25 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ ജനപ്രിയ മോഡല്‍

രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ആകര്‍ഷണീയ മോഡലായ സിഫ്റ്റിന്റെ വില്‍പ്പന 25 ലക്ഷം കടന്നു. കമ്പനിയുടെ മുന്‍നിര മോഡലായ സിയാസിന്റെ വില്‍പ്പന മൂന്ന് ലക്ഷം കടന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വിഫ്റ്റ് 25 ലക്ഷം നാഴികക്കല്ല് പിന്നിട്ടതായി കമ്പനി വ്യക്തമാക്കിയത്. 16 വര്‍ഷത്തിനുള്ളിലാണ് മാരുതി സ്വിഫ്റ്റ് ഈ നേട്ടം സ്വന്തമാക്കിയത്. 2020നുള്ളില്‍ 22 ലക്ഷം വില്‍പ്പന നേടിയ സ്വിഫ്റ്റ് മോഡല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 25 ലക്ഷമെന്ന നാഴികക്കല്ല് തൊട്ടു. 2004 ല്‍ ഒരു ഓട്ടോ എക്‌സ്‌പോയിലാണ് കണ്‍സെപ്റ്റ് എസ്' എന്ന ആശയ രൂപത്തില്‍ സ്വിഫ്റ്റിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ബി+ ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കുള്ള കാല്‍വയ്പ്പിനായിരുന്നു മാരുതി അന്ന് തുടക്കമിട്ടത്. ഹ്യുണ്ടായ് ഗെറ്റ്‌സായിരുന്നു അന്ന് ഈ സെഗ്‌മെന്റില്‍ വിപണിയിലുണ്ടായിരുന്നുത്.

മൂന്ന് തലമുറകളിലായി അവതരിപ്പിക്കപ്പെട്ട സ്വിഫ്റ്റ് മാരുതിയുടെ വില്‍പ്പനയില്‍ പ്രധാന പങ്കാളിത്തം വഹിക്കുന്നുണ്ട്. 2020 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും ഈ മോഡലാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,72,671 യൂണിറ്റ്, 2020 ല്‍ 1,87,916 യൂണിറ്റ്, 2018 ല്‍ 1,75,928 യൂണിറ്റ് എന്നിങ്ങനെയാണ് ഈ ജനപ്രിയ മോഡലിന്റെ വില്‍പ്പന. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ 61,482 യൂണിറ്റുകളുടെ വില്‍പ്പനയും കൈവരിച്ചു.

നിലവില്‍, 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ഗിയര്‍ബോക്സുമായാണ് വാഹനം പുറത്തിറങ്ങുന്നത്. 90 എച്ച്പി, 113 എന്‍എം 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റിന് കരുത്ത് പകരുന്നത്. ഇതിന് മാനുവല്‍ പതിപ്പില്‍ 23.20 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് പതിപ്പില്‍ 23.76 ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.

Related Articles
Next Story
Videos
Share it