 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ പ്രസക്തി കൂടുകയാണ്. വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കപ്പെടും. പൂര്‍ണ്ണമായും ഈ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച കാറുകള്‍ക്കും ഏറെ സാധ്യതകളുണ്ട്. ഇത് നിര്‍മാണച്ചെലവ് കുറയ്ക്കും.

മാറിയില്ലെങ്കില്‍ നിലനില്‍പ്പില്ല

വരാന്‍ പോകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറിയില്ലെങ്കില്‍ അവര്‍ വിപണിയില്‍ നിന്ന് പുറത്താക്കപ്പെടും. ഈ ഭീഷണി മുന്നില്‍ക്കണ്ട് പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാം തന്നെ പുതിയ കാലത്തിനായുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഇനിയുള്ള കാലം ടെക് കമ്പനികളായിരിക്കും ഓട്ടോമൊബീല്‍ രംഗത്ത് നേട്ടം കൊയ്യുക. ഗൂഗിള്‍, ടെസ്ല, ആപ്പിള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ രംഗത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ച ഇപ്പോള്‍ തന്നെ പ്രകടമാണല്ലോ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com