ഇന്ത്യയില്‍ ആര്‍ക്കാണ് കാര്‍ വാങ്ങാനാകുക? 1000ത്തില്‍ 34 പേര്‍ക്ക് മാത്രമാണ് സ്വന്തമായി കാറുള്ളത്! കേരളത്തിലോ?

സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം, പണപ്പെരുപ്പം, തൊഴില്‍ നഷ്ടം തുടങ്ങിയവയെല്ലാം വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്
a family sitting on a car
image credit : canva
Published on

ഇന്ത്യയില്‍ ആര്‍ക്കാണ് ഒരു കാര്‍ വാങ്ങാനാകുക? എന്താണ് അവരുടെ വരുമാന നിലവാരം? കാര്‍ ഉടമസ്ഥതയുടെ കാര്യത്തില്‍ ഇന്ത്യക്കാരെ മറ്റുള്ളവരുമായി എങ്ങനെ താരതമ്യം ചെയ്യാം? ഇന്ത്യയില്‍ കാര്‍ വില്‍പ്പന വളര്‍ച്ച മന്ദഗതിയിലാകുന്നത് എന്തുകൊണ്ടാണ്?

വാഹന പ്രേമികളും പ്ലാനര്‍മാരും പലപ്പോഴും ഉന്നയിക്കുന്ന ചോദ്യങ്ങളാണിവ. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയുടെ അഭിപ്രായത്തില്‍ 12 ലക്ഷം രൂപയില്‍ കുടുതല്‍ വാര്‍ഷിക വരുമാനമുള്ള 12 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമേ ഇന്ത്യയില്‍ കാര്‍ വാങ്ങാന്‍ കഴിയുന്നുള്ളൂ.

88 ശതമാനത്തിനും കാറില്ല

അതായത് 88 ശതമാനം കുടുംബങ്ങള്‍ക്കും ഒരു ചെറു കാറു പോലും താങ്ങാനാവില്ലെന്ന് അദ്ദേഹം പറയുന്നു.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന മന്ദഗതിയിലാണ്. 2024-25ല്‍ 4.3 ദശലക്ഷം കാറുകളാണ് വിറ്റത്. ചെറുകാറുകളുടെ വില്‍പ്പനയില്‍ 9 ശതമാനം കുറവുണ്ടായി. സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം, പണപ്പെരുപ്പം, തൊഴില്‍ നഷ്ടം തുടങ്ങിയവയെല്ലാം വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്.

ലോകത്തിലേറ്റവും കുറവ്

ഇന്ത്യയില്‍ 1000ല്‍ 34 പേര്‍ക്ക് മാത്രമാണ് സ്വന്തമായി കാറുള്ളത്. ഇക്കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞനിരക്കുകളില്‍ ഒന്നാണിത്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരംചൈനയില്‍ ആയിരത്തില്‍ ഏകദേശം 185 പേര്‍ക്കും യുഎസില്‍ ഏകദേശം 832 പേര്‍ക്കും സ്വന്തമായി കാറുണ്ട്. യൂറോപ്പില്‍ ഇതിനേക്കാളെല്ലാം കൂടുതലാണ്. ആഗോള ശരാശരി 314 ആണ്. പല സംസ്ഥാനങ്ങളിലേയും സ്ഥിതി ദേശീയ ശരാശരിയിലും താഴെയാണെങ്കില്‍ ഡല്‍ഹിയില്‍ 1000 ല്‍ 100 ല്‍ കൂടുതല്‍ പേര്‍ക്ക് സ്വന്തമായി കാറുണ്ട്. കേരളത്തില്‍ ആയിരത്തില്‍ 52 പേര്‍ക്കാണ് കാറുള്ളത്.

ആദായ നികുതി ഇളവിലും കാര്യമില്ല

അടുത്തിടെ കാര്‍ വില ശരാശരി 80,000 മുതല്‍ 90,000 രൂപ വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ആദായ നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ചെറിയ ഇളവുകള്‍ കാറുകളുടെ ഡിമാന്‍ഡ് ഉയര്‍ത്താന്‍ പര്യാപ്തമല്ലെന്ന് ഭാര്‍ഗവ അഭിപ്രായപ്പെടുന്നു. ആളുകള്‍ക്ക് ഇതിനേക്കാള്‍ വലിയ ആവശ്യങ്ങളും മുന്‍ഗണനകളുമുണ്ട്. വാഹനങ്ങളുടെ വില കുറയ്ക്കാന്‍ നികുതി കുറയ്ക്കുകയും വ്യവസായ സൗഹൃദ നയങ്ങള്‍ ആവിഷ്‌കരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.വെല്ലുവിളികളുടെ സമയമാണിത്. ആഗോള മാന്ദ്യത്തിനുള്ള സാധ്യത ഉയരുകയും നമ്മുടെ അതിര്‍ത്തികളില്‍ അസമാധാനം പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമീപകാലത്തൊന്നും വാഹന വില്‍പ്പന കൂടാന്‍ സാധ്യതയില്ല.

(ധനം മാഗസിന്‍ മെയ് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Maruti Suzuki Chairman highlights India’s low car ownership ratio, stressing the country’s potential for exponential automotive growth.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com