മാരുതി കാറുകള്‍ക്ക് ജൂണ്‍ മുതല്‍ ₹30,000 വരെ വില കൂടും; വാഹന നിര്‍മാതാക്കള്‍ ഒന്നിനു പിന്നാലെ ഒന്നായി വില വര്‍ധിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയവയും അടുത്തിടെ വില വര്‍ധിപ്പിച്ചിരുന്നു
മാരുതി കാറുകള്‍ക്ക് ജൂണ്‍ മുതല്‍ ₹30,000 വരെ വില കൂടും; വാഹന നിര്‍മാതാക്കള്‍ ഒന്നിനു പിന്നാലെ ഒന്നായി വില വര്‍ധിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്
Published on

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki India) കാറുകള്‍ക്ക് ജൂണ്‍ മുതല്‍ വില വര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 30,000 രൂപ വരെയാണ് വര്‍ധനവുണ്ടാകുകയെന്ന് കമ്പനി അറിയിച്ചു. ഉല്‍പാദന ചെലവ് കൂടിയതും വിപണിയിലെ പണപ്പെരുപ്പവുമാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ വിവരങ്ങളിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഉല്‍പാദന ചെലവ് വര്‍ധിച്ചതിന്റെ ഭാരം പൂര്‍ണമായും ഉപഭോക്താക്കളിലേക്ക് എത്തിക്കാതിരിക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി വിവിധ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാലും, പ്രതികൂലമായ വിപണി സാഹചര്യം നിലനില്‍ക്കുന്നതിനാലും വര്‍ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറാന്‍ കമ്പനി നിര്‍ബന്ധിതരാവുകയായിരുന്നു. എങ്കിലും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

വിവിധ മോഡലുകള്‍ക്കും അവയുടെ വകഭേദങ്ങള്‍ക്കും (Variants) അനുസരിച്ചായിരിക്കും വില വര്‍ധന നിലവില്‍ വരിക.

തുടര്‍ച്ചയായ വിലവര്‍ധന

ഉല്‍പാദന സാമഗ്രികളുടെ വില (Commodity costs), ലോജിസ്റ്റിക്‌സ്, പ്രവര്‍ത്തന ചെലവുകള്‍ എന്നിവ ഉയരുന്ന സാഹചര്യത്തില്‍ 2026-ല്‍ മാരുതി സുസുക്കി നടത്തുന്ന മറ്റൊരു വില പരിഷ്‌കരണമാണിത്. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിലയേറിയ ലോഹങ്ങള്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്ന സാഹചര്യത്തില്‍ വില വര്‍ധനയെക്കുറിച്ച് ആലോചിക്കുന്നതായി കഴിഞ്ഞ ഫെബ്രുവരിയിലും കമ്പനി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജി.എസ്.ടി നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് ആള്‍ട്ടോ കെ10, എസ്-പ്രെസ്സോ, സെലേറിയോ, വാഗണ്‍-ആര്‍ തുടങ്ങിയ എന്‍ട്രി ലെവല്‍ ചെറുകാറുകളുടെ വില മാരുതി സുസുക്കി കുറച്ചിരുന്നു. നികുതി ഇളവിനേക്കാള്‍ കൂടുതല്‍ തുക കുറച്ച് ആദ്യമായി കാര്‍ വാങ്ങുന്നവരെ ആകര്‍ഷിക്കാനായിരുന്നു അന്ന് ശ്രമിച്ചത്. ഇതിനുപിന്നാലെ ജനുവരിയില്‍ നടത്താനിരുന്ന വിലവര്‍ധനവ് കമ്പനി 15-20 ദിവസത്തേക്ക് നീട്ടിവെക്കുകയും ചെയ്തിരുന്നു.

നേരത്തെ, 2025 ജനുവരിയിലും ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകള്‍ മുന്‍നിര്‍ത്തി മോഡലുകള്‍ക്ക് 1,500 രൂപ മുതല്‍ 32,500 രൂപ വരെ മാരുതി വര്‍ധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ആദ്യ വില പരിഷ്‌കരണമാണിത്.

ടാറ്റ മോട്ടോഴ്‌സ് ഏപ്രിലില്‍ പാസഞ്ചര്‍ വാങ്ങളുടെ വില 1.5 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. അതേപോലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2.5 ശതമാനം വരെ വില ഉയര്‍ത്തിയപ്പോള്‍ ഹ്യുണ്ടായ് മോട്ടോഴ്‌സ് ഈ മാസം ആദ്യം ഒരു ശതമാനം വര്‍ധനയും വരുത്തി.

വാഹന വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിര്‍മാതാക്കള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് ഈ നീക്കം വിരല്‍ ചൂണ്ടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com