ഓഫ് റോഡില്‍ തിളങ്ങാന്‍ മാരുതി ജിംനി എത്തി; ഥാറിന് വെല്ലുവിളിയോ

മാരുതിയുടെ ഏറെ കാത്തിരുന്ന എസ്.യു.വിയായ മാരുതി സുസുക്കി ജിംനി 5 ഡോര്‍ (Maruti Suzuki Jimny) ഔദ്യോഗികമായി പുറത്തിറക്കി. 12.74 ലക്ഷം രൂപ മുതല്‍ 15.05 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ് ഷോറൂം വില വരുന്നത്. ലോകമെമ്പാടും പല രാജ്യങ്ങളിലായി 32 ലക്ഷത്തിലധികം ജിംനി യൂണിറ്റുകള്‍ ഇതിനോടകം വിറ്റഴിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ മൂന്ന് ഡോറുള്ള വാഹനമായി എത്തിയ ജിംനി ഇതാദ്യമായാണ് അഞ്ച് ഡോറുള്ള പതിപ്പ് പുറത്തിറക്കുന്നത്.ഓഫ് റോഡില്‍ തിളങ്ങുന്ന മഹീന്ദ്ര ഥാറിന് ജിംനി വെല്ലുവിളിയായേക്കും.

പ്രത്യേകതകള്‍

സീറ്റ മാനുവല്‍, ആല്‍ഫ മാനുവല്‍, ആല്‍ഫ മാനുവല്‍ ഡ്യുവല്‍-ടോണ്‍, സീറ്റ ഓട്ടോമാറ്റിക്, ആല്‍ഫ ഓട്ടോമാറ്റിക്, ആല്‍ഫ ഓട്ടോമാറ്റിക് ഡ്യുവല്‍-ടോണ്‍ എന്നിങ്ങനെ ആറ് വ്യത്യസ്ത വേരിയന്റുകളില്‍ വാഹനം സ്വന്തമാക്കാനാവും. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ജിംനി വരുന്നത്. ഈ എഞ്ചിന്‍ ഏകദേശം 105 bhp കരുത്തില്‍ ഏതാണ്ട് 134 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് 33,550 രൂപ പ്രതിമാസ ഫീസായി മാരുതിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വഴി ജിംനി വാങ്ങാം. മാനുവല്‍ വേരിയന്റിന് 16.94kpl ഇന്ധനക്ഷമതയാണുള്ളത്. അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് 16.39kpl മൈലേജ് നല്‍കുന്നു. സുസുക്കിയുടെ ഓള്‍ഗ്രിപ് പ്രോ 4WD സിസ്റ്റം ജിംനിക്കുണ്ട്. ഇത് എവിടെയും സഞ്ചരിക്കാന്‍ സഹായിക്കുന്നു.

ഓട്ടോമാറ്റിക് എല്‍.ഇ.ഡി (LED) ഹെഡ്ലാമ്പുകള്‍, 9.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ+ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി ആന്‍ഡ് ഗോ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും ഉള്‍പ്പെടുന്നു. ആറ് എയര്‍ബാഗുകള്‍, ഇ.എസ്.പി, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് ഓഫ് റോഡ് എസ്.യു.വിയായ ജിംനി വരുന്നത്.

വലിയ സ്വാധീനം ചെലുത്തും

മാരുതി സുസുക്കി ജിംനി ആറ് വേരിയന്റുകളിലായാണ് എത്തിയിരുക്കുന്നത്. ഇതിന്റെ സെറ്റ മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിന്റിന് 12.74 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതിന്റെ ഹൈ എന്‍ഡ് മോഡലായ ആല്‍ഫ ഓട്ടോമാറ്റിക്ക് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് 15.05 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയിലാണ് വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കമ്പനിയുടെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യത്തില്‍ ജിംനി വലിയ സ്വാധീനം ചെലുത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ (എം.എസ്.ഐ) സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 960 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it