മാരുതിയുടെ 'ഇന്നോവ' ജൂലൈയിലെത്തും

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ പ്രീമിയം എംപിവി (Multi-Purpose Vehicle) അവതരിപ്പിക്കാന്‍ മാരുതി സുസുക്കി. 2023 ജൂലൈയോടെ മാരുതിയുടെ ഏറ്റവും വില കൂടിയ ഈ വാഹനം വില്‍പ്പനയ്ക്കെത്തും. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുമായാണ് പുതിയ മാരുതി എംപിവി എത്തുന്നത്.

പുതിയ മാരുതി എംപിവി ടൊയോട്ട ടിഎന്‍ജിഎ-സി ആര്‍ക്കിടെക്ചറില്‍ ആയിരിക്കും നിര്‍മ്മിക്കുക. ഇന്നോവ ഹൈക്രോസില്‍ കാണാവുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, കരുത്തുറ്റ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുകള്‍ മാരുതി എംപിവിക്കും കരുത്ത് പകരും.

ടൊയോട്ടയുമായി കൈകോര്‍ത്ത്

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കിയുമായി ചേര്‍ന്ന് ഒരു C-MPV പുറത്തിറാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ടൊയോട്ട റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞിരുന്നു. ഇന്നോവ ഹൈക്രോസിന്റെ ഒരു സഹോദര ഉല്‍പ്പന്നമായിരിക്കും ഈ പുതിയ എംപിവിയെന്ന് മാരുതി സുസുക്കി അറിയിച്ചു.

ഗ്രാന്‍ഡ് വിറ്റാരയുടേത് പോലെ ഇതും ടൊയോട്ടയുടെ ബിദാദി പ്ലാന്റില്‍ നിര്‍മ്മിച്ച് മാരുതി സുസുക്കിക്ക് വിതരണം ചെയ്യും. ജൂലൈയോടെ മാരുതിയുടെ ഈ പുതിയ വാഹനം വില്‍പ്പനയ്ക്കെത്തുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു.

ടോയോട്ടയായും മാരുതിയായും

ടൊയോട്ട-സുസുക്കി സഖ്യം 2017-ല്‍ ആരംഭിച്ചതു മുതല്‍ നിരവധി മോഡലുകള്‍ ഈ കൂട്ടുകെട്ടില്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. സുസുക്കി നിര്‍മ്മിച്ച വാഹനങ്ങളായ വിറ്റാര ബ്രെസ്സ, ബലേനോ എന്നിവ ക്രോസ്-ബാഡ്ജ് ചെയ്ത് ഇന്ത്യയില്‍ യഥാക്രമം ടൊയോട്ട അര്‍ബന്‍ ക്രൂയിസറായും ഗ്ലാന്‍സയായും വിറ്റഴിച്ചു. ഇപ്പോള്‍ ഏറ്റവും പുതിയ ബലേനോ, സിയാസ്, എര്‍ട്ടിഗ, സെലേറിയോ എന്നിവ പോലും ദക്ഷിണാഫ്രിക്കയും മിഡില്‍ ഈസ്റ്റും ഉള്‍പ്പെടെ ചില വിപണികളില്‍ ടൊയോട്ടയുടേതായി വില്‍ക്കുന്നു.

വരാനിരിക്കുന്ന പുതിയ എംപിവി മാരുതി സുസുക്കിക്കായി റീബാഡ്ജ് ചെയ്യുകയും നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ ഇന്ത്യയില്‍ വില്‍ക്കുകയും ചെയ്യുന്ന ആദ്യത്തെ ടൊയോട്ട ഉല്‍പ്പന്നമായിരിക്കും. യൂറോപ്പില്‍ രണ്ട് ടൊയോട്ട മോഡലുകളായ റാവ്-4 (RAV-4), കൊറോള വാഗണ്‍ എന്നിവ യഥാക്രമം എ-ക്രോസ്, സ്വേയ്‌സ് എന്നിങ്ങനെ സുസുക്കിയുടേതായി വില്‍ക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it