എക്കാലത്തെയും ഉയര്‍ന്ന ലാഭം നേടി മാരുതി; റെക്കോഡ് നിലയില്‍ ഓഹരികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായ മാരുതി സുസുക്കി സെപ്റ്റംബര്‍ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയും അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് നിലയിലെത്തി. കമ്പനിയുടെ ഓഹരി വില വ്യാപാരത്തിനിടെ 10,846.10 രൂപ എന്ന റെക്കോര്‍ഡ് എത്തുകയും പിന്നീട് 10,536.50 രൂപയില്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഈ പാദത്തില്‍ 552,055 കാറുകളാണ് മാരുതി വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ 482,731 വാഹനങ്ങള്‍ വില്‍ക്കുകയും 69,324 കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.

സെപ്റ്റംബര്‍ പാദത്തില്‍

ഉയര്‍ന്ന വില്‍പ്പന നടന്നതോടെ സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 28,543 കോടി രൂപയില്‍ നിന്ന് 35,535 കോടി രൂപയായി. കമ്പനി അവലോകന പാദത്തില്‍ 3,716.5 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായമായ 2,061.5 കോടി രൂപയില്‍ നിന്ന് ഇത് 80.28% ഉയര്‍ന്നു. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭമായ എബിറ്റ്ഡ 2.8% ഉയര്‍ന്ന് 4,784 കോടി രൂപയായി. പുതിയ എസ്.യു.വികളുടെ വരവും, ചെറിയ കാറുകള്‍ക്കുണ്ടായ വിലക്കിഴിവുകളുമാണ് മികച്ച് വില്‍പ്പനയ്ക്ക് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.

Related Articles
Next Story
Videos
Share it