പ്രതീക്ഷിച്ച ഫലം ഇന്ത്യയ്ക്ക് ലഭിക്കില്ല, വീണ്ടും ഇലക്ട്രിക് വാഹനങ്ങളെ തള്ളി മാരുതി

അടുത്ത 10-15 വര്‍ഷത്തേക്ക് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രതീക്ഷിക്കുന്ന ഗുണം ഉണ്ടാക്കില്ലെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം, വൈദ്യുതി ഉല്‍പ്പാദനത്തില്‍ കല്‍ക്കരിയുടെ പങ്ക് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യ കല്‍ക്കരി കത്തിച്ചാണ് 75 ശതമാനം ഊര്‍ജ്ജവും ഉല്‍പ്പാദിപ്പിക്കുന്നത്. അതുകൊണ്ട് കാര്‍ബണ്‍ നിര്‍ഗമനം പ്രതീക്ഷിക്കുന്ന രീതിയില്‍ കുറയില്ല. അമേരിക്കക്കാരുടെ പ്രതിശീര്‍ഷവരുമാനത്തിന്റെ 5 ശതമാനം മാത്രമാണ് ഇന്ത്യക്കാരുടെ പ്രതിശീര്‍ശ വരുമാനം. യൂറോപ്പിലുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് ശതമാനവും. ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ചെറുകാറുകളും ഇരുചക്ര വാഹനങ്ങളും അപേക്ഷിച്ച് ഇവികള്‍ വളരെ വിലക്കൂടിയവ ആണെന്നും ആര്‍സി ഭാര്‍ഗവ പറഞ്ഞു.
ഇവി ബാറ്ററികള്‍ നിര്‍മിക്കാന്‍ നിക്കല്‍, കൊബാള്‍ട്ട്, ലിഥിയം പോലുള്ളവ ആവശ്യമാണ്. ഇവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യണം. ഇവിയിലേക്കുള്ള മാറ്റം ക്രൂഡ് ഓയില്‍ നിന്ന് ബാറ്ററി നിര്‍മാണ വസ്തുക്കളുടെ ഇറക്കുമതിയിലേക്കുള്ള മാറ്റം ആയിരിക്കുമെന്നും ആര്‍സി ഭാര്‍ഗവ ചൂണ്ടിക്കാട്ടി. കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാന്‍ സിഎന്‍ജി. ബയോ-സിഎന്‍ജി, എഥനോള്‍, ഹൈബ്രിഡ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടി ഓട്ടോ ഇവി കോണ്‍ക്ലേവ് 2022ല്‍ സംസാരിക്കവെയായിരുന്നു ആര്‍സി ഭാര്‍ഗവ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പകരം സിഎന്‍ജി വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് മാരുതി സുസുക്കി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ടാറ്റയും എംജി മോട്ടോഴ്‌സുമൊക്കെ ഇവി മേഖലയില്‍ മേധാവിത്വം തുടരുമ്പോള്‍, വിപണി സാഹതര്യം അനുകൂലമല്ലെന്നാണ് മാരുതിയുടെ നിലപാട്. 2022 ഓടെ മാത്രമേ മാരുതിയുടെ ആദ്യ ഇവി എത്തുകയുള്ളു. അതേസമയം ബാറ്ററി സാങ്കേതികവിദ്യയില്‍ മാരുതി നിക്ഷേപം നടത്തിയിട്ടുണ്ട്. ഗുജറാത്തില്‍ 1200 കോടിമുടക്കി മാരുതി, തോഷിബ, ഡെന്‍സോ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ബാറ്ററി സെല്‍ പ്ലാന്റ് കഴിഞ്ഞ വര്‍ഷം കമ്മീഷന്‍ ചെയ്തിരുന്നു.


Related Articles
Next Story
Videos
Share it