

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്.യുവികളില്‍ ഒന്നാണ് മാരുതി സുസൂകിയുടെ ബ്രെസ. പുതിയ അപ്‌ഡേറ്റുമായി എത്തുകയാണ് ബ്രെസ. ഈ അപ്‌ഡേറ്റ് വലിയ ടെക്നോളജി, ഡിസൈന്‍, പെര്‍ഫോമന്‍സ് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന.
പുതിയ മോഡലിലെ പ്രധാന ഹൈലൈറ്റ് 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ ആണ്. നിലവിലുള്ള ചെറിയ സ്‌ക്രീനിന് പകരം ഇത് വരുന്നത് ബ്രെസയെ കൂടുതല്‍ പ്രീമിയം ഫീലുള്ള എസ്.യുവിയാക്കും. ഇന്റീരിയറില്‍ പുതിയ ഡാഷ്‌ബോര്‍ഡ് ലേ ഔട്ട്, മെച്ചപ്പെട്ട മെറ്റീരിയല്‍സ്, പുതുക്കിയ കളര്‍ തീം എന്നിവ പ്രതീക്ഷിക്കുന്നു. കൂടാതെ, വെന്റിലേറ്റഡ് സീറ്റുകള്‍ പോലുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
മെക്കാനിക്കല്‍ മാറ്റങ്ങളും ഉണ്ടാകും. പുതിയ ബ്രെസ്‌ക്ക് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍ ലഭിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് നിലവിലെ എന്‍ജിനേക്കാള്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കും. അതേസമയം, നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും CNG വേരിയന്റും തുടരും. ടെസ്റ്റിംഗില്‍ കണ്ട 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ശ്രദ്ധേയമാണ്.
ഡിസൈനില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും ചില ചെറിയ അപ്‌ഡേറ്റുകള്‍ ഉണ്ടാകും. പുതുക്കിയ ഫ്രണ്ട് ഗ്രില്‍, ബമ്പര്‍, പുതിയ ഹെഡ്ലാമ്പ്, ടെയില്‍ലൈറ്റ് ഡിസൈന്‍, പുതിയ അലോയ് വീല്‍സ് എന്നിവ ബ്രെസക്ക് കൂടുതല്‍ മോഡേണ്‍ ലുക്ക് നല്‍കും. സി.എന്‍.ജി മോഡലില്‍ അണ്ടര്‍ബോഡി ടാങ്ക് ഉപയോഗിക്കാനാണ് സാധ്യത. ഇതോടെ ബൂട്ട് സ്പേസ് കൂടുതല്‍ ലഭിക്കും.
പുതിയ ബ്രെസ്സയ്ക്ക് ചെറിയ വില വര്‍ധന ഉണ്ടാകാം. 8.9 ലക്ഷം മുതല്‍ 14 ലക്ഷം വരെ (എക്സ്-ഷോറൂം) ആയിരിക്കും വില എന്ന് കണക്കാക്കുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വര്‍ഷം പകുതിക്ക് ശേഷമുള്ള ആഘോഷ സീസണില്‍ ലോഞ്ച് ഉണ്ടാകാനാണ് സാധ്യത.
കോംപാക്ട് എസ്.യുവി സെഗ്മെന്റില്‍ മത്സരം ശക്തം. പുതിയ മാറ്റം വഴി ബ്രെസയെ കൂടുതല്‍ ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. വലിയ സ്‌ക്രീന്‍, പുതിയ എന്‍ജിന്‍, മെച്ചപ്പെട്ട ഫീച്ചറുകള്‍ - ഇവയൊക്കെ ചേര്‍ന്ന് വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine