

രാജ്യത്തെ ഇന്ധന പമ്പുകളില്‍ വാഹന പരിപാലന സേവനങ്ങള്‍ ഒരുക്കുന്നതിനായി മാരുതി സുസൂകിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ധാരണയായി. ഇന്ത്യന്‍ ഓയിലിന്റെ തെരഞ്ഞെടുത്ത ഇന്ധന റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ മാരുതിയുടെ വാഹന സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഈ സേവന കേന്ദ്രങ്ങളിലൂടെ സാധാരണ മെയിന്റനന്‍സ് ജോലികള്‍, ചെറിയ അറ്റകുറ്റ പണികള്‍, പരിശോധനകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനാണ് ലക്ഷ്യം. ഇന്ധനം നിറയ്ക്കുന്നതിനൊപ്പം തന്നെ വാഹന പരിപാലനവും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്.
ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന മാരുതിയുടെ സേവന ശൃംഖലയും, ഇന്ത്യന്‍ ഓയിലിന്റെ വിശാലമായ ഇന്ധന പമ്പ് നെറ്റ് വര്‍ക്കും സംയോജിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ആഫ്റ്റര്‍-സെയില്‍സ് അനുഭവം ഉറപ്പാക്കാനാകുമെന്ന് കമ്പനികള്‍ വിലയിരുത്തുന്നു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികളാണ് ഈ കൂട്ടായ്മയിലൂടെ തുറക്കുന്നതെന്ന് മാരുതി സുസൂക്കി വ്യക്തമാക്കി. ഇന്ധന പമ്പുകളെ മള്‍ട്ടി-സര്‍വീസ് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഇന്ത്യന്‍ ഓയിലിന്റെ ദീര്‍ഘകാല പദ്ധതികളുടെയും ഭാഗമാണ് ഈ നീക്കം.
പൂര്‍ണതോതിലുള്ള സര്‍വീസ് സെന്ററുകള്‍ അല്ല, മറിച്ച് വേഗത്തില്‍ സേവനം നല്‍കുന്ന ലഘു പരിപാലന രീതിയിലാണ് പ്രവര്‍ത്തിക്കുക. എഞ്ചിന്‍ ഓയില്‍, കൂളന്റ്, ബ്രേക്ക് ഫ്‌ലൂയിഡ് മാറ്റല്‍, ഫില്‍ട്ടര്‍ (എയര്‍, ഓയില്‍) മാറ്റല്‍, ബാറ്ററി പരിശോധന / മാറ്റം, ടയറിന്റെ പ്രഷര്‍ ചെക്ക്, ചെറിയ അലൈന്‍മെന്റ് പരിശോധന, ലൈറ്റുകള്‍, വൈപ്പറുകള്‍, ഫ്യൂസ് തുടങ്ങിയ ചെറുഭാഗങ്ങളുടെ മാറ്റം, അടിസ്ഥാന വാഹന ഹെല്‍ത്ത് ചെക്ക് (OBD സ്‌കാന്‍ ഉള്‍പ്പെടെ) എന്നിവ ലഭ്യമാകും. വലിയ റിപ്പയറുകള്‍, ഡെന്റിങ്‌പെയിന്റിംഗ്, എഞ്ചിന്‍ ഓവര്‍ഹോള്‍ പോലുള്ള ജോലികള്‍ ഇവിടെ നടത്തില്ല.
ഫ്യൂവല്‍ ഡിസ്‌പെന്‍സിംഗ് ഏരിയയില്‍ നിന്ന് പൂര്‍ണമായും വേര്‍തിരിച്ച സുരക്ഷിത സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. നിലവിലുള്ള പമ്പുകളുടെ ലേഔട്ട് മാറ്റാതെ, ലഭ്യമായ അധിക സ്ഥലത്താണ് ഒരുക്കുക. വേഗത്തില്‍ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. ഇന്ധനം നിറയ്ക്കുന്ന സമയത്തോടൊപ്പം തന്നെ പല ജോലികളും പൂര്‍ത്തിയാക്കാം എന്നതാണ് ആശയം. മാരുതിയുടെ സ്റ്റാന്‍ഡേര്‍ഡ് സര്‍വീസ് നിരക്കുകളാണ് ബാധകമാകുക. ഡീലര്‍ഷിപ്പ് സര്‍വീസ് സെന്ററുകളെക്കാള്‍ അധിക നിരക്ക് ഉണ്ടാകില്ല. ചില ഇടങ്ങളില്‍ പ്രാരംഭ ഓഫര്‍ ലഭിച്ചെന്നൂം വരാം.
പരിശീലനം നേടിയ മാരുതിയുടെ ടെക്‌നീഷ്യന്മാര്‍. മാരുതി അംഗീകരിച്ച ഉപകരണങ്ങളും സ്പെയര്‍ പാര്‍ട്സും മാത്രം. ഡിജിറ്റല്‍ സര്‍വീസ് റെക്കോര്‍ഡ് മാരുതി സിസ്റ്റത്തിലേക്ക് തന്നെ അപ്ഡേറ്റ് ചെയ്യും. മുന്‍കൂട്ടി ബുക്ക് ചെയ്‌തോ അല്ലാതെയോ സേവനങ്ങള്‍ ലഭ്യമാക്കാം. സമയം ലാഭിക്കാമെന്നത് നേട്ടം. ചെറിയ സര്‍വീസിനായി ദൂരെ സര്‍വീസ് സെന്ററുകളിലേക്ക് പോകേണ്ടതില്ല. ഹൈവേ യാത്രക്കിടെ തന്നെ വാഹന പരിപാലനം. ഇന്ധന പമ്പുകളെ വിവിധോദ്ദേശ ഉപയോക്തൃ കേന്ദ്രമാക്കി മാറ്റുകയും ലക്ഷ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine