ഇതൊരു പൊളി പൊളിക്കും! ലോഞ്ചിന് മുമ്പേ ലീക്കായി പുതിയ സ്വിഫ്റ്റ് ഡിസയറിന്റെ ചിത്രങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കോംപാക്ട് സെഡാനുകളിലൊന്നായ മാരുതി സുസുക്കി ഡിസയറിനും തലമുറ മാറ്റം. മികച്ചത് ഒരു തുടക്കം മാത്രമാണെന്ന (The Best is just the beginning) ടാഗ് ലൈനോടെ എത്തുന്ന വാഹനത്തില്‍ നിരവധി മാറ്റങ്ങളും മാരുതി-സുസുക്കി വരുത്തിയിട്ടുണ്ട്. അടുത്ത മാസത്തെ ഔദ്യോഗിക ലോഞ്ചിന് മുമ്പ് വാഹനത്തിന്റെ ചിത്രങ്ങളും ലീക്കായി. ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും വരുത്തിയ മാറ്റങ്ങള്‍ പ്രകടമാകുന്ന ചിത്രങ്ങള്‍ ഇപ്പോല്‍ വാഹന ലോകത്ത് വൈറലാണ്.

പുതിയ മാറ്റങ്ങള്‍

പുതുതലമുറ സ്വിഫ്റ്റില്‍ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് ഡിസയറിന്റെ വരവ്. സ്വിഫ്റ്റിലുണ്ടായിരുന്ന ഹണി കോമ്പ് ഗ്രില്ലിന് പകരം ഹൊറിസോണ്ടല്‍ സ്ലാറ്റുകളുള്ള ഗ്രില്ലാണ് ഡിസയറില്‍ നല്‍കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ സിയാസിലേതിന് സാമ്യമുള്ള ഹെഡ്‌ലാംപ് യൂണിറ്റും മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത ബമ്പറും വാഹനത്തിന് കിടിലന്‍ ലുക്കും നല്‍കുന്നുണ്ട്. പുതിയ ഡുവല്‍ ടോണ്‍ അലോയ് വീലുകളാണ് മുന്നിലും പിന്നിലും നല്‍കിയിരിക്കുന്നത്. ക്രോം എലമെന്റിന്റെ ഫിനിഷിംഗില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ വൈ ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകളും ശ്രദ്ധേയം.

കൂടുതല്‍ ഫീച്ചറുകള്‍

ഏറ്റവും പുതിയ സ്വിഫ്റ്റിന് സമാനമായ ഇന്റീരിയറാകും ഡിസയറിലും നല്‍കുകയെന്നാണ് വിവരം. ഒപ്പം 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും പുതിയ സ്റ്റിയറിംഗ് വീലും ഉള്‍പ്പെടുത്തും. സെ്ഗ്‌മെന്റിലെ ആദ്യ ഇലക്ട്രോണിക് സണ്‍റൂഫ്, കൂടുതല്‍ ഫീച്ചറുകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തിലുണ്ടാകും. ഉയര്‍ന്ന മോഡലുകളില്‍ അഡാസ് ഫീച്ചറും ഉള്‍പ്പെടുത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, 6 എയര്‍ ബാഗുകള്‍, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 360 ഡിഗ്രീ ക്യാമറ തുടങ്ങിയ നിരവധി ഫീച്ചറുകലും ഡിസയറിലുണ്ടാകും.

എഞ്ചിന്‍

പുതുതലമുറ സ്വിഫ്റ്റിന് കരുത്ത് പകരുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഇസഡ് സീരീസ് പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ഡിസയറിലുമുണ്ടാവുക. 82 ബി.എച്ച്.പി കരുത്തും 112 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണിത്. പെട്രോളിന് പുറമെ സി.എന്‍.ജി പതിപ്പും വിപണിയിലെത്തിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. അടുത്ത ആഴ്ചകളില്‍ ബുക്കിംഗ് ആരംഭിക്കുന്ന വാഹനം നവംബര്‍ പകുതിയോടെ ഉപയോക്താക്കളിലെത്തും. ഹ്യൂണ്ടായ് ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍ എന്നിവരാണ് ഡിസയറിന്റെ പ്രധാന എതിരാളികള്‍. 6.99 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഡിസയറിന് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിന് 6.56 ലക്ഷം മുതല്‍ 9.39 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
Related Articles
Next Story
Videos
Share it