2020 ല്‍ മാരുതി ആള്‍ട്ടോ രണ്ടാമനായി, അപ്പോള്‍ ഒന്നാമനാര് ?

എസ് യു വി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഹ്യുണ്ടായിയുടെ ക്രെറ്റയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു
2020 ല്‍ മാരുതി ആള്‍ട്ടോ രണ്ടാമനായി, അപ്പോള്‍ ഒന്നാമനാര് ?
Published on

2020ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറെന്ന നേട്ടം മാരുതി സ്വിഫ്റ്റിന്. മാരുതിയുടെ തന്നെ മിനി കാറായ ആള്‍ട്ടോയെ മറി കടന്നാണ് ഇന്ത്യന്‍ നിരത്തുകളില്‍ ശ്രദ്ധേയമായ സ്വിഫ്റ്റ് ഈ നേട്ടം കൈവരിച്ചത്.

നേരത്തെ 2018 ലാണ് ആള്‍ട്ടോയ്ക്ക് ഈ സ്ഥാനം നഷ്ടമായത്. അന്ന് സ്വിഫ്റ്റ് ഡിസെയറിന്റെ സെഡാന്‍ പതിപ്പായിരുന്നു ഏറ്റവും കൂടുതലായി വിറ്റുപോയത്. 2019 ല്‍ ആള്‍ട്ടോ ഈ സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.

മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയെ കോവിഡ് മഹാമാരി ബാധിച്ച വര്‍ഷത്തില്‍, മികച്ച പത്ത് വാഹനങ്ങളുടെ പട്ടികയിലെ എല്ലാ കാറുകളും വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. പുതിയ പ്രവേശകനായ കിയ സെല്‍റ്റോസ് മാത്രമാണ് ഇതില്‍നിന്ന് വ്യത്യസ്തം. 2019 ഓഗസ്റ്റിലാണ് കിയ സെല്‍റ്റോസ് പുറത്തിറങ്ങിയത്.

വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ലോക്ക്ഡൗണ്‍ കാരണം രണ്ട് മാസത്തെ വില്‍പ്പന കമ്പനികളെ പാടെ ബാധിച്ചു. വ്യവസായ അളവ് 2019 നെ അപേക്ഷിച്ച് 2020 ല്‍ 17 ശതമാനം കുറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്.

154,076 യൂണിറ്റുകള്‍ വിറ്റുപോയ ആള്‍ട്ടോ മുന്‍വര്‍ഷത്തേക്കാള്‍ 26 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്ന ഡിസയര്‍, ബ്രെസ്സ എന്നിവയ്ക്ക് യഥാക്രമം 37 ശതമാനവും 34 ശതമാനവും ഇടിവുണ്ടായി. സ്വിഫ്റ്റിനും പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്കും 16.2 ശതമാനം ഇടിവാണുണ്ടായത്. ഇത് ബലേനോയെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തി. 2019 ല്‍ പുറത്തിറങ്ങിയ എസ്-പ്രെസ്സോയുടെ 67,690 യൂണിറ്റാണ് വിറ്റുപോയത്.

ഡിസയറും ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് ഐ 20യുമാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഡീസല്‍ മോഡലുകള്‍ നിര്‍ത്തലാക്കാനുള്ള മാരുതിയുടെ തീരുമാനം കോംപാക്റ്റ് എസ് യു വി ബ്രെസ്സയിലും വലിയ സ്വാധീനം ചെലുത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന എസ് യു വി എന്ന നിലയില്‍ ബ്രെസ പിടി ശക്തമാക്കിയിരുന്നുവെങ്കിലും ഹ്യുണ്ടായ് വെന്യുവില്‍നിന്നും കിയ സോനെറ്റില്‍ നിന്നുമുള്ള കടുത്ത മത്സരവും ബ്രെസ്സയെ നാല് സ്ഥാനങ്ങള്‍ പിറകിലാക്കി.

ഏപ്രിലില്‍ ലോക്ക്ഡൗണിന് തൊട്ടുമുമ്പ് തന്നെ വില്‍പ്പനയില്‍ കുതിച്ചുയര്‍ന്ന ഹ്യൂണ്ടായിയുടെ മിഡ്-സൈസ് എസ് യു വി ക്രെറ്റ വില്‍പ്പനയില്‍ 2.75 ശതമാനം ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. 97,000 യൂണിറ്റ് വില്‍പ്പനയുള്ള ഇത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ് യു വിയായി. എതിരാളിയായ കിയ സെല്‍റ്റോസിനും ആദ്യ വര്‍ഷം തന്നെ ശക്തമായ പ്രകടനം കാഴ്ചവച്ചു. വില്‍പ്പനയില്‍ 57 യൂണിറ്റുകളുടെ വ്യത്യാസം മാത്രമാണ് ഈ രണ്ട് വാഹനങ്ങളും തമ്മിലുള്ളത്.

പരമ്പരാഗതമായി മാരുതി, ഹ്യുണ്ടായ് ബ്രാന്‍ഡുകളുടെ ആധിപത്യമുള്ള പട്ടികയില്‍ കിയ മാത്രമാണ് പുറത്തുനിന്നുള്ളത്. വില്‍പ്പനയില്‍ 40 ശതമാനം ഇടിവ് നേരിട്ട എലൈറ്റ് ഐ 20 ന്റെ സ്ഥാനത്തേക്കാണ് കിയ ഇടിച്ചുകയറിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com