എസ്-ക്രോസിന് പകരം ടൊയോട്ടയുമായി ചേര്‍ന്ന് മാരുതിയുടെ പുതിയ എസ്‌യുവി
മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ്ഓവര്‍ എസ്-ക്രോസ് നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചേക്കും. എസ്-ക്രോസിന് പകരം പുതിയ എസ്‌യുവി മാരുതി അവതരിപ്പിക്കും. ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന YFG (code name) ആവും എസ്-ക്രോസിന് പകരക്കാരനായി എത്തുന്നത്. ഹ്യൂണ്ടായി ക്രെറ്റയോടാവും മാരുതിയുടെ എസ്‌യുവി മത്സരിക്കുക.
എന്നാല്‍ എസ്-ക്രോസ് പിന്‍വലിക്കുന്നതിനെ കുറിച്ച് ഇതുവരെ മാരുതി ഔദ്യോഗികമായ സ്ഥീരികരണം നല്‍കിയിട്ടില്ല. 2015ല്‍ ആണ് നെക്‌സ ഷോറൂമുകള്‍ വഴി മാരുതി എസ്-ക്രോസ് പുറത്തിറക്കിയത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ ഏകദേശം 165,000 യൂണീറ്റ് എസ്-ക്രോസുകളാണ് മാരുതി വിറ്റത്. ശരാശരി, പ്രതിമാസം വിറ്റുപോവുന്നത് 2000 യൂണീറ്റുകളാണ്. അതേ സമയം 2015ല്‍ തന്നെ ഇന്ത്യയിലെത്തിയ ഹ്യൂണ്ടായി ക്രെറ്റ നേടിയത് 700,000 യൂണീറ്റുകളോളം വില്‍പ്പനയാണ്.
ഇന്ത്യന്‍ വിപണിയിലെ മാറുന്ന ട്രെന്‍ഡ്
രാജ്യത്ത് എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് കാറുകളുടെ വിപണി കുറയുകയാണ്. 2018-19 സാമ്പത്തിക വര്‍ഷം 13.6 ശതമാനം ആയിരുന്നു എന്‍ട്രി മോഡലുകളുടെ വിപണി വിഹിതം. മാരുതി സുസുക്കി ഓള്‍ട്ടോ,റെനോ ക്വിഡ്, ഹ്യൂണ്ടായി ഇയോണ്‍. പഴയ മോഡല്‍ വാഗണ്‍-ആര്‍, ടാറ്റ നാനോ എന്നിവയായിരുന്നു ഈ വിഭാഗത്തില്‍ വിറ്റത്. അതില്‍ ഇയോണ്‍, നാനോ, വാഗണ്‍ആര്‍(പഴയ മോഡല്‍) എന്നവ ഉല്‍പ്പാദനം നിര്‍ത്തി. മാരുതി ട-പ്രെസ്സോ എന്ന പേരില്‍ പുതിയ എന്‍ട്രിലെവല്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു.
2019-20ല്‍ ഈ വിഭാഗത്തിലെ വാഹനങ്ങളുടെ വിപണി വിഹിതം 10.6 ശതമാനം ആയും 2020-21ല്‍ 9.8 ശതമാനം ആയും ഇടിഞ്ഞു. വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതും സ്റ്റേറ്റസ് സിംബല്‍ എന്ന നിലയില്‍ കാറുകള്‍ നല്‍കുന്ന മതിപ്പും ആദ്യമായി വാഹനം എടുക്കുന്ന ആളുകളെപ്പോലും എന്‍ട്രി ലെവല്‍ മോഡലുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍.