പുതിയ കാർ സുരക്ഷാ സംവിധാനം സ്വാഗതം ചെയ്ത് മാരുതിയും ഹ്യൂണ്ടായിയും
പുതുതായി ആരംഭിച്ച ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (ഭാരത് എന്‍.സി.എ.പി) സ്വാഗതം ചെയ്ത് പ്രമുഖ കാര്‍ കമ്പനികള്‍. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പദ്ധതിയാണിത്. ഭാരത് എന്‍.സി.എ.പി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് ഉദ്ഘാടനം ചെയ്തു.
സ്വാഗതം ചെയ്ത് കമ്പനികള്‍
ഭാരത് എന്‍.സി.എ.പി പദ്ധതിയ്ക്ക് കീഴില്‍ ടെസ്റ്റിംഗിനായി നിലവില്‍ മൂന്ന് മോഡലുള്‍ വാഗ്ദാനം ചെയ്യുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. ഇതിനായി മാരുതി സുസുക്കി ബലേനോ, മാരുതി സുസുക്കി ബ്രെസ്സ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവ പുതുതായി പുറത്തിറക്കിയ ഭാരത് എന്‍.സി.എ.പി ടെസ്റ്റുകള്‍ക്കായി തയ്യാറാണെന്ന് കമ്പനി അറിയിച്ചു.
ഈ സംവിധാനം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിര്‍ബന്ധിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഏതൊരു കാര്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ഭാരതി പറഞ്ഞു. ഇത് സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുതിയെ കൂടാതെ ഹ്യൂണ്ടായ് കമ്പനിയും ഇന്ത്യയുടെ ഈ ക്രാഷ് ടെസ്റ്റിംഗ് സംവിധാനത്തിന് കീഴില്‍ കാര്‍ പരീക്ഷണത്തിനായി വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ഗ്ലോബല്‍ എന്‍.സി.എ.പി ടെസ്റ്റുകളില്‍ ഇതിനകം 5 നക്ഷത്ര റേറ്റിംഗ് നേടിയിട്ടുള്ള മഹീന്ദ്ര, സ്‌കോഡ, ഫോക്സ്‌വാഗണ്‍ തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ ഭാരത് എന്‍.സി.എ.പി സംവിധാനം പരീക്ഷിച്ചേക്കും.
സുരക്ഷ ഉറപ്പാക്കും
വിപണിയില്‍ ലഭ്യമായ വിവിധ മോട്ടോര്‍ വാഹനങ്ങളുടെ ക്രാഷ് സേഫ്റ്റി വിലയിരുത്തുന്നതിനും താരതമ്യം ചെയ്യുന്നതിനുമുള്ള സൗകര്യം കാര്‍ വാങ്ങുന്നവര്‍ക്ക് നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇവിടെ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ കാറുകള്‍ സ്വമേധയാ പരിശോധിക്കാം.പരിശോധനയ്ക്ക് ശേഷം കാറുകള്‍ക്ക് അഡല്‍റ്റ് ഒക്യുപന്റ്, ചൈല്‍ഡ് ഒക്യുപന്റ് സംരക്ഷണത്തിനായി സ്റ്റാര്‍ റേറ്റിംഗുകള്‍ ലഭിക്കും.
ഈ റേറ്റിംഗിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായി താരതമ്യം ചെയ്യാന്‍ കഴിയും. ഇത് സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിനും അവ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താവിന് കൃത്യമായ തീരുമാനമെടുക്കാനും സഹായിക്കും.ഭാരത് എന്‍.സി.എ.പി മാനദണ്ഡം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.